Connect with us

Editors Pick

'ടൈഫസ്' കേരളത്തിലുമെത്തിയോ?; അറിയാം ഈ രോഗത്തെക്കുറിച്ച്

അഭയാർത്ഥി ക്യാമ്പുകൾ, ജയിലുകൾ, ജനത്തിരക്കേറിയ വാസപ്രദേശങ്ങൾ എന്നിവിടങ്ങളിലുണ്ടാകുന്ന പകർച്ചവ്യാധികളിലൊന്നാണിത്. ഉഷ്ണ മേഖലാ പ്രദേശങ്ങളിലും ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലും പ്രാദേശികമായി രോഗം‌ കാണപ്പെടാറുണ്ട്.

Published

|

Last Updated

നമ്മുടെ കേരളത്തിൽ കേട്ടുകേള്‍വിയില്ലാത്ത ഒരു രോഗമാണ് ടൈഫസ് എന്നതിനാല്‍ തന്നെ തിരുവനന്തപുരത്ത് ഒരാള്‍ക്ക് ടൈഫസ് സ്ഥിരീകരിച്ചുവെന്ന വാര്‍ത്ത കൂടുതൽ പ്രാധാന്യം നേടുന്നു. എന്താണ് ടൈഫസ് എന്നുനോക്കാം.

ടൈഫസ് റിക്കറ്റ്സിയ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു തരം ബാക്ടീരിയ രോഗമാണിത്. രോഗബാധിതമായ പേൻ, ചെള്ള് എന്നിവയിൽ നിന്നുള്ള കടിയേല്‍ക്കുന്നതിലൂടെയാണ് മനുഷ്യനിലേക്ക് രോഗം‌ പകരുന്നത്. ലോകത്താകമാനം പ്രതിവർഷം 50,000 മുതല്‍100,000 വരെ കേസുകൾ റിപ്പോര്‍ട്ട് ചെയ്യാറുണ്ട് . ഒന്നുമുതല്‍ നാല്‍പത് ശതമാനം വരെയാണ് മരണനിരക്കെന്നത് രോഗത്തിന്‍റെ ഗൗരവം‌ വര്‍ദ്ധിപ്പിക്കുന്നു.

മൂന്നുതരം ടൈഫസ് രോഗങ്ങളുണ്ട്. പകർച്ചവ്യാധി ടൈഫസ് ആണ് ഒന്നാമത്തെ ഇനം. പേനാണ് ഇത് പരത്തുന്നത്. ചെള്ള് പരത്തുന്ന എൻഡെമിക് ടൈഫസാണ് രണ്ടാമത്തെയിനം. സ്‌ക്രബ് ടൈഫസ് എന്നയിനം‌ വള്ളിപ്പടര്‍പ്പുകളില്‍ നിന്നും കാടുപിടിച്ച പ്രദേശങ്ങളില്‍ നിന്നുമാണ് രോഗാണു മനുഷ്യരിലേക്കെത്തുന്നത്.

അഭയാർത്ഥി ക്യാമ്പുകൾ, ജയിലുകൾ, ജനത്തിരക്കേറിയ വാസപ്രദേശങ്ങൾ എന്നിവിടങ്ങളിലുണ്ടാകുന്ന പകർച്ചവ്യാധികളിലൊന്നാണിത്. ഉഷ്ണ മേഖലാ പ്രദേശങ്ങളിലും ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലും പ്രാദേശികമായി രോഗം‌ കാണപ്പെടാറുണ്ട്.

എപ്പോഴാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതെന്ന് നോക്കാം. കടിയേറ്റുകഴിഞ്ഞ് ഒന്നുമുതൽ രണ്ട് ആഴ്ച വരെ പ്രശ്നങ്ങള്‍ ഉണ്ടാവാറില്ല. അതുകഴിഞ്ഞാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ശക്തമായ പനി, തലവേദന, പേശി വേദന, സന്ധി വേദന എന്നിവയോടൊപ്പം‌ ചില സന്ദർഭങ്ങളിൽ ശരീരത്തില്‍ ചുണങ്ങു പോലെയും കാണപ്പെടാം. രണ്ടു മുതല്‍ നാലാഴ്ചകളില്‍ രോഗാവസ്ഥ ഗുരുതരമാകാം.

രക്തപരിശോധന, PCR, സീറോളജി ടെസ്റ്റുകൾ എന്നിവയിലൂടെ രോഗാവസ്ഥ നിര്‍ണ്ണയിക്കാനാവും. സംശയം തോന്നിയാല്‍ പരിശോധനക്ക് വിധേയമാവുന്നതാണ് നല്ലത്. രോഗം ഗുരുതരമായ അവസ്ഥയില്‍ അവയവങ്ങള്‍ക്ക് തളര്‍ച്ചയും രക്തസമ്മര്‍ദ്ദം കുറയുകയും ചെയ്യും. വൃക്ക, കരൾ അല്ലെങ്കിൽ ഹൃദയം തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനത്തിലുള്ള പരാജയം, ശ്വസന തടസ്സം, മെനിഞ്ചൈറ്റിസ്, എൻസെഫലൈറ്റിസ് തുടങ്ങിയവ ബാധിച്ച് ചികിത്സിച്ചില്ലെങ്കിൽ മരണം വരേ സംഭവിക്കാം.

ടൈഫസിനുള്ള യഥാർത്ഥ മരുന്നുകള്‍ ഇനിയും കണ്ടെത്തിയിട്ടില്ല. ഡോക്സിസൈക്ലിൻ പോലുള്ള ആന്‍റിബയോട്ടിക്കുകളോടൊപ്പം ദ്രാവക രൂപത്തിലുള്ള ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുകയും നന്നായി വിശ്രമിക്കുകയും ചെയ്യുന്നതാണ് നിലവിൽ ലഭ്യമായ പരിഹാരം. രോഗം മൂര്‍ഛിക്കുകയാണെങ്കില്‍ ആശുപത്രിവാസം ആവശ്യമായിവരും.

രോഗം വരാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതാണ് ഉചിതം. വ്യക്തി ശുചിത്വം പാലിക്കുക, ബാധിത പ്രദേശങ്ങളില്‍ കീടനാശിനികൾ ഉപയോഗിച്ച് രോഗവാഹകരായ ചെള്ളുകളെ നശിപ്പിക്കുക, രോഗബാധിത പ്രദേശങ്ങൾ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക, ചെള്ളില്‍ നിന്നുള്ള സംരക്ഷണ വസ്ത്രം ധരിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കുക. എൻഡമിക് ടൈഫസിന് വാക്സിനേഷനും ലഭ്യമാണ്.