അതിഥി വായന
ജെൻസിക്കാലത്തെ സാമൂഹിക പഠനം
ലോക സാഹിത്യത്തിൽ വലിയൊരു വിജ്ഞാന പഠനശാഖയാണ് ഡയസ്പോറ സാഹിത്യം.
ചിതറിപ്പാർക്കുന്ന എഴുത്തുകാർ താമസിക്കുന്ന സ്ഥലം അവരുടെ സ്വന്തം നാടല്ല. ആശ്രയസ്ഥാനം മാത്രമാണ്. ഈ രാജ്യങ്ങൾ തങ്ങളെ പൂർണമായും സ്വീകരിക്കില്ല എന്ന ചിന്ത അവരുടെ ബോധത്തിൽ ഒരു വിഘടനം സൃഷ്ടിക്കുന്നുണ്ട്. അങ്ങനെ സാംസ്കാരിക സങ്കരത്തിന്റെ പ്രശ്നങ്ങൾ എഴുത്തിന്റെ പ്രവർത്തന മണ്ഡലത്തെ ഗാഢമായി സ്പർശിക്കാൻ തുടങ്ങി. ഇത് ഇരട്ട മനോഭാവത്തിന്റെ അവിർഭാവത്തിന് കാരണമായിത്തീർന്നു.’
(ചിതറിപ്പാർക്കുന്നവരുടെ സാഹിത്യം: കെ പി അപ്പൻ)
ലോക സാഹിത്യത്തിൽ വലിയൊരു വിജ്ഞാന പഠനശാഖയാണ് ഡയസ്പോറ സാഹിത്യം. എന്നാൽ മലയാള സാഹിത്യത്തെ അതിനോട് കൂട്ടി വായിക്കുന്ന പഠനങ്ങൾ വലുതായൊന്നും വന്നിട്ടില്ല. ചരിത്രപരമായ വികാസപരിണാമങ്ങളിൽ ചേർന്നു നിൽക്കുന്ന പ്രവാസി സാഹിത്യം ( പ്രത്യേകിച്ച് ഗൾഫ് മേഖല ) ഏതൊക്കെ തരത്തിൽ സാമൂഹിക സാംസ്കാരിക സ്വത്വമണ്ഡലങ്ങളിൽ ഇടപെടുന്നു എന്നത് പ്രധാനപ്പെട്ട വിലയിരുത്തൽ ആവശ്യപ്പെടുന്നു. ജീവിതവും അനുഭവാവിഷ്കരണവും ചേർന്നു നിൽക്കുന്ന അവസ്ഥയെ മൂന്നാമിടത്തിന്റെ ചിന്തയിലൂടെ വിശകലനം ചെയ്യുന്ന പുസ്തകമാണ് ഇ കെ ദിനേശൻ എഴുതിയ “കൂടിയേറ്റം, സംസ്കാരം, രാഷ്ട്രീയം’. പുസ്തകത്തിലെ ആദ്യ ലേഖനത്തിൽ തന്നെ മൂന്നാമിടത്തെ സ്വത്വവും പ്രതിനിധാനവും ചർച്ച ചെയ്യുന്നു.
“ഒരാൾ ഭാവനാ ഭൂപടത്തിൽ ജീവിക്കുമ്പോൾ ഉണ്ടാകുന്ന ഏറ്റവും വലിയ പ്രതിസന്ധി ജീവിതം അസ്ഥിരപ്പെടുന്നു എന്നതാണ്. അനുഭവമാണ് അത് അയാളെ അറിയിക്കുന്നത്. പരിഹരിക്കപ്പെടാൻ പ്രയാസമുള്ള ജീവിതാവസ്ഥകൾ ഒരാളെ വന്ന് പൊതിയുമ്പോഴാണ് അയാൾ തന്റെ ഐഡന്റിറ്റിയെക്കുറിച്ച് ചിന്തിക്കുന്നത്. അപ്പോഴാണ് കുടിയേറ്റക്കാരായ ചുറ്റുമുള്ളവരൊക്കെ തന്റേതു പോലെയുള്ള അനുഭവത്തിൽ ജീവിക്കുന്നവരാണെന്ന് മനസ്സിലാക്കുന്നത്. അവരിലൂടെ തന്റെ പ്രയാസങ്ങൾ മറികടക്കാനുള്ള വഴിയിലാണ് മൂന്നാമിടം എന്നത് യാഥാർഥ്യങ്ങളുടെ പ്രതീതി ലോകമാണെന്ന് അയാൾ മനസ്സിലാക്കുന്നത്.’ പ്രവാസത്തിന്റെ പൊരുൾ തേടി ഡോ. വി രാജകൃഷ്ണൻ എഴുതിയ ലേഖനം ഈ പുസ്തകം വായിച്ചപ്പോൾ ഓർത്തു പോയി.
“നാടുകടത്തൽ എന്ന അനുഭവം, അതിന്റെ വ്യത്യസ്ത രൂപങ്ങളിൽ, മനുഷ്യന്റെ ആരംഭകാലം മുതൽക്കിങ്ങോട്ടുള്ള വിധിയുടെ വിചിത്രമായ പ്രത്യേകതകളിലൊന്നായിരുന്നു. ചരിത്രത്തിന്റെ ഉന്മാദം മൂർച്ഛ പൂണ്ട ചില ദശാസന്ധികളിൽ ഇത് വ്യക്തികളുടെ മാത്രമല്ല സംഘങ്ങളുടെയും ജനതകളുടെയും കൂട്ടായ ഭാഗധേയമായിത്തീരാറുണ്ട്. നടുക്കുന്നതും അപമാനകരവുമായ സാഹചര്യങ്ങളിൽ നാടും വീടും ഉപേക്ഷിക്കാൻ നിർബന്ധിതരായിത്തീരുന്ന ജന സമൂഹങ്ങൾ കൂട്ടം കൂട്ടമായി അന്യദേശങ്ങളിലേക്ക് പലായനം ചെയ്യുന്നു.
ഒരേ രാജ്യത്തിനുള്ളിൽ കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും ചെറിയ സംഘങ്ങൾ തങ്ങളുടെ അസ്തിത്വം സ്ഥാപിച്ചെടുക്കാനും നിലനിർത്താനുമായി നീണ്ട കാലം പാടുപെടുന്നു. മനുഷ്യാവസ്ഥയെ ഏറ്റവും ആഴത്തിലും തീക്ഷ്ണമായും നിർവചിക്കുന്ന വിപരീതാനുഭവങ്ങളിലൊന്നാണ് നാടുകടത്തൽ. വർത്തമാന കാലഘട്ടത്തിൽ ഇതിനു മുമ്പില്ലാത്ത തരത്തിലുള്ള വലുപ്പവും ഗൗരവവും വന്നിട്ടുണ്ട്.’
(പ്രവാസത്തിന്റെ പൊരുൾ, ഡോ. വി രാജകൃഷ്ണൻ)
പ്രവാസത്തിന്റെ സാംസ്കാരിക വ്യവഹാരം ഭാവുകത്വപരമായ മാറ്റം ഏതൊക്കെ തരത്തിൽ സ്വാംശീകരിക്കുന്നു എന്ന് ചിതറിപ്പോയ അവസ്ഥയിൽ ജീവിക്കുന്നവരെ മുൻ നിർത്തി ദിനേശൻ അന്വേഷിക്കുന്നു. 1990 കൾക്കു ശേഷം വ്യാപകമായി ഉപയോഗിക്കപ്പെട്ട പ്രവാസി എന്ന പദം ക്ലീഷേയായി മാറിയ സാഹചര്യത്തിൽ പുറം ലോക സംഘർഷങ്ങളുടെ സാമൂഹിക പഠനം പ്രധാനപ്പെട്ടതാണ്. അത് കൃത്യമായ ഡാറ്റ അവതരിപ്പിച്ചു പറഞ്ഞുവെക്കുന്നുണ്ടീ പുസ്തകത്തിൽ. സ്വകാര്യതയുടെ മുദ്രക്കപ്പുറം കാര്യങ്ങൾ പല ലേഖനങ്ങളും ഊന്നിപ്പറയുന്നു. സാംസ്കാരിക പ്രവാസത്തെക്കുറിച്ച് എഴുതുന്നു.
“പശ്ചിമേഷ്യയിലെ പല രാജ്യങ്ങളിലേയും മലയാളികളായവരും മറ്റു രാഷ്ട്രങ്ങളിലുള്ളവരും തങ്ങളുടെ സാംസ്കാരിക വിനിമയങ്ങളെ ഏറെ ആഹ്ലാദത്തോടെയാണ് അനുഭവിക്കുന്നത്. ഇതിൽ ഒരു പക്ഷേ, ഏറ്റവും കൂടുതൽ ഇടപെടൽ നടത്തുന്ന ഒരു വിഭാഗം എന്ന രീതിയിൽ മലയാളികളുടെ ജൈവിക സാംസ്കാരിക സ്വത്വ നിർമിതിയുടെ പുനരാവിഷ്കാരങ്ങൾ എന്നും ഇത്തരം ദേശങ്ങളിൽ ശക്തമാണ്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ഗൾഫിൽ കാണുന്ന രീതിയാണിത്.’ ( സാംസ്കാരിക പ്രവാസം നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധികൾ ).
സാമൂഹിക പഠന വെളിച്ചത്തിൽ പ്രവാസത്തിലൂന്നി കഥ, കവിത, നോവൽ, നാടകം, സിനിമ, ചിത്രകല പഠിക്കപ്പെടേണ്ടതുണ്ട്. പി മണികണ്ഠൻ എഴുതിയ എസ്കേപ് ടവർ എന്ന നോവൽ മുൻ നിർത്തി ദിനേശൻ ശ്രദ്ധയൂന്നി നടത്തിയ ലേഖനം വേറിട്ടൊരു വായനയാകുന്നു.
“സാധാരണ പ്രവാസ നോവലിൽ നിന്നും വ്യത്യസ്തമായ രാഷ്ടീയ മൂല്യത്തെ മുന്നോട്ടു വെക്കുന്നുണ്ട് എസ്കേപ്ടവർ. നോവലിന്റെ ഉള്ളടക്കത്തെ ഏതെങ്കിലും ഒരിടത്ത് നിർത്തിക്കൊണ്ട് വിശദമാക്കുക പ്രയാസമാണ്. മറിച്ച്, ആഗോള മുതലാളിത്ത വ്യവസ്ഥയെയും ഭരണകൂട ഭീകരതയെയും അതിനെ പ്രതിരോധിക്കുന്ന അസംഘടിതരായ മനുഷ്യരുടെ രാഷ്ട്രീയ ബോധത്തെയും നോവൽ കൃത്യമായി അഡ്രസ് ചെയ്യുന്നുണ്ട്. അവിടെയാണ് എഴുത്തുകാരന്റെ ലോകവീക്ഷണവും രാഷ്ടീയ നിലപാടും തൊഴിൽപരമായ അറിവും ഇതിനൊക്കെ കവചമായി നിൽക്കുന്ന പ്രവാസ അനുഭവങ്ങളുടെ തീക്ഷ്ണമായ ജീവിതാവിഷ്കാരങ്ങളും ശ്രദ്ധേയമാകുന്നത്.’
ഇങ്ങനെ വ്യത്യസ്ത വിഷയത്തിലൂന്നി പ്രവാസ ബഹുസ്വരത, വോട്ടില്ലാത്ത പ്രവാസത്തിലെ രാഷ്ട്രീയമൗനം, യുദ്ധകാല കുടിയേറ്റ – പ്രവാസ ജീവിതങ്ങൾ മുതൽ ഏറ്റവും പുതിയ ജെൻസി ജീവിതം, നവ കുടിയേറ്റം വരെ പുസ്തകം ചർച്ച ചെയ്യുന്നു. എന്നു വെച്ച് ഇതെല്ലാം പ്രവാസത്തെക്കുറിച്ചുള്ള സൈദ്ധാന്തിക പഠനങ്ങൾ എന്നർഥത്തിൽ മനസ്സിലാക്കരുത്. എന്നാൽ മലയാള ഡയസ്പോറ പഠന രംഗത്ത് കൂടുതൽ അന്വേഷണത്തിന് പ്രേരിപ്പിക്കുന്ന നിരവധി വിഷയങ്ങൾ ചർച്ചയാകുന്നുണ്ട്. സ്വത്വത്തിന്റെയും സ്വത്വനഷ്ടത്തിന്റെയും യാഥാർഥ്യം തിരിച്ചറിയാനായി ഈ പുസ്തകം ശ്രമിക്കുന്നു എന്നത് തന്നെ പ്രവാസത്തിലെ വലിയ സാംസ്കാരിക ഇടപെടലാകുന്നു.
Content Highlights: E K Dineshan book Kudiyettam Samskaram Rashtriyam analyzes Malayalam diaspora literature and the cultural identity of Gulf migrants. The work explores themes like third space identity, global capitalism, and modern migration dynamics through critical literary essays.




