Connect with us

articles

ധ്രുവ് റാഠി എന്ന മാധ്യമ പ്രതിപക്ഷം

മാധ്യമ സ്ഥാപനങ്ങള്‍ പൊതുവെ ഏകപക്ഷീയമായ നിലപാടുമായി കേന്ദ്ര ഭരണകൂടത്തെ അന്ധമായി പിന്തുണക്കുന്ന ഒരു കാലഘട്ടത്തില്‍, ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളുടെ പരിമിതികളെ മറികടന്ന്, 2024ലെ പൊതു തിരഞ്ഞെടുപ്പില്‍ വലിയ ഇടപെടല്‍ നടത്തുകയാണ് വ്‌ളോഗര്‍ ധ്രുവ് റാഠി.

Published

|

Last Updated

ദേശീയ മാധ്യമ രംഗത്ത് നിലവില്‍ രാജ്യം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് ഏതെങ്കിലും വാര്‍ത്താ ചാനലിനെക്കുറിച്ചോ ദിനപത്രത്തെക്കുറിച്ചോ അല്ല. മറിച്ച്, സമൂഹ മാധ്യമങ്ങളിലൂടെ പുതിയൊരു മാധ്യമ സംസ്‌കാരത്തിന് തുടക്കം കുറിച്ച ഒരു വ്യക്തിയെക്കുറിച്ചാണ്. പേര് ധ്രുവ് റാഠി. മുഖ്യധാരാ മാധ്യമങ്ങള്‍ ചെയ്യേണ്ടിയിരുന്ന പലതും തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ വളരെ ഫലപ്രദമായും ജനകീയമായും പുറത്തുവിട്ട് ധീരമായ ഇടപെടലുകള്‍ നടത്തുന്ന ഈ 29കാരന്‍ ഇതിനകം കേന്ദ്രസര്‍ക്കാറിന്റെയും ബി ജെ പിയുടെയും പേടിസ്വപ്‌നമായിക്കഴിഞ്ഞു. മാധ്യമ സ്ഥാപനങ്ങള്‍ പൊതുവെ ഏകപക്ഷീയമായ നിലപാടുമായി കേന്ദ്ര ഭരണകൂടത്തെ അന്ധമായി പിന്തുണക്കുന്ന ഒരു കാലഘട്ടത്തില്‍, ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളുടെ പരിമിതികളെ മറികടന്ന്, 2024ലെ പൊതു തിരഞ്ഞെടുപ്പില്‍ വലിയ ഇടപെടല്‍ നടത്തുകയാണ് വ്‌ളോഗര്‍ ധ്രുവ് റാഠി.

2013ല്‍ യാത്രാ വീഡിയോകള്‍ ചെയ്താണ് ധ്രുവ് റാഠി യൂട്യൂബ് കണ്ടന്റ് ക്രിയേഷനിലേക്ക് കടന്നുവന്നത്. പിന്നീട് എക്‌സ്‌പ്ലൈനറിലേക്കും ഫാക്ട് ചെക്കിംഗിലേക്കും ധ്രുവ് വഴി മാറി. ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലേറിയ അതേ വര്‍ഷം 2014 ഒക്ടോബറിലാണ് ധ്രുവ് തന്റെ ആദ്യ പൊളിറ്റിക്കല്‍ വീഡിയോ അപ് ലോഡ് ചെയ്യുന്നതും BJP Exposed: Lies Behind The Bullshit എന്ന ടൈറ്റിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞതും ഇപ്പോള്‍ അതിന് വിപരീതമായി ചെയുന്ന ഓരോ കാര്യങ്ങളും വിഷ്വല്‍സ് കലര്‍ത്തിയുള്ള മ്യൂസിക്കല്‍ വീഡിയോയിലൂടെ പുറത്തു വിടുന്നതും. അത് രാജ്യത്തുടനീളം വൈറലായി. ഹിന്ദി ഭൂമികയില്‍ നിന്ന് എല്ലാ സംസ്ഥാനങ്ങളിലേക്കും ഈ വീഡിയോ വ്യാപകമായി പ്രചരിച്ചു.

തന്റെ ആദ്യ പൊളിറ്റിക്കല്‍ വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ ഒന്നാം മോദി സര്‍ക്കാറിന്റെ കാലത്ത് സംഘ്പരിവാര്‍ പാര്‍ട്ടികള്‍ പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തകളെ വിമര്‍ശിച്ചു കൊണ്ടുള്ള ധാരാളം വീഡിയോകളുമായി ധ്രുവ് എത്തി. രാജ്യം ചര്‍ച്ച ചെയ്ത സുപ്രധാന വാര്‍ത്തകള്‍ പലതും വീഡിയോക്ക് വിഷയങ്ങളായി. ഉറി ഭീകരാക്രമണം, സര്‍ജിക്കല്‍ സ്‌ട്രൈക്ക്, നോട്ടുനിരോധനം, യോഗി ആദിത്യനാഥ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായത്, ധനകാര്യ ബില്‍, ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍, കര്‍ഷക സമരം തുടങ്ങി മുഖ്യധാരാ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മടിച്ച എല്ലാ വിഷയങ്ങളും ധ്രുവ് റാഠി തന്റെ പേജിലൂടെ ജനങ്ങള്‍ക്ക് മുന്നിലെത്തിച്ചു. പല വിഷയങ്ങളിലും ധ്രുവ് ബി ജെ പിയെ നിശിതമായി വിമര്‍ശിച്ചു. മോദിയുടെയും രാഹുലിന്റെയും പ്രസംഗങ്ങളില്‍ ആരായിരുന്നു മികച്ചത്? കറന്‍സി നിരോധനം കൊണ്ട് ആര്‍ക്കാണ് ലാഭമുണ്ടായത്? അങ്ങനെ പല കാര്യങ്ങളിലും സധീരം തന്റേതായ അഭിപ്രായം പങ്കുവെച്ചു. സങ്കീര്‍ണമായ ഏതൊരു വിഷയത്തെയും ലളിതമായ വാക്കുകളില്‍ വീഡിയോയിലൂടെ വിശദീകരിക്കുന്നു എന്നുള്ളതാണ് ധ്രുവിന്റെ വീഡിയോയുടെ ഒരു പ്രത്യേകത. ഏറ്റവും ഒടുവിലായി വന്ന ഇലക്ടറല്‍ ബോണ്ട് ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന രീതിയില്‍ വിശദീകരിച്ചത് അദ്ദേഹമായിരുന്നു.

ഹരിയാനയിലെ ഒരു ഹിന്ദു ജാട്ട് കുടുംബത്തിലാണ് ധ്രുവ് റാഠി ജനിച്ചത്. ജര്‍മനിയിലെ കാള്‍സ്റൂഹ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദം നേടിയ ധ്രുവ് തുടര്‍ന്ന് അതേ സ്ഥാപനത്തില്‍ നിന്ന് റീസൈക്കില്‍ എനര്‍ജിയില്‍ ബിരുദാനന്തര ബിരുദവും നേടി. തന്റെ യാത്രകളും ഭക്ഷണവും വ്‌ളോഗ് ചെയ്ത് യൂട്യൂബില്‍ പങ്കുവെച്ച രീതിയില്‍ നിന്ന് 2013 അവസാനത്തോടെ അദ്ദേഹം രാഷ്ട്രീയവും സാമൂഹികവുമായ വിഷയങ്ങളിലേക്ക് കടന്നു. ഒരുപക്ഷേ, ഇന്നത്തെ ഇന്ത്യയില്‍ സാമാന്യം ധീരത ആവശ്യമായ ഒരു മിഷന്‍ ആയിരുന്നു അത്. അതോടെ അദ്ദേഹത്തിന്റെ ഓണ്‍ലൈന്‍ സാധ്യതകള്‍ വര്‍ധിച്ചു.

2022ലെ മോര്‍ബി പാലം തകര്‍ച്ച, 2019ലെ പുല്‍വാമ ആക്രമണം, 2023ലെ ഇന്ത്യന്‍ ഗുസ്തി താരങ്ങളുടെ പ്രതിഷേധം, 2023ലെ മണിപ്പൂര്‍ കലാപം എന്നിവയുള്‍പ്പെടെ വിവിധ വിഷയങ്ങളെ ധ്രുവ് തന്റെ വീഡിയോകളില്‍ അഭിസംബോധന ചെയ്തു. വീഡിയോ ചെയ്ത് മീഡിയ ആക്ടിവിസം ചുരുക്കിയില്ല. 2017 മുതല്‍ 2020ന്റെ ആരംഭം വരെ ധ്രുവ് ദി പ്രിന്റ് ഓണ്‍ലൈന്‍ പോര്‍ട്ടലിന് വേണ്ടി ലേഖനങ്ങള്‍ എഴുതി. 2018ലെ ബി ജെ പി-എ എ പി കലഹത്തെക്കുറിച്ചുള്ള ധ്രുവിന്റെ കവറേജ് ഏറെ കോളിളക്കം സൃഷ്ടിച്ചു. 2022 ഫെബ്രുവരി മുതല്‍ 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഫാക്റ്റ് വീഡിയോകള്‍ പങ്കിടാന്‍ ധ്രുവ് ഒരു ഷോര്‍ട്ട്സ് ചാനല്‍ ആരംഭിച്ചു. അദ്ദേഹം അവതരിപ്പിക്കുന്ന വിവരങ്ങളോട് കാഴ്ചക്കാര്‍ക്ക് പ്രതികരിക്കാനും ചര്‍ച്ച ചെയ്യാനുമുള്ള വേദിയും ഒരുക്കി.

2022 സെപ്തംബറില്‍, പാകിസ്താനിലെ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ച് അദ്ദേഹം പോസ്റ്റ് ചെയ്ത ഒരു വീഡിയോ ഇന്ത്യയുടെ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം തടഞ്ഞപ്പോഴാണ് ആദ്യമായി നിയമ പോരാട്ടത്തിലേക്ക് ധ്രുവ് കടക്കുന്നത്. അദ്ദേഹത്തിന്റെ വീഡിയോയില്‍ ഇന്ത്യയുടെ വികലമായ ഭൂപടം അടങ്ങിയിട്ടുണ്ടെന്ന് മന്ത്രാലയം അവകാശപ്പെട്ടു. അതില്‍ കശ്മീരിന്റെ ചില ഭാഗങ്ങള്‍ പാകിസ്താന്റെ ഭാഗമായാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നായിരുന്നു കേന്ദ്ര സര്‍ക്കാറും വിവിധ ഏജന്‍സികളും വാദിച്ചത്. 2023 മാര്‍ച്ചില്‍, “ശീതളപാനീയങ്ങളുടെ ഇരുണ്ട വശം’ എന്ന തലക്കെട്ടിലുള്ള വീഡിയോ ചെയ്തപ്പോള്‍ ഡാബറില്‍ നിന്ന് പകര്‍പ്പവകാശ ആരോപണങ്ങളും അദ്ദേഹം നേരിട്ടു. ധ്രുവ് ചെയ്ത ചില വീഡിയോകള്‍ നീക്കം ചെയ്യാന്‍ കൊല്‍ക്കത്ത ഹൈക്കോടതി സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളോട് ഉത്തരവിട്ടു. ജര്‍മനിയില്‍ നിന്നാണ് ധ്രുവ് വീഡിയോകള്‍ അപ് ലോഡ് ചെയ്യുന്നത് എന്നത് കൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഈ ചെറുപ്പക്കാരനെ കസ്റ്റഡിയിലെടുക്കാന്‍ സാധിച്ചിട്ടില്ല. അതേസമയം, ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പോരാട്ടം നടത്തുന്ന പ്രതിപക്ഷ പാര്‍ട്ടികളേക്കാള്‍ പൊതുജനങ്ങളെ സ്വാധീനിക്കുന്ന മാധ്യമ പ്രവര്‍ത്തകനായി ധ്രുവ് ഇടപെടല്‍ തുടരുകയുമാണ്. ഒരു ചെറിയ വീഡിയോക്ക് പോലും 20 ദശലക്ഷം കാഴ്ചക്കാരാണ് ധ്രുവ് നയിക്കുന്ന യൂട്യൂബ് ചാനലിനുള്ളത്. ഇത് മുഖ്യധാരാ വാര്‍ത്താ ചാനലുകളായ റിപബ്ലിക് ടി വി, സീ ന്യൂസ്, എന്‍ ഡി ടി വി തുടങ്ങിയ ചാനലുകളേക്കാള്‍ ബഹുദൂരം മുന്നിലാണ്.

“ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണം?’ എന്ന തലക്കെട്ടില്‍ ഇലക്ടറല്‍ ബോണ്ടുകളെക്കുറിച്ചുള്ള ഷോയുമായി ധ്രുവ് വന്നപ്പോള്‍ അതിന് 25 ദശലക്ഷം കാഴ്ചക്കാരെയാണ് ലഭിച്ചത്. ഇന്ത്യന്‍ മാധ്യമങ്ങളില്‍ വേണ്ടത്ര റിപോര്‍ട്ട് ചെയ്യപ്പെടാത്ത ലഡാക്കിലെ പ്രതിഷേധങ്ങളുടെ കഥയും അദ്ദേഹം ഏറ്റവും ഫലപ്രദമായി പുറത്തുകൊണ്ടുവന്നു. അതിന് ആദ്യ ദിവസം തന്നെ 9.8 ദശലക്ഷം കാഴ്ചക്കാരുണ്ടായിരുന്നു. ഒരു ചാനലും ഈ സംഭവം റിപോര്‍ട്ട് ചെയ്തിരുന്നില്ല. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനും കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ബേങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനും ധ്രുവ് പുറത്തുവിട്ട വീഡിയോ ബി ജെ പിയെ അക്ഷരാര്‍ഥത്തില്‍ വെട്ടിലാക്കി.

കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് നിരന്തരം സമ്മര്‍ദങ്ങള്‍ ഉണ്ടായപ്പോഴും തന്റെ നിലപാടുകള്‍ മാറ്റാനോ ഇടപെടലുകള്‍ നിര്‍ത്താനോ ധ്രുവ് തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്. “അര്‍ധ സ്വേച്ഛാധിപത്യം നിലനില്‍ക്കുമോ പോകുമോ’ എന്ന് തീരുമാനിക്കുന്ന ഈ തിരഞ്ഞെടുപ്പില്‍ എല്ലാ പൗരന്മാരും വോട്ട് ചെയ്യണമെന്ന സന്ദേശവുമായി അടുത്തിടെ ചെയ്ത സന്ദേശ വീഡിയോ ദൂരവ്യാപകമായി പ്രചരിപ്പിക്കാന്‍ ധ്രുവ് തന്റെ കാഴ്ചക്കാരോട് ആവശ്യപ്പെട്ടത് ഒരു രാഷ്ട്രീയ ഇടപെടലായിരുന്നു.

ജര്‍മനിയിലും ഇന്ത്യയിലുമായി താമസിക്കുന്ന ധ്രുവ് തന്റെ സഹ യൂട്യൂബറും ആക്ഷേപഹാസ്യകാരനുമായ ആകാശ് ബാനര്‍ജിക്ക് ഒരു അഭിമുഖം നല്‍കുകയുണ്ടായി. പല പരമ്പരാഗത മാധ്യമ സ്ഥാപനങ്ങളും തങ്ങളുടെ ജോലി ചെയ്യാത്ത കാലത്ത് രാജ്യസ്നേഹവും പൊതുജന താത്പര്യവും പരിഗണിച്ചാണ് താന്‍ മാധ്യമ പ്രവര്‍ത്തനം നടത്തുന്നതെന്നും അത് തന്നെയാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്നും അദ്ദേഹം തുറന്നുപറയുന്നുണ്ട്. ഇന്റര്‍നെറ്റ് സ്പേസ്, ഒ ടി ടി പ്ലാറ്റ്ഫോമുകള്‍, സോഷ്യല്‍ മീഡിയ എന്നിവയുമായി ബന്ധപ്പെട്ട നിലവിലുള്ള എല്ലാ നിയമങ്ങളും നയങ്ങളും ഒരു നിയമത്തിന് കീഴില്‍ ഏകീകരിക്കുന്ന പ്രക്രിയ കാരണം തങ്ങള്‍ ഉടന്‍ നിശബ്ദരാകുമെന്ന വസ്തുതയെക്കുറിച്ചും ഈ അഭിമുഖത്തില്‍ ധ്രുവ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഒരു വര്‍ഷം നീണ്ട കര്‍ഷകരുടെ പ്രതിഷേധത്തിന് ശേഷം തിരുത്തേണ്ടി വന്ന മൂന്ന് നിയമ നിര്‍മാണങ്ങള്‍ കൂടിയാണ് വിവാദമായ കാര്‍ഷിക നിയമങ്ങള്‍. എന്നാല്‍ ബ്രോഡ്കാസ്റ്റ് നിയമങ്ങളുടെ കാര്യത്തില്‍, ഒരു ബഹുജന പ്രസ്ഥാനത്തിന്റെയും പ്രതിഷേധം നിലവില്‍ ഇല്ല. സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും വിലമതിക്കുന്നവര്‍ക്കിടയില്‍ ഇക്കാര്യത്തില്‍ വലിയ ആശങ്കയുണ്ട് താനും.

കേന്ദ്ര ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ കൃത്യമായി ടാര്‍ഗറ്റ് ചെയ്യാനും നിയന്ത്രിക്കാനും സര്‍ക്കാറിന് നിലവില്‍ സംവിധാനങ്ങളുണ്ട്. ഏകദേശം 3,00,000 സബ്സ്‌ക്രൈബര്‍മാരുള്ള ബോള്‍ട്ട ഹിന്ദുസ്ഥാന്‍ എന്ന ഹിന്ദി യൂട്യൂബ് ചാനലിനെ പ്ലാറ്റ്ഫോമില്‍ നിന്ന് നീക്കം ചെയ്തത് കഴിഞ്ഞ ആഴ്ചയാണ്. സ്വാഭാവികമായും ധ്രുവ് റാഠിയെ നിശബ്ദമാക്കാനുള്ള നീക്കങ്ങള്‍ ഇപ്പോഴേ ആരംഭിച്ചിട്ടുണ്ടാകും.

പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന രാഷ്ട്രീയ ഇടപെടലിനേക്കാള്‍ ഫലപ്രദമായി രാഷ്ട്രീയം പറയാന്‍ ധ്രുവിന് സാധിക്കുന്നുണ്ട്. രാജ്യത്തെ ബഹുഭൂരിപക്ഷം ആളുകളും സംസാരിക്കുന്ന ഹിന്ദിയിലാണ് ധ്രുവ് സംസാരിക്കുന്നത് എന്നുള്ളതും വീഡിയോ ഫോര്‍മാറ്റില്‍ സംവദിക്കുന്നു എന്നതും സാധാരണക്കാരിലേക്ക് തന്റെ വീഡിയോ എത്താന്‍ ധ്രുവ് റാഠിയെ ഏറെ സഹായിക്കുന്നുണ്ട്. നിലവില്‍ മറ്റു പ്രാദേശിക ഭാഷകളിലേക്കും തന്റെ ഷോ എത്തിക്കാന്‍ അദ്ദേഹം ശ്രമം തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ ധ്രുവിന് കിട്ടിയ സ്വീകാര്യത ബി ജെ പി സൈബറിടങ്ങളെ കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കിയത്. അദ്ദേഹത്തിനെതിരെ ഹേറ്റ് ക്യാമ്പയിനുകളും സൈബര്‍ ആക്രമണങ്ങളും തുടങ്ങി. ഇതെല്ലാം ധ്രുവ് റാഠിയെ കൂടുതല്‍ കരുത്തനാക്കുകയും ധ്രുവിന്റെ വീഡിയോകളുടെ പോപ്പുലാരിറ്റി വര്‍ധിപ്പിക്കുകയും മാത്രമാണ് ചെയ്തത്.

കേരള സ്റ്റോറി സിനിമക്കെതിരെ വസ്തുതകള്‍ നിരത്തി വീഡിയോയുമായി ധ്രുവ് എത്തിയതോടെ മലയാളികള്‍ക്കിടയില്‍ ധ്രുവ് കൂടുതല്‍ സുപരിചിതനായി. 19 മില്യണ്‍ ആളുകള്‍ ആ വീഡിയോ കണ്ടു. കേരള സ്റ്റോറി ഏറ്റവും കൂടുതല്‍ പണം നേടിയ ഹിന്ദി ഹൃദയ ഭൂമിയില്‍, ഇതിനെ പ്രതിരോധിച്ച് ഹിന്ദി ഭാഷയില്‍ ധ്രുവ് തയ്യാറാക്കിയ വീഡിയോ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. #DhruvRathee എന്ന ഹാഷ് ടാഗ് തുടര്‍ച്ചയായ ദിവസങ്ങളിലെ എക്‌സ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ വന്നു. തിരഞ്ഞെടുപ്പിലെ അട്ടിമറി സാധ്യത, അസം നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ബി ജെ പി നേതാവിന്റെ കാറില്‍ നിന്ന് ഇ വി എം കണ്ടെടുത്ത സംഭവം, 19 ലക്ഷം വോട്ടിംഗ് മെഷീന്‍ കാണാതായ സംഭവം അങ്ങനെ നിരവധി വിഷയങ്ങളില്‍ വീഡിയോകളുമായി ധ്രുവ് വീണ്ടും കളം നിറഞ്ഞു.

തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന ഇനിയുള്ള ദിവസങ്ങളില്‍ നരേന്ദ്ര മോദിയെയും ബി ജെ പിയെയും ചോദ്യം ചെയ്യുന്ന വീഡിയോ കണ്ടന്റുമായി ധ്രുവ് നിലയുറപ്പിക്കും എന്നുള്ളത് ഉറപ്പാണ്. 17 മില്യണ്‍ വരിക്കാരുമായി ധ്രുവ് റാഠി തന്റെ ഇടപെടലുകള്‍ തുടരുകയാണ്; ഒരു മികച്ച പ്രതിപക്ഷ മാധ്യമ സ്ഥാപനമായി.

Latest