UAE
സുരക്ഷാ രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ 'ഹൊറൈസണ്‍ എക്‌സ്'; പുതിയ പദ്ധതിയുമായി ദുബൈ പോലീസ്
നാളെയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പോലീസ് സേവനങ്ങളെ സജ്ജമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ദുബൈ | ഭാവിയിലെ വെല്ലുവിളികളും അവസരങ്ങളും മുന്‍കൂട്ടി കണ്ട് അത്യാധുനിക രീതിയിലുള്ള സുരക്ഷാ പ്രോജക്റ്റുകളാക്കി മാറ്റാന്‍ ‘ഹൊറൈസണ്‍ എക്‌സ്’ എന്ന പുതിയ പദ്ധതിയുമായി ദുബൈ പോലീസ്. നാളെയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് പോലീസ് സേവനങ്ങളെ സജ്ജമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ദുബൈ പോലീസിലെ ഫ്യൂച്ചര്‍ ഫോര്‍സൈറ്റ് സെന്ററിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. വിപണിയിലെയും സാങ്കേതികവിദ്യയിലെയും പുതിയ മാറ്റങ്ങള്‍ കണ്ടറിഞ്ഞ് അത് ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന പ്രായോഗിക പദ്ധതികളാക്കി മാറ്റാന്‍ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും ഡിപാര്‍ട്ട്‌മെന്റുകള്‍ക്കും പദ്ധതി വഴികാട്ടിയാകും.
ഭാവിയില്‍ വരാനിരിക്കുന്ന മാറ്റങ്ങളെ ഇന്നേ തിരിച്ചറിഞ്ഞ് അതിനുള്ള പരിഹാരങ്ങള്‍ കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് ഫ്യൂച്ചര്‍ ഫോര്‍സൈറ്റ് സെന്റര്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹംദാന്‍ അല്‍ ഗാസിയ പറഞ്ഞു. ദുബൈ ഫ്യൂച്ചര്‍ റെഡിനസ് ഇന്‍ഡക്സിന്റെ അഞ്ച് പ്രധാന തൂണുകളെ അടിസ്ഥാനമാക്കിയാണ് പദ്ധതി പ്രവര്‍ത്തിക്കുന്നത്.
പോലീസ് വിഭാഗത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും ലോകോത്തര സുരക്ഷാ മാതൃകകള്‍ വികസിപ്പിക്കാനും ഈ ഉദ്യമം സഹായിക്കുമെന്ന് ഫ്യൂച്ചര്‍ ഫോര്‍സൈറ്റ് സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ഉമര്‍ ഖലീഫ ബല്‍ ഉബൈദ വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി ദുബൈ പോലീസിലെ വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി പ്രത്യേക വര്‍ക്‌ഷോപ്പുകള്‍ സംഘടിപ്പിക്കും. ലഭിക്കുന്ന ആശയങ്ങളുടെ പ്രായോഗികതയും സുരക്ഷാ മേഖലയിലെ പ്രാധാന്യവും വിലയിരുത്തിയാകും പദ്ധതികള്‍ തിരഞ്ഞെടുക്കുക.
Content Highlights:
Dubai Police has launched Horizon X to transform emerging trends into practical policing solutions. Led by the Future Foresight Centre, it aims to enhance institutional readiness and security. The project relies on five key pillars of Dubai’s Future Readiness Index.



