local body election 2025
സൈന്‍ പ്രിന്റിംഗ് മേഖലക്ക് തിരഞ്ഞെടുപ്പ് ചാകര; ഇനി പണമൊഴുക്ക് കാലം
ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തേക്കാള്‍ സൈന്‍ പ്രിന്റിംഗ് വ്യവസായ മേഖലക്ക് ഗുണകരമാകുന്നത് തദ്ദേശ തിരഞ്ഞെടുപ്പിലാണ്.
പാലക്കാട് | തദ്ദേശ തിരഞ്ഞെടുപ്പ് വന്നതോടെ തിരക്കിലമര്‍ന്ന് സൈന്‍ പ്രിന്റിംഗ് മേഖലയും. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തേക്കാള്‍ സൈന്‍ പ്രിന്റിംഗ് വ്യവസായ മേഖലക്ക് ഗുണകരമാകുന്നത് തദ്ദേശ തിരഞ്ഞെടുപ്പിലാണ്. മത്സരിക്കുന്നവരുടെ എണ്ണക്കൂടുതലാണ് ഇതിന് കാരണമെന്നാണ് സ്ഥാപന ഉടമകള്‍ പറയുന്നത്.
പ്ലാസ്റ്റിക്കില്‍ നിന്ന് തുണിയിലേക്കും കോട്ടണ്‍, പി വി ഇ മെറ്റീരിയലുകളിലേക്കും പ്രിന്റിംഗ് മാറി. ഒരു ചതുരശ്രയടി തുണിയില്‍ പ്രിന്റ് ചെയ്യുന്നതിന് 20 മുതല്‍ 24 രൂപ വരെയും ഫ്ലക്സില്‍ 16 മുതല്‍ 18 രൂപവരെയുമാണ് സാധാരണ നിരക്ക് ഈടാക്കുന്നത്. സ്ഥാപനങ്ങള്‍ക്കനുസരിച്ച് നിരക്കില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകും. കൂടുതല്‍ ഓര്‍ഡറുകള്‍ നല്‍കിയാല്‍ നിരക്കിളവുണ്ട്. ബോര്‍ഡുകള്‍ പലതും ഡിജിറ്റലൈസഡ് ആയിട്ടുണ്ട്.
ഗ്രാമീണ മേഖലകളില്‍ പഴയപോലെയുള്ള ബോര്‍ഡുകളാണെങ്കിലും നഗരങ്ങളില്‍ ഡിജിറ്റല്‍ ബോര്‍ഡുകള്‍ക്കാണ് ഡിമാന്‍ഡ് കൂടുതല്‍. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് അഞ്ച് മുതല്‍ പത്ത് ലക്ഷം രൂപ വരെ വരുമാനമാണ് ഓരോ പ്രിന്റിംഗ് സ്ഥാപനത്തിനും ലഭിച്ചത്. സംസ്ഥാനത്ത് 1,200ലേറെ പ്രിന്റിംഗ് യൂനിറ്റുകളുണ്ട്. ഇതില്‍ പത്ത് ശതമാനം മാത്രമാണ് വന്‍കിട യൂനിറ്റുകള്‍. ബാക്കി 90 ശതമാനവും ചെറുകിട, ഇടത്തരം യൂനിറ്റുകളാണ്. ഒരു ചെറിയ യൂനിറ്റിന് പോലും 20 മുതല്‍ 25 ലക്ഷം രൂപ വരെ ചെലവ് വരും. ടെക്‌നോളജി അടിക്കടി മാറുന്നതിനാല്‍ അതിനൊത്ത് നവീകരിക്കാന്‍ ഓരോ വര്‍ഷവും അധികനിക്ഷേപവും നടത്തണം.
പ്രിന്റിംഗ് യൂനിറ്റോ, മറ്റ് സൗകര്യങ്ങളോ ഇല്ലാത്ത ഇടനിലക്കാരുടെ വരവ് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതായും ഈ രംഗത്തുള്ളവര്‍ പറയുന്നു. ഇവന്റുകളുടെയും മറ്റും മൊത്തം പ്രിന്റിംഗ് കരാര്‍ ഏറ്റെടുക്കുന്ന ഇടനിലക്കാര്‍ വലിയ യൂനിറ്റുകളില്‍ നിന്ന് പ്രിന്റിംഗ് ചെയ്യിക്കുന്നു. ഇതുവഴി നാട്ടിൻപുറങ്ങളിലെ ഇടത്തരം പ്രിന്റിംഗ് യൂനിറ്റുകള്‍ക്ക് ജോലി ലഭിക്കാത്ത സ്ഥിതിയും വരുന്നുണ്ട്.
സൈന്‍ പ്രിന്റിംഗ് മേഖല നിലവില്‍ നില്‍ക്കുന്നത് ഫെസ്റ്റിവല്‍ സീസണുകളെ ആശ്രയിച്ചാണ്. ഇതിനിടെ വരുന്ന തിരഞ്ഞെടുപ്പുകാലമാണ് ഈ മേഖലക്ക് ഗുണകരമാകുന്നത്. എന്നാല്‍ യൂനിറ്റുകളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത ഇടനിലക്കാരുടെ വരവ് മേഖലക്ക് തിരിച്ചടിയാകുന്നതായും സൈന്‍ പ്രിന്റിംഗ് ഉടമകള്‍ അറിയിച്ചു.



