Connect with us

Health

ദഹനപ്രക്രിയ സുഗമമാക്കാം, ഭക്ഷണക്രമീകരണത്തിലൂടെ

ആരോഗ്യകരമായ ഭക്ഷണശീലങ്ങളും ജീവിതശൈലിയും പിന്തുടരുകയും കൃത്യമായ വ്യായാമം നിലനിർത്തുകയും ചെയ്യുന്നത് വഴി മലബന്ധം പോലുള്ള അവസ്ഥകളിൽ നിന്ന് രക്ഷനേടാൻ സാധിക്കുന്നതാണ്.

Published

|

Last Updated

കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവരിൽ പ്രായഭേദമന്യേ കണ്ടുവരുന്ന ഒരു ബുദ്ധിമുട്ടാണ് കോൺസ്റ്റിപേഷൻ അഥവാ മലബന്ധം. മനുഷ്യരുടെ ദഹനനാളങ്ങളുടെ പ്രവൃത്തിയിൽ വരുന്ന മാറ്റങ്ങൾ കൊണ്ട് ഉണ്ടാകുന്ന ഒരു അവസ്ഥയാണ് മലബന്ധം. സാധാരണ രീതിയിൽ ശോധന ഉണ്ടാകാതെയിരിക്കുന്നത് മാത്രമല്ല, ആഴ്ചയിൽ മൂന്ന് തവണയിൽ കുറവായി വിസർജനം നടത്തുന്ന അവസ്ഥയെയും മലബന്ധമായി തന്നെയാണ് കണക്കാക്കുന്നത്.

മലബന്ധത്തെ പലവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വേർതിരിച്ചിട്ടുണ്ടെങ്കിലും അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു തിരിവാണ് അക്യൂട്ട് കോൺസ്റ്റിപേഷനും ക്രോണിക് കോൺസ്റ്റിപേഷനും. അക്യൂട്ട് കോൺസ്റ്റിപേഷൻ എന്നാൽ വളരെ പെട്ടെന്നു തുടങ്ങുന്ന ഒന്നാണ്. പുതിയതായി എന്തെങ്കിലും മരുന്നുകളോ മറ്റോ കഴിക്കുന്നത് കാരണമോ അല്ലെങ്കിൽ താത്കാലികമായി വന്ന എന്തെങ്കിലും അസുഖം മൂലമോ ഇത് ഉണ്ടാകാൻ സാധ്യതയുണ്ട്. അതേസമയം, ക്രോണിക് കോൺസ്റ്റിപേഷൻ സാവധാനം ബാധിക്കുന്നതും എന്നാൽ മാസങ്ങളോളം നീണ്ടുനിൽക്കുന്നതുമാണ്. കൃത്യമായ ചികിത്സയിലൂടെയും ഭക്ഷണക്രമത്തിലൂടെയും മാത്രമേ ഇതിന് പരിഹാരം കണ്ടെത്താനാവുകയുള്ളൂ.

മലബന്ധം എന്ന അവസ്ഥയിലേക്കു മനുഷ്യനെ നയിക്കുന്ന പലവിധ കാരണങ്ങളുണ്ട്. പ്രധാനമായും തെറ്റായ ജീവിതശൈലിയും ഭക്ഷണരീതികളുമാണ് ഇതിന് കാരണമാകുന്നത്. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക, ഹോട്ടൽ ഭക്ഷണം, പാക്കറ്റ് ഫുഡ്‌സ് മുതലായവ ശീലമാക്കുക എന്നീ കാരണങ്ങൾ വഴി മലബന്ധം ഉണ്ടാകാൻ സാധ്യതയേറെയാണ്. ദഹനനാളത്തിൽ കണ്ടുവരുന്ന ക്യാൻസർ പോലുള്ള അസുഖങ്ങൾ കാരണവും മലബന്ധം വരാൻ സാധ്യതയുണ്ട്. ഗർഭാവസ്ഥ, വാർധക്യം, വ്യായാമക്കുറവ്, നിർജലീകരണം, ചില പ്രത്യേകതരം മരുന്നുകളുടെ ഉപയോഗം (ഇരുമ്പ് ഗുളികകൾ, വേദനസംഹാരികൾ മുതലായവ) ഒക്കെയും മലബന്ധത്തിന് കാരണമാകാം.

മലബന്ധം ഉണ്ടെന്നതിൻ്റെ ലക്ഷണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ആഴ്ചയിൽ മൂന്ന് തവണയിൽ കുറവായി ശോധന ഉണ്ടാവുക എന്നത്. അതേപോലെ വയർ മുറുകുക, ശോധന ഉണ്ടാകുമ്പോൾ വേദനയും ബുദ്ധിമുട്ടും അനുഭവപ്പെടുക, രക്തത്തിൻ്റെ അംശം പ്രത്യക്ഷപ്പെടുക മുതലായവയും ലക്ഷണങ്ങളായി കണക്കാക്കുന്നു.

ചിട്ടയായ ജീവിതശൈലി നേടിയെടുക്കുക എന്നതാണ് മലബന്ധം ഒഴിവാക്കാനായി ആദ്യം ചെയ്യേണ്ടത്. ഭക്ഷണം, വ്യായാമം മുതലായവയിലൊക്കെ ശ്രദ്ധ കേന്ദ്രീകരിക്കുക. ഏറെ നാൾ നീണ്ടുനിൽക്കുന്ന ബുദ്ധിമുട്ടുണ്ടെങ്കിൽ ഒരു ഡോക്ടറെ കണ്ട് കൃത്യമായ ചികിത്സ നേടുക.

മലബന്ധം ഒഴിവാക്കാനായി ജീവിതത്തിലും ഭക്ഷണത്തിലും വരുത്തേണ്ട പ്രധാന മാറ്റങ്ങൾ :

  • സമയത്തിന് ആഹാരം കഴിക്കുന്ന ശീലം വളർത്തിയെടുക്കുക.
  • തവിടോടു കൂടിയ ധാന്യങ്ങൾ, ഓട്‌സ് മുതലായവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക
    പയർ വർഗങ്ങൾ ദിവസേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.
  • ചീര, മുരിങ്ങയില പോലെ നമ്മുടെ വീടുകളിൽ തന്നെ കണ്ടുവരുന്ന ഇലക്കറികൾ ഭക്ഷണത്തിൽ കൂടുതലായും ഉൾപ്പെടുത്തുക.
  • ഭക്ഷണത്തിനൊപ്പം സാലഡുകൾ കൂടെ ഉൾപ്പെടുത്തുക.
  • പഴങ്ങളും പച്ചക്കറികളും കൂടുതൽ അളവിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
  • ആവശ്യത്തിനുള്ള വെള്ളം കുടിക്കുക. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ശ്രദ്ധിക്കുക.
  • തൈര് പോലെ ശരീരം തണുപ്പിക്കുന്ന പദാർഥങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
  • മൈദ അടങ്ങിയിട്ടുള്ള ബേക്കറി പലഹാരങ്ങൾ കഴിവതും ഒഴിവാക്കുക.
  • ദിവസവും 30 മുതൽ 45 മിനുട്ട് വരെ വ്യായാമത്തിനായി മാറ്റിവെക്കുക. ഇത് മൂലം ദഹനനാളങ്ങളിലെ പേശികൾ കൂടുതൽ പ്രവർത്തനസജ്ജമാകുകയും മലബന്ധം പോലുള്ള ബുദ്ധിമുട്ടുകൾ ഒഴിവാകുകയും ചെയ്യും.

ആരോഗ്യകരമായ ഭക്ഷണശീലങ്ങളും ജീവിതശൈലിയും പിന്തുടരുകയും കൃത്യമായ വ്യായാമം നിലനിർത്തുകയും ചെയ്യുന്നത് വഴി മലബന്ധം പോലുള്ള അവസ്ഥകളിൽ നിന്ന് രക്ഷനേടാൻ സാധിക്കുന്നതാണ്.