From the print
അസ്ഗറലി ഫൈസിയെ തിരിച്ചെടുക്കണമെന്ന് ജാമിഅ മാനേജ്‌മെന്റിനോട് ഇ കെ വിഭാഗം മുശാവറ

കോഴിക്കോട് | പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്ന് പുറത്താക്കിയ അസ്ഗറലി ഫൈസിയെ തിരിച്ചെടുക്കണമെന്ന് സ്ഥാപനത്തിന്റെ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ട് ഇ കെ വിഭാഗം മുശാവറ. ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് വിഷയം ചര്‍ച്ച ചെയ്തത്. പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ ബിദഈ കക്ഷികളുടെ പരിപാടികളില്‍ പങ്കെടുത്തതിനെ പരോക്ഷമായി വിമര്‍ശിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു അസ്ഗറലി ഫൈസിക്കെതിരെ ജാമിഅയുടെ നടപടി.
ഇതിനെതിരെ ഇ കെ വിഭാഗം പെരിന്തല്‍മണ്ണയില്‍ പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചിരുന്നു. പൈതൃക സമ്മേളനം നടത്തിയാണ് ലീഗ് പക്ഷം ഇതിന് മറുപടി നല്‍കിയത്. ഈ പശ്ചാത്തലം നിലനില്‍ക്കെയാണ് അസ്ഗറലി ഫൈസിയെ തിരിച്ചെടുക്കണമെന്ന് ഇ കെ വിഭാഗം മുശാവറ മാനേജ്‌മെന്റിനോട് നേരിട്ട് ആവശ്യപ്പെടുന്നത്. ഭരണഘടന പ്രകാരം ഇ കെ വിഭാഗം മുശാവറക്ക് കീഴിലുള്ള സ്ഥാപനമാണ് ജാമിഅ നൂരിയ്യ. മുശാവറ യോഗത്തില്‍ ഈ തീരുമാനത്തെ ബഹാഉദ്ദീന്‍ നദ്‌വി മാത്രമാണ് എതിര്‍ത്തത്.
കൂടാതെ, വാഫി- വഫിയ്യ വിഷയത്തില്‍ മധ്യസ്ഥര്‍ എടുത്ത ഒമ്പത് തീരുമാനങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് മധ്യസ്ഥരിലൊരാളായ സ്വാദിഖലി തങ്ങളോട് സംസാരിക്കാനും നടപ്പാക്കാന്‍ കഴിയില്ലെങ്കില്‍ ശ്രമങ്ങളില്‍ നിന്ന് ഒഴിയാനും ആവശ്യപ്പെടും. സുന്നി മഹല്ല് ഫെഡറേഷന്റെ കമ്മിറ്റി രൂപവത്കരണം സംബന്ധിച്ച് സംഘടനയുടെ നേതൃത്വത്തെ വിളിച്ച് നിര്‍ദേശം നല്‍കാനും മുശാവറ തീരുമാനിച്ചു. യോഗത്തില്‍ സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു.