Uae
ഡിജിറ്റൽ ദിർഹം ഈ വർഷം അവസാനത്തോടെ
ഫിസിക്കൽ കറൻസിക്ക് പകരമായി എത്തുന്ന ഡിജിറ്റൽ ദിർഹം സാമ്പത്തിക ഇടപാടുകൾ എളുപ്പവും തടസ്സരഹിതവുമാക്കും

അബൂദബി | യു എ ഇ നിവാസികൾക്കും സന്ദർശകർക്കും ഇനിമുതൽ ഡിജിറ്റൽ ദിർഹം വഴി പണ വിനിമയം സാധിക്കും. യു എ ഇയുടെ സ്വന്തം കറൻസിയായ ദിർഹമിന്റെ ഡിജിറ്റൽ രൂപമായ “ഡിജിറ്റൽ ദിർഹം’ പദ്ധതി ഉടൻ നിലവിൽ വരുമെന്ന് യു എ ഇ സെൻട്രൽ ബേങ്കിന്റെ റിപ്പോർട്ടിൽ പറയുന്നു. ഫിസിക്കൽ കറൻസിക്ക് പകരമായി എത്തുന്ന ഡിജിറ്റൽ ദിർഹം സാമ്പത്തിക ഇടപാടുകൾ എളുപ്പവും തടസ്സരഹിതവുമാക്കും. ഈ വർഷം അവസാനത്തോടെ റീട്ടെയിൽ മേഖലയിൽ ഡിജിറ്റൽ ദിർഹം പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുറത്തിറക്കിക്കഴിഞ്ഞാൽ, ഡിജിറ്റൽ ദിർഹം ഫിസിക്കൽ കറൻസിക്ക് പകരമാവുകയും ഓൺലൈൻ, ഇൻ-സ്റ്റോർ, വാണിജ്യ പേയ്മെന്റുകൾ, വ്യക്തികൾ തമ്മിലുള്ള പണമിടപാടുകൾ എന്നിവ ഉൾപ്പെടെയുള്ള വിശാലമായ ഇടപാടുകൾക്ക് ഉപയോഗിക്കാൻ സാധിക്കുകയും ചെയ്യും. ഡിജിറ്റൽ ദിർഹം ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ കഴിയുന്ന “ഡിജിറ്റൽ വാലറ്റ്’ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സെൻട്രൽ ബേങ്ക് ഒരുക്കിയിട്ടുണ്ട്. റീട്ടെയിൽ പദ്ധതിയുടെ ഭാഗമായി, ടോക്കണൈസ്ഡ് അസറ്റുകളുടെ ഭാഗിക ഉടമസ്ഥത, ഒരു സ്മാർട്ട് ടൂറിസ്റ്റ് വാലറ്റ്, സ്മാർട്ട് സോഷ്യൽ ബെനിഫിറ്റ് പേയ്മെന്റുകൾ, രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള സബ്-വാലറ്റ് എന്നിങ്ങനെ നാല് ഡിജിറ്റൽ ഇക്കോണമി ഉപയോഗ കേസുകൾ വിജയകരമായി പരീക്ഷിച്ച ശേഷമാണ് സെൻട്രൽ ബേങ്ക് പുറത്തിറക്കുന്നത്.
സെൻട്രൽ ബേങ്കിന്റെ “ഫിനാൻഷ്യൽ ഇൻഫ്രാസ്ട്രക്ചർ ട്രാൻസ്‌ഫോർമേഷൻ’ (എഫ് ഐ ടി) എന്ന പരിപാടിയുടെ ഭാഗമാണ് ഡിജിറ്റൽ ദിർഹം പദ്ധതി. ഘട്ടം ഘട്ടമായാണ് ഡിജിറ്റൽ ദിർഹം അവതരിപ്പിക്കുന്നത്. സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ കറൻസിക്ക് പലിശയുണ്ടായിരിക്കില്ല. ബേങ്കിംഗ് സേവനങ്ങൾ ലഭിക്കാത്തവർക്കും യു എ ഇയിൽ ഇല്ലാത്തവർക്കും ഡിജിറ്റൽ ദിർഹം ഉപയോഗിക്കാൻ സാധിക്കും. ഇത് പണമിടപാടുകളുടെ വേഗതയും കാര്യക്ഷമതയും വർധിപ്പിക്കും. ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐ എം എഫ്), ബേങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെന്റ‌്സ് എന്നിവയുടെ മാർഗരേഖകൾക്ക് അനുസൃതമായി കറൻസി സുരക്ഷിതവും വിശ്വസനീയവും ഉപയോഗിക്കാൻ എളുപ്പമുള്ളതുമായി രൂപകൽപന ചെയ്യാൻ ഇത് സഹായിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.