From the print
ജില്ലാ പുനഃക്രമീകരണ കമ്മിറ്റി ഉടന്‍: മന്ത്രി അനില്‍കുമാര്‍
കമ്മിറ്റി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം. മലപ്പുറത്തിന് പുതിയ ജില്ലക്കര്‍ഹത.
മലപ്പുറം | സംസ്ഥാനത്ത് പുതിയ ജില്ലകള്‍ രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് പഠിക്കാന്‍ ഉടന്‍ കമ്മിറ്റിയെ നിയോഗിക്കുമെന്ന് റവന്യൂ മന്ത്രി എ പി അനില്‍കുമാര്‍. ഓണം കഴിഞ്ഞയുടന്‍ കമ്മിറ്റി രൂപവത്കരണ നടപടിയുണ്ടാകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഭൂവിസ്തൃതി കൊണ്ടും ജനസംഖ്യ കൊണ്ടും ഏറ്റവും കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നത് മലപ്പുറം ജില്ലയാണ്. 16 നിയോജക മണ്ഡലങ്ങളുള്ള മലപ്പുറത്തിന് വിഭജനം അര്‍ഹതപ്പെട്ടതാണ്. മലപ്പുറത്തുകാരന്‍ എന്ന നിലയിലും റവന്യൂ മന്ത്രി എന്ന നിലയിലും അതിനോട് യോജിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം വിവേചനം നേരിടുന്നുവെന്ന് ഇപ്പോള്‍ പറയേണ്ട സാഹചര്യമില്ല, പുനഃക്രമീകരണം നടക്കുമ്പോള്‍ നീതി ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മൂവാറ്റുപുഴയില്‍ പുതിയ ജില്ല വേണമെന്നത് ദശാബ്ദങ്ങളായുള്ള ആവശ്യമാണ്. അവിടുത്തെ എം എല്‍ എ ആവശ്യം ഉന്നയിച്ചപ്പോഴാണ് മുഖ്യമന്ത്രി അനുകൂല നിലപാട് പറഞ്ഞത്.
ഏതൊക്കെ ജില്ലകള്‍ രൂപവത്കരിക്കണമെന്നത് കമ്മിറ്റി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. സെന്‍സസ് നടപടികള്‍ 2027 വരെ നീളുന്നതിനാല്‍ കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം വില്ലേജ്, താലൂക്ക്, ജില്ല എന്നിവയുടെ അതിര്‍ത്തിമാറ്റത്തില്‍ നിയന്ത്രണമുണ്ട്. എന്നാല്‍ കമ്മിറ്റിയെ വെക്കുന്നതിന് തടസ്സമില്ലെന്നും മന്ത്രി പറഞ്ഞു.
ജില്ലകളുടെ പുനഃക്രമീകരണ ആവശ്യം സ്വാഗതാര്‍ഹം: കേരള മുസ്ലിം ജമാഅത്ത്
കോഴിക്കോട് | കേരളത്തില്‍ ജനസംഖ്യാനുപാതികമായും വികസന താത്പര്യം മുന്‍നിര്‍ത്തിയും ജില്ലകളെ പുന:ക്രമീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നുവരുന്നത് സ്വാഗതാര്‍ഹമാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
എല്ലായിടത്തും വികസനമെത്താനും സര്‍ക്കാര്‍ ഫണ്ടുകളും വിഭവങ്ങളും എല്ലാവര്‍ക്കും ലഭ്യമാക്കാനും ജില്ലകളുടെ വിഭജനവും പുന:ക്രമീകരണവും അനിവാര്യമാണെന്ന് ഉദ്യോഗസ്ഥതലങ്ങളില്‍ നിന്നും രാഷ്ട്രീയകേന്ദ്രങ്ങളില്‍ നിന്നും ആവശ്യമുയരുന്നത് പരിഗണിക്കേണ്ടതാണ്. ജനസംഖ്യാ വര്‍ധനക്കനുസരിച്ച് വിദ്യാഭ്യാസ, ആരോഗ്യമേഖലകളില്‍ ജില്ലകള്‍ക്കിടയില്‍ സന്തുലനം വേണമെന്നത് ന്യായമായ ആവശ്യമാണ്. കൂടുതല്‍ വികസനവും ജനങ്ങളുടെ സൗകര്യവും മുന്‍നിര്‍ത്തിയാണ് പുതിയ ജില്ലകള്‍ വരണമെന്ന് ആവശ്യപ്പെടുന്നത്. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടന്ന കേരള യാത്രക്കിടയില്‍ കേരള മുസ്ലിം ജമാഅത്ത് നേതൃത്വം മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകളുടെ പുന:ക്രമീകരണം ശക്തമായി ആവശ്യപ്പെട്ടിരുന്നു. എറണാകുളം ജില്ലയുടെ വിഭജനം മുഖ്യമന്ത്രി വി ഡി സതീശന്റെ ഭാഗത്തു നിന്ന് തന്നെ ഇപ്പോള്‍ ഉയര്‍ന്നുവന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ ജനസംഖ്യാനുപാതികമായി വിലയിരുത്തുമ്പോള്‍ പ്രഥമ പരിഗണന മലപ്പുറം ജില്ലക്ക് നല്‍കേണ്ടത് ന്യായവും അര്‍ഹവുമായ ആവശ്യമാണ്. കേരളത്തിലെ ഭരണപരിഷ്‌കാരങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട വി എസ് അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്‌കരണ സമിതി ജനസംഖ്യ കൂടുതലുള്ള ജില്ലകള്‍ വിഭജിച്ച് പുതിയ ജില്ലകള്‍ രൂപവത്കരിക്കുകയാണ് ഭരണസേവനങ്ങള്‍ വേഗത്തില്‍ ജനങ്ങളിലേക്കെത്തിക്കാനുള്ള മാര്‍ഗമെന്ന് നിര്‍ദേശിച്ചിരുന്നു.
വികസന ഫണ്ടിലും സര്‍ക്കാര്‍ തസ്തികകളിലും മലപ്പുറം ജില്ല വിവേചനം നേരിടുന്നുണ്ട്. സര്‍ക്കാര്‍ ഫണ്ടുകളിലെ ആളോഹരി വിഹിതം ഏറ്റവും കുറവ് മലപ്പുറത്താണ്.
വിദ്യാഭ്യാസ മേഖലയിലും ഇത് വളരെ പ്രകടമാണ്. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളുടെയും ജനസംഖ്യാപരവും ഭൂമിശാസ്ത്രപരവുമായ അവസ്ഥകള്‍ സൂക്ഷ്മമായി പഠിച്ചുള്ള ജില്ലാ പുനഃസംഘടനയാണ് വേണ്ടതെന്നും സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി അധ്യക്ഷത വഹിച്ചു. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സി മുഹമ്മദ് ഫൈസി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, സി പി സൈതലവി ചെങ്ങര, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍ സംബന്ധിച്ചു.
ജനസംഖ്യാനുപാതികമായി ജില്ലകള്‍ പുനഃക്രമീകരിക്കണം: പി എം എ സലാം
മലപ്പുറം | പുതിയ ജില്ലയായി മൂവാറ്റുപുഴ പരിഗണനയിലാണെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പരാമര്‍ശത്തിന് പിന്നാലെ സംസ്ഥാനത്തെ ജില്ലാ പുനഃക്രമീകരണം വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നു.
മലപ്പുറം വലിയ വിവേചനം നേരിടുന്നുവെന്നും ജനസംഖ്യാനുപാതികമായി ജില്ലകള്‍ പുനഃക്രമീകരിക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. അല്ലെങ്കില്‍ വിഭവ വിനിയോഗത്തില്‍ വിവേചനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
45 ലക്ഷത്തില്‍പ്പരം ജനസംഖ്യയുള്ള മലപ്പുറത്തിനും 10 ലക്ഷത്തോളം ജനസംഖ്യയുള്ള പത്തനംതിട്ടക്കും ജില്ലാ അടിസ്ഥാനത്തില്‍ ലഭിക്കുന്നത് ഒരേ സൗകര്യങ്ങളാണ്. ഇതുമൂലം മലപ്പുറം വലിയ വിവേചനം നേരിടുകയും ഒരുപാട് പ്രയാസങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നുണ്ട്.
അവകാശപ്പെട്ട ആനുകൂല്യങ്ങളും മറ്റും എല്ലാവര്‍ക്കും ലഭ്യമാകണമെങ്കില്‍ ജനസംഖ്യ അടിസ്ഥാനമാക്കി ജില്ലകള്‍ ക്രമീകരിക്കണം. അതുപോലെ താലൂക്കുകളും പുനഃക്രമീകരിക്കണം.
തിരൂര്‍ ആസ്ഥാനമായി മലപ്പുറം ജില്ല രണ്ടാക്കണമെന്ന് ഞങ്ങള്‍ പറയുന്നില്ല. എന്നാല്‍, ജനസംഖ്യാനുപാതികമായി നോക്കിയാല്‍ മലപ്പുറത്ത് മൂന്നോ നാലോ ജില്ലകള്‍ വരേണ്ടതുണ്ടെന്നും പി എം എ സലാം പറഞ്ഞു.
കഴിഞ്ഞദിവസം, മുസ്ലിം ലീഗ് എം എല്‍ എ. പി കെ നവാസ് മലപ്പുറത്ത് പുതിയ ജില്ല വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്തുകൊണ്ട് മൂവാറ്റുപുഴ ജില്ല എറണാകുളത്തിന് അനിവാര്യമാകുന്നുവോ, അതിനേക്കാള്‍ അനിവാര്യമാണ് മലപ്പുറത്ത് ഒരു പുതിയ ജില്ലയെന്നതും നവാസ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു.
Content Highlights:
Minister P Anil Kumar announced that the District Reorganization Committee will be constituted soon in Kerala. The initiative aims to enhance administrative efficiency and improve public service delivery across districts. Further steps will follow cabinet approval.

