Uae
അല്‍ മക്തൂം ടെര്‍മിനലില്‍ എട്ട് ചെറിയ വിമാനത്താവളങ്ങള്‍
വലിയ വിമാനത്താവളത്തിന്റെ സ്ഥലത്ത് എട്ട് ചെറിയ വിമാനത്താവളങ്ങള്‍ സൃഷ്ടിക്കുന്നത് ചെക്ക്-ഇന്‍ വളരെ ഒതുക്കമുള്ളതാക്കും.
ദുബൈ| പുതുതായി വരാനിരിക്കുന്ന അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളില്‍ എട്ട് ചെറിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് എയര്‍പോര്‍ട്ട് സി ഇ ഒ പോള്‍ ഗ്രിഫിത്ത്സ്. വലിയ വിമാനത്താവളത്തിന്റെ സ്ഥലത്ത് എട്ട് ചെറിയ വിമാനത്താവളങ്ങള്‍ സൃഷ്ടിക്കുന്നത് ചെക്ക്-ഇന്‍ വളരെ ഒതുക്കമുള്ളതാക്കും. യാത്രയുടെ ഭാവി ചര്‍ച്ച ചെയ്യുന്ന പരിപാടിയായ സ്‌കിഫ്റ്റ് ഗ്ലോബല്‍ ഫോറം ഈസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമാനങ്ങള്‍, ലോഞ്ചുകള്‍, റെസ്റ്റോറന്റുകള്‍, ഷോപ്പുകള്‍ എന്നിവ അടുപ്പമുള്ള സ്ഥലത്ത് ഒരുക്കുക എന്നതാണ് താന്‍ വിഭാവനം ചെയ്തതെന്ന് പോള്‍ പറഞ്ഞു. ഇതിലൂടെ യാത്രക്കാര്‍ക്ക് കൂടുതല്‍ സമയം ഷോപ്പിംഗും വിശ്രമവും നടത്താനാവും. രണ്ട് മണിക്കൂര്‍ നേരത്തെ വിമാനത്താവളങ്ങളില്‍ എത്തിച്ചേരുന്ന ആളുകള്‍ രണ്ട് മിനിറ്റ് കൊണ്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബാക്കി ഒരു മണിക്കൂര്‍ 58 മിനിറ്റ് കടകളിലും റെസ്റ്റോറന്റിലും ചെലവഴിക്കണമെന്നുമാണ് ആഗ്രഹം- അദ്ദേഹം പറഞ്ഞു. വിമാനത്താവളം പുതിയ ആപ്പ് പുറത്തിറക്കിയിട്ടുണ്ടെന്നും ഇത് യാത്രക്കാരെ അവരുടെ ഗേറ്റുകളിലേക്ക് നയിക്കുകയും വഴിയിലുള്ള കടകളും സേവനങ്ങളും ഏതൊക്കെയാണെന്ന് വ്യക്തമാക്കുകയും ചെയ്യും.
വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനരീതി വര്‍ഷങ്ങള്‍ പഴക്കമുള്ള പാരമ്പര്യ പ്രക്രിയകളില്‍ നിന്ന് മാറേണ്ടതുണ്ട്. കൂടുതല്‍ സാധനങ്ങള്‍ ഇടുന്നതിനെക്കുറിച്ചല്ല, മറിച്ച് സാധനങ്ങള്‍ എടുത്തുകളയുന്നതിനെക്കുറിച്ചാണ് ആലോചിക്കേണ്ടത്. തടസ്സങ്ങള്‍, ചെക്ക് ഇന്‍, ലഗേജ് പ്രശ്‌നങ്ങള്‍, പാസ്‌പോര്‍ട്ട് നിയന്ത്രണം, സുരക്ഷ എന്നിവയൊന്നും ഇല്ലാത്ത ഒരു എയര്‍പോര്‍ട്ട് ഭാവിയെക്കുറിച്ചുള്ള സ്വപ്നം കാണാന്‍ ആഗ്രഹിക്കുന്നു. ലഗേജുകളില്‍ പേപ്പര്‍ ടാഗുകള്‍ ഒട്ടിക്കേണ്ടത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. ലഗേജ് നിര്‍മാതാക്കള്‍ ഓരോ സ്യൂട്ട്കേസിലും ഐഡന്റിഫയര്‍ ബാര്‍കോഡ് മുന്‍കൂട്ടി പ്രിന്റ്‌ചെയ്താല്‍ പരിഹരിക്കാവുന്നതാണിത്. ആളുകള്‍ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ സ്വാഗതത്തെ അടിസ്ഥാനമാക്കി രാജ്യം എങ്ങനെയുള്ളതാണെന്ന് അവര്‍ക്ക് മതിപ്പ് ലഭിക്കും. അതിനാല്‍ ആകര്‍ഷകമായ നഗരം സൃഷ്ടിക്കാന്‍ താത്പര്യമുണ്ടെങ്കില്‍, അത് വിമാനത്താവളത്തില്‍ സൃഷ്ടിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.





