Connect with us

National

തമിഴ്നാട്ടിൽ വിജയ്‍യെ തടയാൻ ബദ്ധവൈരികൾ ഒന്നിക്കുന്നു; ഡി എം കെ - എ ഐ എ ഡി എം കെ സഖ്യത്തിന് നീക്കം തകൃതി

എ ഐ എ ഡി എം കെയോട് ബി ജെ പിയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ ഡി എം കെ ആവശ്യപ്പെട്ടതായി സൂചന

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിട്ടും ഭൂരിപക്ഷത്തിന് ആവശ്യമായ അംഗബലം തികയ്ക്കാനാകാതെ പോയ സൂപ്പർ താരം വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി വി കെ) പ്രതിസന്ധിയിൽ. വിജയ്‌യെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ പതിറ്റാണ്ടുകളായുള്ള രാഷ്ട്രീയ വൈര്യം മറന്ന് ഡി എം കെയും എ ഐ എ ഡി എം കെയും കൈകോർക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പിൽ 108 സീറ്റുകളാണ് ടി വി കെ നേടിയത്. ഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണമെന്നിരിക്കെ പത്ത് സീറ്റുകളുടെ കുറവാണ് വിജയ്‌ക്കുള്ളത്. ഭരണം പിടിക്കാനായി വിജയ് നടത്തുന്ന നീക്കങ്ങൾക്ക് തടയിടാനാണ് ഡി എം കെയും എ ഐ എ ഡി എം കെയും ഒന്നിക്കുന്നത്. ഇതിന്റെ ഭാഗമായി എ ഐ എ ഡി എം കെയോട് ബി ജെ പിയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ ഡി എം കെ ആവശ്യപ്പെട്ടതായാണ് സൂചന. വർഗീയ പാർട്ടികളുമായി സഹകരിക്കാനാവില്ലെന്ന കർശന നിലപാടിലാണ് ഡി എം കെ. എ ഐ എ ഡി എം കെ ബി ജെ പി ബന്ധം അവസാനിപ്പിച്ചാൽ പുറത്തുനിന്നുള്ള പിന്തുണ നൽകുന്ന കാര്യം പരിഗണിക്കാമെന്നാണ് ഡി എം കെ വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ വി സി കെ പോലുള്ള ചെറിയ സഖ്യകക്ഷികൾക്ക് മന്ത്രിസ്ഥാനം നൽകണമെന്നതടക്കമുള്ള ഉപാധികളും ഇതിനു പിന്നിലുണ്ട്.

വിജയ്‌ക്കൊപ്പം ചേരുമെന്ന് കരുതപ്പെട്ടിരുന്ന വി സി കെ നിലവിൽ ഡി എം കെ പാളയത്തിൽ തന്നെയാണെന്നാണ് റിപ്പോർട്ടുകൾ. അവർ സി പി ഐ എം, സി പി ഐ നേതാക്കളുമായി ചർച്ചകൾ നടത്തിവരികയാണ്. സി പി ഐ എം, സി പി ഐ പാർട്ടികളുടെ പിന്തുണയോടെ ഭരണം പിടിക്കാമെന്നായിരുന്നു വിജയ്‌യുടെ കണക്കുകൂട്ടൽ. കോൺഗ്രസ്, ഇടതുപക്ഷം, വി സി കെ സഖ്യം വഴി ആവശ്യമായ ഒൻപത് സീറ്റുകൾ കൂടി നേടി ഭൂരിപക്ഷത്തിനടുത്തെത്താനാണ് ടി വി കെ ശ്രമിക്കുന്നത്. എന്നാൽ സി പി ഐ എമ്മിനും സി പി ഐക്കും നാല് സീറ്റുകൾ വീതമാണുള്ളത്. ഡി എം കെ – എ ഐ എ ഡി എം കെ സഖ്യത്തോട് ഇടതുപക്ഷത്തിന് താല്പര്യമില്ലെന്നാണ് സൂചന. അവർ നിഷ്പക്ഷത പാലിക്കാനോ അല്ലെങ്കിൽ വിജയ്‌ക്കൊപ്പം ചേരാനോ ആണ് സാധ്യത.

കഴിഞ്ഞ ഏഴ് വർഷമായി ഡി എം കെ സഖ്യത്തിലായിരുന്ന കോൺഗ്രസ് തങ്ങളുടെ അഞ്ച് സീറ്റുകളുടെ പിന്തുണ വിജയ്‌ക്ക് പ്രഖ്യാപിച്ചു കഴിഞ്ഞു. മതേതരത്വം പണയപ്പെടുത്തി ബി ജെ പിയുടെ ബി ടീമായ എ ഐ എ ഡി എം കെയുമായി ഡി എം കെ കൈകോർക്കുകയാണെന്ന് കോൺഗ്രസ് നേതാവ് മാണിക്കം ടാഗോർ കുറ്റപ്പെടുത്തി.

ഡി എം കെയും എ ഐ എ ഡി എം കെയും ഒത്തുചേർന്നാൽ സഖ്യത്തിന് 120 അംഗങ്ങളുടെ പിന്തുണയുണ്ടാകും. ഐ യു എം എൽ, ഡി എം ഡി കെ, പി എം കെ തുടങ്ങിയ കക്ഷികളുടെ പിന്തുണയും ഇതിലുണ്ടാകും. വിജയ്‌യുടെ രാഷ്ട്രീയ വളർച്ച തങ്ങളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുമെന്ന് കണ്ടാണ് ഈ അസാധാരണ നീക്കം. 35 ശതമാനം വോട്ട് വിഹിതത്തോടെയാണ് വിജയ് വലിയ രാഷ്ട്രീയ ശക്തിയായി മാറിയത്. എന്നാൽ വോട്ടർമാരുടെ ഭാഗത്തുനിന്ന് ഈ അവിശുദ്ധ സഖ്യത്തിനെതിരെ വലിയ തിരിച്ചടിയുണ്ടാകുമോ എന്ന ഭയവും ഇരുപാർട്ടികൾക്കുമുണ്ട്. ഈ രാഷ്ട്രീയ നീക്കങ്ങൾക്ക് പിന്നിൽ ബി ജെ പിയുടെ കരങ്ങളുണ്ടെന്നും ആരോപണമുണ്ട്. തമിഴ്‌നാട് ഗവർണർ ആർ വി അർലേക്കറും വിജയ്‌യും തമ്മിലുള്ള തർക്കവും ഇതിനിടെ സജീവമാണ്.

Summary

The political landscape of Tamil Nadu is witnessing an unprecedented shift as arch-rivals DMK and AIADMK are rumored to be forming an alliance to keep superstar Vijay’s TVK out of power. Although Vijay’s party emerged as the single largest with 108 seats, it remains 10 short of the majority mark of 118. As Vijay attempts to gather support from the Left and Congress, the DMK and AIADMK are exploring a joint strategy to maintain their dominance in the state’s Dravidian political sphere.

Latest