Connect with us

Prathivaram

ചെറുതായി കാണല്ലേ ചെറുധാന്യങ്ങളെ

ഭക്ഷണ വൈവിധ്യങ്ങളുടെയും ഫാസ്റ്റ്ഫുഡുകളുടെയും കാലത്ത്‌ നമ്മുടെ ശരീരത്തിന്‌ ചെറു ധാന്യങ്ങൾ അഥവാ മില്ലറ്റുകൾ പ്രധാനപ്പെട്ടവയാണ്. പുല്ലുവർഗത്തിൽപെടുന്ന ചെറു ധാന്യങ്ങൾ ഉയർന്ന പോഷകഗുണവും കുറഞ്ഞ ഗ്ലൈസീമിക്‌ സൂചികയും ഉള്ളവയാണ്. ജോവർ , റാഗി, ബജ്ര, കൂവരക്, കൊടോ, ചാമ, തിന, വരഗ് എന്നിവയാണ് പ്രധാനപ്പെട്ട ചെറു ധാന്യങ്ങൾ. നിരവധി അസുഖങ്ങളെ പ്രതിരോധിക്കാൻ നമ്മുടെ ശരീരത്തിന്‌ ചേർന്ന ചങ്ങാതിയാണ്‌ ചെറു ധാന്യങ്ങൾ. ശരീരഭാരം കുറയ്ക്കുന്നതിനും ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ തടയുന്നതിനും ഇവ ഫലപ്രദമാണെന്ന്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്.

Published

|

Last Updated

അമിതവണ്ണം, പ്രമേഹം, രക്തസമ്മർദം എന്നീ ജീവിതശൈലീ രോഗങ്ങൾ പിടിമുറുക്കുന്ന ഇക്കാലത്ത് ആരോഗ്യകരമായ ഭക്ഷണങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ്‌ നമ്മുടെ പൂർവികർക്ക് മികച്ച ആരോഗ്യവും ദീർഘായുസ്സും സമ്മാനിച്ച ചെറു ധാന്യങ്ങൾക്ക് പ്രസക്തിയേറുന്നത്.
ഭക്ഷണ വൈവിധ്യങ്ങളുടെയും ഫാസ്റ്റ്ഫുഡുകളുടെയും കാലത്ത്‌ നമ്മുടെ ശരീരത്തിന്‌ ചെറു ധാന്യങ്ങൾ അഥവാ മില്ലറ്റുകൾ പ്രധാനപ്പെട്ടവയാണ്. പുല്ലുവർഗത്തിൽപെടുന്ന ചെറു ധാന്യങ്ങൾ ഉയർന്ന പോഷകഗുണവും കുറഞ്ഞ ഗ്ലൈസീമിക്‌ സൂചികയും ഉള്ളവയാണ്. ജോവർ , റാഗി, ബജ്ര, കൂവരക്, കൊടോ, ചാമ, തിന, വരഗ് എന്നിവയാണ് പ്രധാനപ്പെട്ട ചെറു ധാന്യങ്ങൾ. നിരവധി അസുഖങ്ങളെ പ്രതിരോധിക്കാൻ നമ്മുടെ ശരീരത്തിന്‌ ചേർന്ന ചങ്ങാതിയാണ്‌ ചെറു ധാന്യങ്ങൾ. ശരീരഭാരം കുറയ്ക്കുന്നതിനും ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ തടയുന്നതിനും ഇവ ഫലപ്രദമാണെന്ന്‌ തെളിയിക്കപ്പെട്ടിട്ടുണ്ട്.

ചെറു ധാന്യങ്ങൾ ശരീരഭാരം കുറയ്ക്കുന്നതെങ്ങനെയാണെന്ന്‌ നോക്കാം. ഇവയിൽ അടങ്ങിയിരിക്കുന്ന ട്രിപ്പ്‌റ്റോഫാൻ എന്ന അമിനോആസിഡ് വിശപ്പ് കുറയ്ക്കുകയും ഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇതിലെ ഉയർന്ന അളവിലുള്ള ഫൈബർ വിശപ്പ് വേഗത്തിൽ ശമിപ്പിക്കുന്നു. ക്ഷാരഗുണമുള്ള ചെറു ധാന്യങ്ങൾ ദഹനത്തിനും ശരീര ശുദ്ധീകരണത്തിനുമുള്ള പോഷക മാർഗമാണ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഭക്ഷണക്രമത്തിൽ ചെറു ധാന്യങ്ങൾ ഉൾപ്പെടുത്തണം.
ചെറു ധാന്യങ്ങളിൽ അടങ്ങിയിരിക്കുന്ന നാരുകളും ഫൈറ്റോ ന്യൂട്രിയൻസുകളും വൻകുടൽ ക്യാൻസർ വരാനുള്ള സാധ്യത കുറയ്ക്കുന്നു. ഇവയിലുള്ള ആന്റി ഓക്‌സിഡന്റുകൾ ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്നു.

പ്രമേഹത്തെ നിയന്ത്രിക്കുന്നു: ചെറുധാന്യങ്ങളിലെ കുറഞ്ഞ ഗ്ലൈസീമിക്‌ സൂചിക ദഹനപ്രക്രിയയെ മന്ദീഭവിപ്പിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്തുന്നു. പ്രമേഹ രോഗികളിൽ ഇൻസുലിൻ സംവേദനക്ഷമത വർധിപ്പിക്കുന്നു.
രക്തസമ്മർദം കുറയ്ക്കുന്നു: മില്ലറ്റിലെ മഗ്‌നീഷ്യം രക്തസമ്മർദം കുറയ്ക്കുന്നു. കൃത്യമായ രക്തചംക്രമണത്തിനും പൾസ്‌ നിരക്ക് വർധിപ്പിക്കുന്നതിനും ശരീരത്തിലെ എല്ലാ അവയവങ്ങളിലും ഓക്‌സിജൻ എത്തിക്കുന്നതിനും മെറ്റബോളിസം വർധിപ്പിക്കുന്നതിനും ചെറു ധാന്യങ്ങൾ സഹായിക്കുന്നു.
ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ, അലർജി, അണുബാധകൾ എന്നിവ ചെറുക്കുന്നു. ചെറുധാന്യങ്ങളിലെ വൈറ്റമിൻ ബി ത്രി അടങ്ങിയ നിയാസിൻ കൊളസ്‌ട്രോളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, പിത്ത സഞ്ചിയിൽ കല്ല് ഉണ്ടാകാനുള്ള സാധ്യത എന്നിവ ഇല്ലാതാക്കുന്നു.

സ്ത്രീകളുടെ ആരോഗ്യത്തിന് അത്യുത്തമമാണ്‌ ചെറുധാന്യങ്ങൾ. ഇവയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള മഗ്‌നീഷ്യം ആർത്തവ ചക്രത്തിലെ അസഹനീയമായ വേദന, മലബന്ധം എന്നിവക്ക് ആശ്വാസം നൽകുന്നു. ശരീരത്തിന് മികച്ച അളവിൽ പോഷകാഹാരംനൽകി ഊർജ നഷ്ടവും ക്ഷീണവുംനേരിടാൻ സഹായിക്കുന്നു. മുലയൂട്ടുന്ന സ്ത്രീകളിൽ മുലപ്പാലിന്റെ ഉത്പാദനം വർധിപ്പിക്കുന്നു. ഗർഭാവസ്ഥയിലുള്ള ഉയർന്ന രക്തസമ്മർദം, പ്രമേഹം എന്നിവ തടയുന്നു. പ്രോട്ടീൻ സമ്പുഷ്ടമാണ് മില്ലറ്റുകൾ. കൊളാജൻ നില ശക്തിപ്പെടുത്തി ശരീരത്തിൽ ചുളിവുകൾക്കുള്ള സാധ്യത കുറയ്ക്കുന്നു. ചർമത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുന്നു. ചുരുക്കിപ്പറഞ്ഞാൽ മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിൽ ചെറുധാന്യങ്ങൾ വളരെ പ്രാധാന്യം അർഹിക്കുന്നു. ചെറു ധാന്യങ്ങൾ കൊണ്ട് വിവിധയിനം സ്വാദിഷ്ടമായ ഭക്ഷണപദാർഥങ്ങൾ ഉണ്ടാക്കാനായി സാധിക്കും. ഉദാഹരണമായി ഇഡലി, ദോശ, കൊഴുക്കട്ട, പായസം, മിൽക്ക്‌ ഷേക്കുകൾ മുതലായവ.
ചെറു ധാന്യങ്ങൾ പാകം ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പാകം ചെയ്യുന്നതിന് മുന്പ് നാല് മുതൽ അഞ്ച് മണിക്കൂറോളം കുതിർത്തു വെച്ചതിനുശേഷം ഉപയോഗിക്കുന്നത് അതിന്റെ ദഹനം സുഗമമാക്കാൻ സഹായിക്കുന്നു.