Connect with us

From the print

എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കുള്ള ചികിത്സാ സഹായം നിര്‍ത്തുന്നു; ഓണത്തിനും പെന്‍ഷനില്ല

കഴിഞ്ഞ ഒരു മാസമായി സൗജന്യ മരുന്ന് വിതരണം നിര്‍ത്തലാക്കിയിട്ട്.

Published

|

Last Updated

കാസര്‍കോട് | എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള ചികിത്സാ സഹായവും മരുന്നും ഉള്‍പ്പെടെ സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു. കാസര്‍കോട് ജില്ലയിലെ 12 പഞ്ചായത്തുകളെയാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലകളായി പ്രഖ്യാപിച്ചത്. ഈ പഞ്ചായത്തുകളിലുള്ള എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ ആശുപത്രികളിലേക്ക് കൊണ്ടുപോകാന്‍ വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അടുത്ത കാലത്തായി സര്‍ക്കാര്‍ ഫണ്ട് നല്‍കാത്തതിനാല്‍ പഞ്ചായത്തുകളെല്ലാം ഇവര്‍ക്കുള്ള യാത്രാ സൗകര്യം നിര്‍ത്തലാക്കി. മരുന്ന് ലഭിക്കാത്തതാണ് ഇവരെ കൂടുതല്‍ ദുരിതത്തിലാക്കുന്നത്.

കഴിഞ്ഞ ഒരു മാസമായി സൗജന്യ മരുന്ന് വിതരണം നിര്‍ത്തലാക്കിയിട്ട്. ഇത് പുനഃസ്ഥാപിക്കുമെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിക്ക് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും മരുന്ന് വിതരണം ഇനിയും ആരംഭിച്ചിട്ടില്ല.

ഇവര്‍ക്ക് പെന്‍ഷന്‍ ലഭിച്ചിട്ട് അഞ്ച് മാസമായി. ഓണക്കാലമായിട്ടും പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഒരു നടപടിയുമില്ല. ദുരിതബാധിതര്‍ക്ക് 2,200, 1,200 എന്നീ ക്രമത്തിലാണ് പെന്‍ഷന്‍ നല്‍കിവരുന്നത്. എന്നാല്‍ 2,200 രൂപ നല്‍കിവരുന്നവര്‍ക്ക് അടുത്ത കാലത്തായി അതില്‍ നിന്ന് 500 രൂപ വെട്ടിക്കുറച്ചിട്ടുമുണ്ട്.

ശാരീരിക വൈകല്യമുള്ളവര്‍ സര്‍ക്കാറിന്റെ സാമൂഹിക ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നതിനാലാണ് ഈ വെട്ടിക്കുറവെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ഇത്തരത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നും അറിയുന്നു.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ നിന്നും പുറത്തായ 1,300 പേരെ ഉള്‍പ്പെടുത്താനും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. കാസര്‍കോട് ജില്ലയില്‍ 6,728 പേരാണ് നിലവില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റിലുള്ളത്. ഇതില്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ച ചിലര്‍ക്ക് സര്‍ക്കാര്‍ പെന്‍ഷന്‍ നിഷേധിക്കുന്നതായും പരാതിയുണ്ട്.

ലിസ്റ്റില്‍ ഉള്‍പ്പെട്ട 600ലധികം ആളുകളാണ് നിലവില്‍ പെന്‍ഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്തത്. ദുരിതബാധിതരെ സര്‍ക്കാര്‍ വീണ്ടും സമരത്തിലേക്ക് തള്ളിവിടാതെ എന്‍ഡോസള്‍ഫാന്‍ മേഖലയിലെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ചെയര്‍മാന്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

 

 

Latest