Connect with us

Kerala

എ ഡി ജി പിക്കെതിരായ ഡി ജി പിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ എ ഡി ജി പിക്കെതിരായ നടപടിയുണ്ടാവൂ എന്ന മുഖ്യമന്ത്രിയുടെ ശക്തമായ നിലപാടിനു പാര്‍ട്ടിയുടെ പിന്തുണ

Published

|

Last Updated

തിരുവനന്തപുരം | എ ഡി ജി പി എം ആര്‍ അജിത്ത് കുമാറിനെതിരായ ഡി ജി പിയുടെ റിപ്പോര്‍ട്ട് സര്‍ക്കാറിന് ഇന്ന് സമര്‍പ്പിക്കും. റിപ്പോര്‍ട്ട് അന്തിമമാക്കാന്‍ സമയം എടുത്തതിനാലാണ് സമര്‍പ്പിക്കുന്നത് ഇന്നേക്ക്‌ മാറ്റിയത്. രണ്ട് ഉന്നത ആര്‍ എസ് എസ് നേതാക്കളെ എ ഡി ജി പി കണ്ടതിലെ വിശദീകരണം, മാമി തിരോധാനമടക്കം പി വി അന്‍വര്‍ എം എല്‍ എ ഉന്നയിച്ച കേസുകളിലെ ഇടപെടല്‍ എന്നിവയെല്ലാം വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ എ ഡി ജി പിക്കെതിരായ നടപടിയുണ്ടാവൂ എന്ന ശക്തമായ നിലപാടിലാണ് മുഖ്യമന്ത്രി. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ആര്‍ക്കെതിരെയും നടപടിയെടുക്കാന്‍ കഴിയില്ലെന്നും പോലീസ് സേനയുടെ  ആത്മവിശ്വാസം  തകര്‍ക്കുന്ന ഒരു നടപടിയും ഉണ്ടാവില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ നിലപാടിനു പാര്‍ട്ടിയുടെ പിന്തുണയുമുണ്ട്. എന്നാല്‍ കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തില്‍ കുറ്റം തെളിഞ്ഞാല്‍ ആരെയും സംരക്ഷിക്കില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാടിനേയും പാര്‍ട്ടി പിന്തുണക്കുന്നു.

ആരോപണം ഉയര്‍ന്ന ഉടനെ നപടിയെടുക്കണം എന്ന പി വി അന്‍വറിന്റേയും ചില മാധ്യമങ്ങളുടേയും ആവശ്യത്തെ ശക്തമായി പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിയുടെ നിലപാടിനു കഴിഞ്ഞു എന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. എ ഡി ജി പിയുടെ ആര്‍ എസ് എസ് കൂടിക്കാഴ്ച വിവരം പുറത്തുവന്ന ഉടനെ അച്ചടക്ക നടപടി സ്വീകരിക്കാത്തതിന്റെ പേരില്‍ മുഖ്യമന്ത്രിയെ ആര്‍ എസ് എസുമായി ബന്ധപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ വിലപ്പോയിട്ടില്ലെന്ന നിലപാടിലാണ് പാര്‍ട്ടിയും മുഖ്യമന്ത്രിയും.