From the print
ഇ കെ വിഭാഗം മഹല്ല് ഫെഡറേഷന്‍ പുനഃസംഘടന വിവാദത്തില്‍; മാന്വല്‍ അട്ടിമറിച്ചെന്ന്
മാന്വല്‍ അട്ടിമറിച്ച് ഒരു വിഭാഗം മഹല്ല് ഫെഡറേഷന്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം

കോഴിക്കോട് | ഇ കെ വിഭാഗം മഹല്ല് ഫെഡറേഷന്‍ പുനഃസംഘടന വിവാദത്തില്‍. മാന്വല്‍ അട്ടിമറിച്ച് ഒരു വിഭാഗം മഹല്ല് ഫെഡറേഷന്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം. ഇ കെ വിഭാഗം പോഷക ഘടകങ്ങളില്‍ മഹല്ല് ഭാരവാഹികളുടെ കൂട്ടായ്മയാണ് സുന്നി മഹല്ല് ഫെഡറേഷന്‍. മഹല്ല്, പഞ്ചായത്ത്, ജില്ല, സംസ്ഥാന ഘടകങ്ങളാണ് ഫെഡറേഷന്റെ സംവിധാനം. താഴെ തട്ടിലുള്ള മൂന്ന് ഘടകങ്ങളിലും തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം സംസ്ഥാന ഭാരവാഹി തിരഞ്ഞെടുപ്പ് ഈ മാസം 16നാണ് നടക്കുന്നത്.
ഇതിനിടെ പഞ്ചായത്ത്, ജില്ലാ ഘടകങ്ങള്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ സംഘടനയെ വരുതിയിലാക്കാന്‍ മുസ്‌ലിം ലീഗ് അനുകൂല പക്ഷം ശ്രമം നടത്തിയെന്നാണ് ആരോപണം. പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന റിട്ടേണിംഗ് ഓഫീസറായി സാധാരണ ഇ കെ വിഭാഗം സമസ്തയുടെ അധ്യക്ഷനെയാണ് നിയമിക്കാറുള്ളത്. എന്നാല്‍, ഇത്തവണ മുശാവറ അംഗം എം ടി അബ്ദുല്ല മുസ്‌ലിയാരാണ് റിട്ടേണിംഗ് ഓഫീസര്‍.
കൂടാതെ, പുനഃസംഘടനാ നിയമാവലി അടിമുടി മാറ്റിയിട്ടുണ്ട്. പഞ്ചായത്ത് ഘടകം നിലവില്‍ വരുമ്പോള്‍ ആ പരിധിയില്‍ താമസിക്കുന്ന അഞ്ച് പണ്ഡിതര്‍ ഉള്‍പ്പെടണമെന്ന നിബന്ധനയുണ്ടായിരുന്നു. കൂടാതെ, ഇ കെ വിഭാഗം സംഘടനകളായ എസ് വൈ എസ്, എസ് കെ എസ് എസ് എഫ്, റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ് ഇ എ, എസ് കെ ജെ ക്യു ഘടകങ്ങളില്‍ നിന്ന് അതത് കമ്മിറ്റി തിരഞ്ഞെടുത്ത് അയക്കുന്ന ഓരോ പ്രതിനിധികളെയും ഉള്‍പ്പെടുത്തണമെന്നുണ്ട്. ഇതിനെല്ലാം പുറമെ, പ്രധാന ഭാരവാഹികളായി പണ്ഡിതരെയാണ് തിരഞ്ഞെടുക്കാറുള്ളത്.
ഇത്തവണ ഈ നിബന്ധനകളെല്ലാം തകിടംമറിച്ചുകൊണ്ടായിരുന്നു താഴെത്തട്ടിലെ തിരഞ്ഞെടുപ്പെന്നാണ് പരാതി. പണ്ഡിതരെ ഉള്‍പ്പെടുത്തണമെന്ന് പുതിയ മാന്വലില്‍ പറയുന്നുണ്ടെങ്കിലും പല സ്ഥലങ്ങളിലും പ്രാവര്‍ത്തികമായില്ല. പോഷക സംഘടനാ പ്രതിനിധികളെയും ഉള്‍പ്പെടുത്തിയില്ല. ഈ പശ്ചാത്തലത്തിൽ ചില കീഴ്്ഘടകങ്ങള്‍ ഇ കെ വിഭാഗം മുശാവറക്ക് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്.
ഇ കെ വിഭാഗം പോഷക സംഘടനകളില്‍ മുസ്‌ലിം ലീഗ് പക്ഷത്തിന് സുന്നി മഹല്ല് ഫെഡറേഷനില്‍ കൂടുതല്‍ സ്വാധീനമുണ്ട്. ഇത് പൂര്‍ണമാക്കുകയാണ് ലീഗ് ലക്ഷ്യമെന്നാണ് ഔദ്യോഗിക പക്ഷം ആരോപിക്കുന്നത്.