Connect with us

siraj editorial

പന്നിശല്യത്തിനെതിരെ ഫലപ്രദ നടപടി വേണം

കാട്ടുമൃഗ സംരക്ഷണത്തിന്റെ പേരില്‍ പന്നികളുടെ ജീവന് വന്‍ പ്രാധാന്യം നല്‍കുന്ന കേന്ദ്ര വനം വകുപ്പ് ഇവ മൂലം കര്‍ഷകരും നാട്ടുകാരും അനുഭവിക്കുന്ന അസഹ്യമായ പ്രയാസങ്ങളും നഷ്ടങ്ങളും കാണാതെ പോകരുത്.

Published

|

Last Updated

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം നിരസിച്ചിരിക്കുകയാണ് കേന്ദ്ര വനം വകുപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാട്ടുപന്നി ഉള്‍പ്പെടെയുള്ള വന്യജീവികളുടെ ആക്രമണം വര്‍ധിക്കുകയും കര്‍ഷകര്‍ക്ക് വന്‍തോതിലുള്ള നഷ്ടങ്ങള്‍ വരുത്തിവെക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തിങ്കളാഴ്ച വനം മന്ത്രി എ കെ ശശീന്ദ്രന്‍, കേന്ദ്ര വനം മന്ത്രി ഭൂപേന്ദര്‍ യാദവിനെ കണ്ട് കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് സാധാരണക്കാരായ കര്‍ഷകര്‍ക്ക് വെടിവെച്ചു കൊല്ലാന്‍ അനുമതി ആവശ്യപ്പെട്ടത്. ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നതിനാല്‍ അനുവദിക്കാനാകില്ല, കേരളം അനുഭവിക്കുന്ന കാട്ടുപന്നി പ്രശ്നങ്ങള്‍ പരിശോധിക്കാനും പഠിക്കാനുമായി ഉന്നതതല സംഘത്തെ അയക്കാമെന്നുമായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം. വന്യമൃഗ ശല്യം തടയുന്നതിനായി കേരളത്തിന് മറ്റെന്തെങ്കിലും സഹായം നല്‍കാനാകുമോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കാട്ടുപന്നികള്‍ വന്യജീവി സംരക്ഷണത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ നിലവില്‍ അവയെ വെടിവെച്ചു കൊല്ലുന്നതിന് കര്‍ശനമായ നിബന്ധനകളുണ്ട്. ജാഗ്രതാസമിതികള്‍ ചേര്‍ന്നു തീരുമാനിക്കുന്ന എംപാനല്‍ഡ് ചെയ്ത തോക്ക് ലൈസന്‍സുള്ള കര്‍ഷകര്‍ക്കേ കൊല്ലാന്‍ അനുമതിയുള്ളൂ. കൊന്ന ശേഷം വനം വകുപ്പിനെ അറിയിച്ച് മഹസര്‍ തയ്യാറാക്കണം. മറവു ചെയ്യുന്നതും വനംവകുപ്പ് അധികൃതരുടെ അനുമതിയോടെയായിരിക്കണം. നിയമത്തിലെ ഈ കാര്‍ക്കശ്യം മൂലം കര്‍ഷകര്‍ അവയെ വെടിവെച്ചു കൊല്ലാന്‍ ശ്രമിക്കാറില്ല. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ പട്ടിക മൂന്നില്‍ നിന്ന് പട്ടിക അഞ്ചിലേക്ക് മാറ്റി കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാല്‍ കര്‍ഷകര്‍ക്ക് കടുത്ത നടപടിക്രമങ്ങളില്ലാതെ വെടിവെച്ചു കൊല്ലാന്‍ സാധിക്കും. ഝാര്‍ഖണ്ഡ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഈ രീതിയില്‍ ഇളവുനല്‍കിയിട്ടുമുണ്ട്. ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് മുമ്പും കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും ചില കാര്യങ്ങളില്‍ വിശദീകരണം തേടി തിരിച്ചയക്കുകയായിരുന്നു കേന്ദ്രം. ഈ വിശദീകരണങ്ങള്‍ക്കൊപ്പം സംസ്ഥാനത്ത് കാട്ടുപന്നികള്‍ വരുത്തിവെച്ച നാശനഷ്ടങ്ങളുടെ കണക്കുകൂടി കാണിച്ചാണ് കഴിഞ്ഞ ദിവസം വനം മന്ത്രി കേന്ദ്രത്തെ സമീപിച്ചത്. എന്തുകൊണ്ടാണ് വന്യജീവികള്‍ കാടുവിട്ട് നാടുകളിലേക്ക് ഇറങ്ങുന്നത് എന്നതു സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തണമെന്നും തദടിസ്ഥാനത്തില്‍ വന്യ ജീവികള്‍ക്ക് കാട്ടില്‍ തന്നെ കഴിയാനുള്ള അന്തരീക്ഷം സൃഷ്ടിക്കണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെടുകയുണ്ടായി.
പൂര്‍വോപരി രൂക്ഷവും വ്യാപകവുമാണ് ഇപ്പോള്‍ സംസ്ഥാനത്ത് കാട്ടുപന്നി ശല്യം. നേരത്തേ മലയോര മേഖലയിലായിരുന്നു പന്നികള്‍ ഇറങ്ങുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ നഗര മേഖലകളില്‍ കൂടി ഇറങ്ങി വരുന്നു. മുമ്പെങ്ങുമില്ലാത്ത വിധം കൂട്ടത്തോടെയാണ് ഇവ ഇറങ്ങുന്നത്. കുറ്റിക്കാടുകളും ആള്‍പാര്‍പ്പില്ലാത്ത ഉള്‍പ്രദേശങ്ങളുമാണ് പന്നികളുടെ ആവാസ കേന്ദ്രമെങ്കിലും രാത്രികാലങ്ങളില്‍ തീറ്റ തേടി നാടുകളിലെ കൃഷിയിടങ്ങളിലേക്കിറങ്ങുകയും എല്ലായിനം വിളകളും ഒരുപോലെ നശിപ്പിക്കുകയും ചെയ്യുന്നു. തേറ്റകള്‍ ഉപയോഗിച്ച് വിളകള്‍ പിഴുതെടുത്ത് ചവിട്ടി നശിപ്പിക്കുകയാണ് ചെയ്യുന്നത്. കാടുവെട്ടിത്തെളിച്ചും പ്രതികൂല കാലാവസ്ഥയോടു പോരാടിയും ലോണെടുത്തുമാണ് കര്‍ഷകരില്‍ നല്ലൊരു പങ്കും വിളയിറക്കുന്നത്. കഷ്ടപ്പെട്ടുണ്ടാക്കിയ വിളകളെല്ലാം ഒറ്റ രാത്രി കൊണ്ട് ഇവ നശിപ്പിക്കുകയാണ്. നേരത്തേ രാത്രികാലങ്ങളില്‍ കൃഷിയിടങ്ങളില്‍ ആളുകള്‍ കാവല്‍ കിടക്കുന്നത് പതിവായിരുന്നു. പന്നികള്‍ കൂട്ടത്തോടെ ഇറങ്ങി ഇവരെയും അക്രമിക്കാന്‍ തുടങ്ങിയതോടെ കാവല്‍ കിടപ്പ് അവസാനിച്ചു. വാഹന യാത്രക്കാര്‍ക്കും ഇവ പ്രയാസം സൃഷ്ടിക്കാറുണ്ട്. കൃഷിസ്ഥലങ്ങളിലേക്കുള്ള യാത്രാമധ്യേ റോഡിലിറങ്ങുന്ന പന്നികളുമായി കൂട്ടിയിടിച്ച് ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. കോഴിക്കോട് താമരശ്ശേരിയില്‍ ഒരു മാസം മുമ്പ് ബാര്‍ബര്‍ തൊഴിലാളിയുടെ വീട്ടില്‍ കടന്ന് സോഫയും ബെഡും കുത്തിക്കീറി നശിപ്പിക്കുകയുണ്ടായി പന്നികള്‍. വിവരമറിഞ്ഞ് അയല്‍വീട്ടുകാര്‍ എത്തി പന്നികളെ വിരട്ടിയോടിച്ചതു കൊണ്ടാണ് വീട്ടിനകത്തുണ്ടായിരുന്ന കുട്ടികള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.

വെടിവെച്ചു കൊല്ലാതെ കാര്‍ഷിക മേഖലകളില്‍ നിന്ന് ഇവയെ അകറ്റാന്‍ പടക്കം പൊട്ടിക്കുക, തുണി കൊണ്ടും തകര കൊണ്ടും മറ്റും വേലി കെട്ടുക തുടങ്ങിയ പല മാര്‍ഗങ്ങളും കര്‍ഷകര്‍ പരീക്ഷിക്കാറുണ്ടെങ്കിലും ഇതെല്ലാം തകര്‍ത്ത് അകത്തു കയറുന്നു പന്നികള്‍. അവസാനം കൃഷി തന്നെ വേണ്ടെന്നു വെക്കുകയാണ് കര്‍ഷകരില്‍ പലരും. മികച്ച കര്‍ഷകനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ കോഴിക്കോട് കോടഞ്ചേരി സ്വദേശി തമ്പി വരെയുണ്ട് പന്നിശല്യത്തെ തുടര്‍ന്ന് കൃഷി നിര്‍ത്തിയവരില്‍. അഞ്ച് വര്‍ഷത്തിനുള്ളില്‍ കാട്ടുപന്നി ആക്രമണത്തില്‍ കൃഷിനാശം സംഭവിച്ച 10,335 സംഭവമുണ്ടായെന്നും നാല് പേര്‍ മരണപ്പെട്ടെന്നുമാണ് മന്ത്രി എ കെ ശശീന്ദ്രന്‍ കേന്ദ്രത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കാണിച്ചത്. വനം വകുപ്പ് 5.54 കോടി രൂപ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കിയതായും അദ്ദേഹം അറിയിച്ചു. ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ പരാതി ലഭിച്ച കേസുകളെ ആധാരമാക്കിയാണ് മന്ത്രി ഈ കണക്കുകള്‍ നിരത്തിയത്. യഥാര്‍ഥ നാശനഷ്ടങ്ങള്‍ ഇതിനേക്കാള്‍ കൂടുതലാണ്. ചെറിയ നാശനഷ്ടങ്ങളൊന്നും പലരും റിപ്പോര്‍ട്ട് ചെയ്യുകയോ പരാതിപ്പെടുകയോ ചെയ്യാറില്ല. കൃഷിനാശത്തിന് നഷ്ടപരിഹാരം നല്‍കാന്‍ വനം വകുപ്പ് ബാധ്യസ്ഥമാണെങ്കിലും നാമമാത്രമാണ് കര്‍ഷകര്‍ക്കു ലഭ്യമാകുന്ന നഷ്ടപരിഹാരം.
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുകയും കര്‍ഷകര്‍ക്കും നാട്ടുകാര്‍ക്കും വെടിവെച്ചു കൊല്ലാന്‍ അനുമതി നല്‍കുകയും ചെയ്താല്‍, ഈ ഇളവ് ദുരുപയോഗം ചെയ്യുമെന്ന ആശങ്കയായിരിക്കാം കേരളത്തിന്റെ ആവശ്യത്തോട് കേന്ദ്രം പുറംതിരിഞ്ഞു നില്‍ക്കാന്‍ കാരണം. എന്നാല്‍ കാട്ടുമൃഗ സംരക്ഷണത്തിന്റെ പേരില്‍ പന്നികളുടെ ജീവന് വന്‍ പ്രാധാന്യം നല്‍കുന്ന കേന്ദ്ര വനം വകുപ്പ് ഇവ മൂലം കര്‍ഷകരും നാട്ടുകാരും അനുഭവിക്കുന്ന അസഹ്യമായ പ്രയാസങ്ങളും നഷ്ടങ്ങളും കാണാതെ പോകരുത്. ഇക്കാര്യത്തില്‍ സംസ്ഥാനവുമായി ചര്‍ച്ച നടത്തി ഉടനടി ഫലപ്രദമായ നടപടി കൈക്കൊള്ളാന്‍ കേന്ദ്രം സന്നദ്ധമാകേണ്ടതാണ്.

---- facebook comment plugin here -----

Latest