Connect with us

kafeel khan

ഡോ. കഫീല്‍ ഖാനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിരിച്ചുവിട്ടു

2017 മുതല്‍ സസ്‌പെന്‍ഷനിലായിരുന്നു അദ്ദേഹം.സസ്‌പെന്‍ഷന് എതിരായ നിയമപോരാട്ടം തുടരുന്നതിനിടെയാണ് പിരിച്ചുവിടല്‍ നടപടി. 

Published

|

Last Updated

ലക്‌നോ | ഘോരഗ്പൂരിലെ ബി ആര്‍ ഡി മെഡിക്കല്‍ കോളജില്‍ ഒക്‌സിജന്‍ കിട്ടാതെ നിരവധി കുട്ടികള്‍ മരിച്ച സംഭവത്തില്‍ കള്ളക്കേസില്‍ കുടുക്കി യുപി സര്‍ക്കാര്‍ ജയിലിലടച്ച ഡോ. കഫീല്‍ ഖാനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. 2017 മുതല്‍ സസ്‌പെന്‍ഷനിലായിരുന്നു അദ്ദേഹം. ആശുപത്രിയിലെ അനാസ്ഥക്ക് എതിരെ പ്രതികരിച്ചതിന്റെ പ്രതികാരനടപടിയായാണ് കഫീല്‍ഖാന് എതിരെ കേസെടുത്തത്. തുടര്‍ന്ന് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. സസ്‌പെന്‍ഷന് എതിരായ നിയമപോരാട്ടം തുടരുന്നതിനിടെയാണ് പിരിച്ചുവിടല്‍ നടപടി.

2017 ഓഗസ്റ്റിലാണ് ഗോരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് 60 ലധികം കുട്ടികള്‍ മരിക്കാനിടയായ ദാരുണ സംഭവമുണ്ടായത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ദുരന്തത്തിനിടയാക്കിയതെന്ന് കഫീല്‍ഖാന്‍ പരസ്യമായി പറഞ്ഞു. മാത്രവുമല്ല ഓക്‌സിജന്‍ കിട്ടാതെ പിടഞ്ഞ പിഞ്ചുമക്കള്‍ക്ക് സ്വന്തം ചെലവില്‍ ഓക്‌സിജന്‍ വാങ്ങിനല്‍കിയും കഫീല്‍ ഖാന്‍ ശ്രദ്ധ നേടി.

എന്നാല്‍ അധികൃതര്‍ ഇതിനോട് പ്രതികരിച്ചത് അതിക്രൂരമായാണ്. ഓക്‌സിജന്‍ ക്ഷാമത്തിന് എതിരെ പ്രതികരിച്ച കഫീല്‍ഖാനും മറ്റു ഒന്‍പത് പേര്‍ക്കുമെതിരെ കേസെടുത്ത ഭരണകൂടം കഫീല്‍ഖാനെ ജയിലിടക്കുകയും ചെയ്തു. പിന്നീട് നിയമപോരാട്ടത്തിനൊടുവില്‍ അലഹബാദ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന ജയില്‍ മോചിതനായ അദ്ദേഹം യുപിയില്‍ നിന്ന് രാജസ്ഥാനിലേക്ക് അഭയം തേടുകയായിരുന്നു.

പ്രിയങ്ക ഗാന്ധിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് താന്‍ ജയ്പൂരില്‍ എത്തിയതെന്നും ഇനിയും യുപിയില്‍ നിന്നാല്‍ തനിക്കെതെിര പുതിയ കള്ളക്കേസുകള്‍ ചുമത്തപ്പെടുമെന്നും കഫീല്‍ ഖാന്‍ പറഞ്ഞിരുന്നു. കൊവിഡ് പ്രതിസന്ധി കാലത്ത് തെരുവില്‍ ജനങ്ങള്‍ക്ക് വേണ്ടി കര്‍മനിരതനായിരുന്നു കഫീല്‍ ഖാന്‍. ഡോക്‌ടേഴ്‌സ് ഓണ്‍ റോഡ് എന്ന പേരില്‍ അദ്ദേഹം നടത്തിയ കൊവിഡ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു.

കഫീല്‍ഖാന് എതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. 2019 ഏപ്രില്‍ 15 ന് അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഡോ. കഫീല്‍ ഖാന്‍ നിരപരാധിയാണെന്ന് കണ്ടെത്തി. ഡോ. കഫീല്‍ ഖാനെതിരെ അഴിമതിക്കോ അശ്രദ്ധയ് ക്കോ തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഫീല്‍ഖാന് എതിരായ നടപടി പിന്‍വലിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇതിനിടക്കാണ് അദ്ദേഹത്തെ പിരിച്ചുവിട്ട് യു പി സര്‍ക്കാര്‍ പ്രതികാരം തീര്‍ക്കുന്നത്.