Kerala
ചുരത്തില്‍ നിന്നു കൊക്കയിലേക്ക് ചാടിയ മയക്കുമരുന്നു കടത്തുകാരനെ പരിക്കുകളോടെ കണ്ടെത്തി
മലപ്പുറം നന്നമ്പ്ര സ്വദേശി ഷഫീക്കിനെയാണ് കണ്ടെത്തിയത്

കോഴിക്കോട് | താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ മയക്കുമരുന്നു കടത്തുകാരനെ കണ്ടെത്തത്തി. വൈത്തിരി ഓറിയന്റല്‍ കോളജിന് അടുത്ത് ഒളിച്ചു നില്‍ക്കുകയായിരുന്നു ഇയാള്‍.
പരിക്കുകളോടെ ഇറങ്ങിവന്ന ഇയാളെ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു.വാഹന പരിശോധനയ്ക്കിടെ പോലീസിനെ കണ്ട് കൊക്കയിലേക്ക് ചാടിയ മലപ്പുറം നന്നമ്പ്ര സ്വദേശി ഷഫീക്കിനെയാണ് കണ്ടെത്തിയത്. കസ്റ്റഡിയില്‍ എടുത്ത പോലീസ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇയാള്‍ ഉപേക്ഷിച്ച കാറില്‍ നടത്തിയ പരിശോധനയില്‍ പോലീസ് മയക്കുമരുന്ന് കണ്ടെത്തിയിരുന്നു. പ്രതിയുടെ ബന്ധുവിന്റെ കാറാണിത്. കാറില്‍ നിന്നു ലഭിച്ച ഫോണില്‍ നിന്നാണ് കൊക്കയിലേക്ക് ചാടിയ ആളെ തിരിച്ചറിഞ്ഞത്. ഇയാള്‍ നേരത്തെ മയക്കുമരുന്നു കേസില്‍ പിടിയിലായിട്ടുണ്ട്.
കാറില്‍ നിന്ന് മൂന്ന് പാക്കറ്റ് എം ഡി എം എ കണ്ടെത്തി. പോലീസും അഗ്‌നിരക്ഷാ സേനയും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് കൊക്കയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ചുരത്തില്‍ പോലീസ് പതിവ് വാഹന പരിശോധന നടത്തുന്നതിനിടെ പോലീസിനെ കണ്ട യുവാവ് വാഹനം നിര്‍ത്തി കൊക്കയിലേക്ക് എടുത്തുചാടുകയായിരുന്നു.