Kerala
ഈന്ത് മരങ്ങള്‍ വംശനാശ വക്കില്‍; ഇടപെടല്‍ ആവശ്യപ്പെട്ട് എസ് വൈ എസ്
കൃഷി വകുപ്പിനും മുഖ്യമന്ത്രിക്കും നിവേദനം നല്‍കി

കോഴിക്കോട് | ഇലകളെല്ലാം വാടിക്കരിഞ്ഞു അപൂര്‍വ രോഗത്തിന് കീഴടങ്ങിക്കൊണ്ടിരിക്കുന്ന ഈന്ത് മരങ്ങളുടെ വംശനാശം തടയുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് എസ് വൈ എസ്. മലബാര്‍ മേഖലയില്‍, പ്രത്യേകിച്ചും ജില്ലയുടെ വടക്ക് ഭാഗങ്ങളില്‍ കൂടുതലായി കാണപ്പെടുന്ന ഈന്ത് മരങ്ങളെ സംരക്ഷിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കൃഷി വകുപ്പിനും മുഖ്യമന്ത്രിക്കും എസ് വൈ എസ് കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മിറ്റി നിവേദനം നല്‍കി. കൃഷിവകുപ്പുമായി സഹകരിച്ചു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് എസ് വൈ എസ് സാന്ത്വനം ടീം നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
സൈകാഡ് സ്‌കെയിലുകള്‍ അഥവാ ശല്‍ക്ക കീടങ്ങള്‍ എന്നറിയപ്പെടുന്ന ചെറിയ പ്രാണികള്‍ ഈന്തപ്പനയുടെ നീര് തിന്നും നശിപ്പിക്കുകയാണ് ചെയ്യുന്നത്. തത്ഫലമായി നീരുണങ്ങി ഓലകള്‍ കരിഞ്ഞുണങ്ങുന്നു. ഈന്ത് ഒരു വാണിജ്യവിള അല്ലാത്തതിനാല്‍ വലിയ കോലാഹലമോ ഈന്ത് സംരക്ഷണ ജാഥകളോ സംഘടിപ്പിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഈ നിസ്സംഗത തുടരുന്നത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ഔഷധവൃക്ഷത്തെ എന്നെന്നേക്കുമായി നശിപ്പിക്കും.
രോഗബാധിത മരങ്ങളുടെ ഇലകള്‍ മുറിച്ചെടുത്ത് തീയിട്ടും മരങ്ങളില്‍ സോപ്പ് ലായനി തളിച്ചുമെല്ലാം കീടങ്ങളെ ഒരു പരിധി വരെ തുരത്താന്‍ കഴിയുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ കാറ്റിലൂടെ അതിവേഗം പടരുന്ന രോഗത്തെ ഇങ്ങനെ ഒറ്റപ്പെട്ട പരിഹാരമാര്‍ഗങ്ങളിലൂടെ പ്രതിരോധിക്കാനാകില്ല. പകരം പ്രാദേശിക ഭരണകൂടങ്ങളോ കൃഷി വകുപ്പോ മുന്‍കൈയെടുത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും എസ് വൈ എസ് ആവശ്യപ്പെട്ടു.
ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് മുനീര്‍ സഖാഫി ഓര്‍ക്കാട്ടേരി അധ്യക്ഷത വഹിച്ചു. സാമൂഹികകാര്യ സെക്രട്ടറി അബ്്ദുല്ലത്വീഫ് വാളൂര്‍, സാന്ത്വനം സെക്രട്ടറി യൂസുഫ് ലത്വീഫി സംസാരിച്ചു. സി കെ റാശിദ് ബുഖാരി, കെ അബ്്ദുല്‍ ഹകീം കാപ്പാട് സംബന്ധിച്ചു. ടി കെ റിയാസ് സ്വാഗതവും ഫാറൂഖ് വാണിമേല്‍ നന്ദിയും പറഞ്ഞു.