Connect with us

Kerala

എട്ട് വയസ്സുകാരിയെ പിങ്ക് പോലീസ് അപമാനിച്ച സംഭവം; നഷ്ടപരിഹാരം നല്‍കേണ്ടതല്ലേയെന്ന് ഹൈക്കോടതി

പോലീസ് ഉദ്യോഗസ്ഥയാണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു

Published

|

Last Updated

കൊച്ചി | ആറ്റിങ്ങലില്‍ എട്ടുവയസുകാരിയെ പിങ്ക് പോലീസ് അപമാനിച്ച സംഭവത്തില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടതല്ലേ എന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് ഡിവിഷന്‍ ബഞ്ചിന്റെ ചോദ്യം. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥയാണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

വിഷയത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യത ഇല്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകള്‍ സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ഹര്‍ജി വേനലവധിക്ക് ശേഷം വിശദമായി വാദം കേള്‍ക്കാനായി മാറ്റി.

2021 ഓഗസ്റ്റ് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഐഎസ്ആര്‍ഒയിലേക്ക് കൂറ്റന്‍ യന്ത്ര സാമഗ്രികള്‍ കൊണ്ടുപോകുന്നത് കാണാന്‍ എത്തിയ തോന്നക്കല്‍ സ്വദേശി ജയചന്ദ്രനേയും മൂന്നാം ക്ലാസുകാരി മകളേയുമാണ് മോഷണം ആരോപിച്ച് ആറ്റിങ്ങല്‍ പിങ്ക് പോലീസിലെ ഉദ്യോഗസ്ഥയായിരുന്ന രജിത പരസ്യ വിചാരണ ചെയ്തത്. പിങ്ക് പോലീസ് വാഹനത്തില്‍ ഉണ്ടായിരുന്ന തന്റെ ഫോണ്‍ ജയചന്ദ്രന്‍ മോഷ്ടിച്ചെന്നായിരുന്നു ആരോപണം. മോഷ്ടിച്ച ഫോണ്‍ ജയചന്ദ്രന്‍ മകള്‍ക്ക് കൈമാറിയെന്നും രജിത ആരോപിച്ചു.

അര മണിക്കൂറോളം ഇല്ലാത്ത ഫോണ്‍ മോഷണത്തിന്റെ പേരില്‍ ജയചന്ദ്രനേയും മകളേയും രജിത പരസ്യ വിചാരണയ്ക്ക് വിധേയമാക്കിയെങ്കിലും പിന്നീട് കാണാതയ ഫോണ്‍ പോലിസ് വാഹനത്തില്‍ നിന്ന് തന്നെ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ സംഭവത്തില്‍ മാപ്പ് പറയാന്‍ പോലും പോലീസുകാരി തയ്യാറായില്ല.

സംഭവത്തിന്റെ വീഡിയോ വൈറലായതോടെ ബാലാവകാശ കമ്മീഷന്‍ കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. യുവാവ് നല്‍കിയ പരാതിയില്‍ ആറ്റിങ്ങല്‍ സി.ഐയും മൊഴി രേഖപ്പെടുത്തി. രജിതയെ പിന്നീട് 15 ദിവസത്തെ നല്ലനടപ്പ് പരിശീലനത്തിനായി കൊല്ലം സിറ്റിയിലേക്കു മാറ്റിയിരുന്നു.

 

Latest