Connect with us

afghan earthquake

ഭൂചലനം: കണ്ണീരണിഞ്ഞ് അഫ്ഗാൻ; കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

വളരെ അപര്യാപ്തമായ ചികിത്സാ സൗകര്യങ്ങളുള്ള ഒരു രാജ്യത്ത്, പരിക്കേറ്റവരെ ശുശ്രൂഷിക്കാൻ ആശുപത്രികളും പാടുപെടുകയാണ്. 465 വീടുകളെങ്കിലും ഭൂചലനത്തിൽ തകർന്നടിഞ്ഞതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടുകൾ പറയുന്നു.

Published

|

Last Updated

കാബൂൾ | അഫ്ഗാനിസ്ഥാനിൽ ശനിയാഴ്ചയുണ്ടായ അതിശക്തമായ ഭൂചലനത്തിൽ തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ ഇപ്പോഴും നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആളുകളെ രക്ഷിക്കാനുള്ള ഓട്ടത്തിലാണ് അഫ്ഗാനിസ്ഥാനിലെ എമർജൻസി ടീമുകൾ. ഹെറാത്ത് പ്രവിശ്യയിലെ ഗ്രാമങ്ങളിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആയിരത്തിലധികം ആളുകൾ മരിച്ചതായാണ് കണക്കുകൾ. നൂറുകണക്കിന് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.

ഭൂചലനത്തെ തുടർന്ന് വാർത്താവിനിമയ സംവിധാനങ്ങൾ തകരാറിലാവുകയും പല റോഡുകളും തടസ്സപ്പെടുകയും ചെയ്തതോടെ രക്ഷാപ്രവർത്തകർ ദൂരസ്ഥലങ്ങളിൽ എത്താൻ പാടുപെടുകയാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. അടിയന്തര സഹായമെത്തിക്കാൻ യുഎന്നും മറ്റ് സംഘടനകളും സജീവമായി രംഗത്തുണ്ട്. അഫ്ഗാൻ നഗരങ്ങളിൽ ഭൂകമ്പബാധിതർക്കായി സംഭാവന പെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. അവശിഷ്ടങ്ങളിൽ നിന്ന് രക്ഷപ്പെട്ടവരെ പുറത്തെടുക്കാൻ ഗ്രാമവാസികൾ ചട്ടുകങ്ങളും കൈകളും ഉപയോഗിച്ചുവരെ പരിശ്രമം നടത്തുകയാണ്. വീടുകൾ തകർന്നതോടെ രണ്ടാം രാത്രിയും തുറസ്സായ സ്ഥലത്ത് ഉറങ്ങാൻ ഒരുങ്ങുകയാണ് നിരവധി താമസക്കാർ.

വളരെ അപര്യാപ്തമായ ചികിത്സാ സൗകര്യങ്ങളുള്ള ഒരു രാജ്യത്ത്, പരിക്കേറ്റവരെ ശുശ്രൂഷിക്കാൻ ആശുപത്രികളും പാടുപെടുകയാണ്. ദുരന്ത ബാധിതർക്ക് ചികിത്സ ലഭ്യമാക്കാൻ പരമാവധി ശ്രമിക്കുന്നതായി ദുരന്തനിവാരണ മന്ത്രാലയ വക്താവ് മുല്ല ജനൻ സയേഖ് കാബൂളിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

465 വീടുകളെങ്കിലും ഭൂചലനത്തിൽ തകർന്നടിഞ്ഞതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടുകൾ പറയുന്നു. മണ്ണ് കൊണ്ട് നിർമിച്ച വീടുകളും കെട്ടിടങ്ങളുമാണ് തകർന്നടിഞ്ഞവയിൽ ഏറെയും. ആദ്യ കുലുക്കത്തിൽ തന്നെ എല്ലാ വീടുകളും തകർന്നടിഞ്ഞതായി ഹെറാത്ത് നിവാസിയായ ബഷീർ അഹ്മദ് ബിബിസിയോട് പറഞ്ഞു. പല വീടുകളിലും കഴിഞ്ഞിരുന്നവരെക്കുറിച്ച് ഇപ്പോഴും ഒരു വിവരവും ഇല്ലെന്നും അദ്ദേഹം പറയുന്നു.

ദുരന്തത്തിൽ കൃത്യമായ മരണസംഖ്യ ഇപ്പോഴും പുറത്തുവന്നിട്ടില്ല. അഫ്ഗാനിസ്ഥാനിലെ യുഎന്നിന്റെ മാനുഷിക കാര്യ ഓഫീസ് പറയുന്നതനുസരിച്ച് ആയിരത്തിലധികം ആളുകൾ കൊല്ലപ്പെടുകയും 500-ഓളം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ 2,000 പേർ കൊല്ലപ്പെട്ടതായി താലിബാൻ സർക്കാർ ഞായറാഴ്ച അറിയിച്ചിരുന്നു.

ശനിയാഴ്ച പ്രാദേശിക സമയം ഏകദേശം 11:00 മണിയോടെയാണ് ഹെറാത്ത് നഗരത്തിന് വടക്ക്-പടിഞ്ഞാറ് 40 കിലോമീറ്റർ അകലെ ഭൂചലനം ഉണ്ടായത്. ഇറാനിയൻ അതിർത്തിയിൽ നിന്ന് 120 കിലോമീറ്റർ കിഴക്കായാണ് ഹെറാത്ത് സ്ഥിതിചെയ്യുന്നത്. അഫ്ഗാനിസ്ഥാന്റെ സാംസ്കാരിക തലസ്ഥാനമായി ഈ പ്രദേശം കണക്കാക്കപ്പെടുന്നു. ഏകദേശം 1.9 ദശലക്ഷം ആളുകൾ പ്രവിശ്യയിൽ താമസിക്കുന്നുണ്ടെന്ന് കണക്കുകൾ.

Latest