Connect with us

siraj prathivaram

മരുഭൂമിയിലെ മോഹക്കാഴ്ച

90 ലേറെ രാജ്യങ്ങളുടെ ഉപജീവനമാര്‍ഗമാണ് ഇന്ന് ഒട്ടകങ്ങള്‍. ലോകമെമ്പാടുമുള്ള ആളുകളുടെ നിത്യജീവിതത്തില്‍ ഈ ജീവിക്കുള്ള പ്രാധാന്യം അതുകൊണ്ടുതന്നെ വളരെ പ്രധാനപ്പെട്ടതാണ്. ഓരോ രാജ്യത്തേയും പ്രാദേശിക സമൂഹത്തിന് ഭക്ഷ്യസുരക്ഷയും സാമ്പത്തിക വളര്‍ച്ചയും ഉറപ്പാക്കാന്‍ ഒട്ടകവും പ്രയത്നിക്കുന്നുണ്ട്. ആ പ്രയത്നം ഒരിക്കലും അനുകൂല സാഹചര്യങ്ങളെ അതിജീവിച്ചല്ല, പ്രതികൂലാവസ്ഥകള്‍ തരണംചെയ്ത് തന്നെയാണെന്ന് മരുഭൂമിയിലെ ഈ ‘കപ്പലി’ന്റെ ജീവിതം സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.

Published

|

Last Updated

യുഎൻ 2024നെ കാമലിഡുകളുടെ അന്താരാഷ്ട്ര വർഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒട്ടകങ്ങൾ, ലാമകൾ, അൽപാക്കകൾ, വികുനകൾ, ഗ്വാനക്കോകൾ എന്നീ ഒട്ടക വിഭാഗ ജീവികൾ ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്കും ഭൂരിഭാഗവും വരുന്ന ഒട്ടകപാലകർക്കും ജീവിതം പുലർത്താൻ സഹായകമാണെന്ന് കാണിക്കാനും ഇതുമൂലം ഈ കാര്യത്തിൽ സവിശേഷ ശ്രദ്ധലോകത്തിന് മുന്നിൽ തുറന്നു കാട്ടുകയുമാണ്. ലോകമെമ്പാടുമുള്ള വരണ്ട പ്രദേശങ്ങളിലും പർവതപ്രദേശങ്ങളിലും ഉള്ള ആവാസവ്യവസ്ഥയുടെ ഒരു പ്രധാന ഉപജീവന മാർഗം അങ്ങനെ വെളിച്ചത്തു വരികയാണ്.പരിസ്ഥിതി വ്യവസ്ഥകളെ സംരക്ഷിക്കുന്നതിലും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലും കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടുന്നതിലും ഒട്ടകങ്ങളുടെ പ്രധാന പങ്കിനെക്കുറിച്ച് പൊതുജനങ്ങളുടെയും നയരൂപകർത്താക്കളുടെയും ഇടയിൽ അവബോധം വളർത്തുക കൂടിയാണ് ഈ വർഷം.
ഒട്ടകങ്ങളുടെ മുഖത്തേക്ക് നോക്കുമ്പോള്‍ ഒരു ദൈന്യത നിഴലിക്കുന്നതായി തോന്നാറുണ്ടോ? ഒരുപാട് നടന്ന്, ഒരുപാട് അധ്വാനിച്ച് വന്നുനില്‍ക്കുന്ന ഒരു ക്ഷീണിച്ച മനുഷ്യന്റെ മുഖത്തെ മിന്നിമറയല്‍ ഒട്ടകത്തില്‍ കാണാന്‍ കഴിയുന്നുണ്ടോ? അങ്ങനെയൊക്കെ പലപ്പോഴും തോന്നിയിട്ടുണ്ടോ?

ഇവിടെ തോന്നലുകള്‍ക്കല്ല പ്രസക്തി. യാഥാര്‍ഥ്യത്തിനു തന്നെയാണ്. 90 ലേറെ രാജ്യങ്ങളുടെ ഉപജീവനമാര്‍ഗമാണ് ഇന്ന് ഒട്ടകങ്ങള്‍.
ലോകമെമ്പാടുമുള്ള ആളുകളുടെ നിത്യജീവിതത്തില്‍ ഈ ജീവിക്കുള്ള സ്ഥാനം അതുകൊണ്ടുതന്നെ വളരെ പ്രധാനപ്പെട്ടതാണ്. ഓരോ രാജ്യത്തേയും പ്രാദേശിക സമൂഹത്തിന് ഭക്ഷ്യസുരക്ഷയും സാമ്പത്തിക വളര്‍ച്ചയും ഉറപ്പാക്കാന്‍ ഒട്ടകവും പ്രയത്നിക്കുന്നുണ്ട്. ആ പ്രയത്നം ഒരിക്കലും അനുകൂല സാഹചര്യങ്ങളെ അതിജീവിച്ചല്ല, പ്രതികൂലാവസ്ഥകള്‍ തരണംചെയ്ത് തന്നെയാണെന്ന് മരുഭൂമിയിലെ ഈ ‘കപ്പലി’ന്റെ ജീവിതം സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.

യു എന്‍ അസംബ്ലി അത് തിരിച്ചറിഞ്ഞ്, 2024 നെ അന്താരാഷ്ട്ര കമേലിഡ് വര്‍ഷമായി പ്രഖ്യാപിച്ചിട്ടുണ്ട്. നാം അത് ആചരിക്കുന്നു.
കമേലിഡ് ഒരു കുടുംബപ്പേരാണ്. ഒട്ടകങ്ങള്‍ മാത്രമല്ല, ലാമകളും, അല്‍പാക്കകളും, വിക്കുനകളും ഗ്വാനക്വാകളും ഈ കുടുംബത്തില്‍ പെടുന്നവരാണ്.

യു എന്‍ മുഖ്യമായും ഉദ്ദേശിക്കുന്നത് എല്ലാ അംഗരാജ്യങ്ങള്‍ക്കിടയിലും ഒട്ടകങ്ങളുടെ സാമ്പത്തിക – സാംസ്കാരിക പ്രാധാന്യത്തെക്കുറിച്ച് അവബോധം നടത്തിക്കുക തന്നെയാണ്.
സമൂഹത്തില്‍ പട്ടിണി നേരിടാൻ ഒട്ടകങ്ങള്‍ സഹായിക്കുന്നു. പാലിന്റെയും മാംസത്തിന്റെയും പ്രധാന ഉറവിടങ്ങളാണ് ഈ സസ്തനികളെങ്കിലും മറ്റൊരു പ്രധാന കാര്യം കൂടിയുണ്ട്. ഭക്ഷ്യ അരക്ഷിതാവസ്ഥയും പോഷകാഹാരക്കുറവും പരിഹരിക്കാന്‍ ഇവയ്ക്കാവുന്നുണ്ടെന്ന് സമൂഹത്തിന് കാണിച്ചുകൊടുക്കുക കൂടി യു എന്നിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.
കാലാവസ്ഥാ വ്യതിയാനത്തെ ശക്തമായി തടയാനും ഇവക്കാവുന്നുണ്ട്. പ്രതികൂല കാലാവസ്ഥ അതിജീവിക്കുമ്പോള്‍ അവിടെ താമസിക്കുന്ന ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനമാണ് ഒട്ടകം വഴി തളിര്‍ത്തു നില്‍ക്കുന്നത്.

കൃഷിക്കാവശ്യമായ ജൈവവളം കമേലിഡുകള്‍ നല്‍കുന്നത് അവയുടെ ചാണകത്തില്‍ അടങ്ങുന്ന സൂക്ഷ്മജീവികളുടെ സാന്നിധ്യത്താലാണ്. അതുകൊണ്ട് കൃഷി മെച്ചപ്പെടുന്നു. ചെടികളുടെ വളര്‍ച്ച ത്വരിതപ്പെടുകയും ചെയ്യുന്നു.

മരുഭൂമി എന്ന് കേള്‍ക്കുമ്പോള്‍ ഒരൊട്ടകമെങ്കിലും മനസ്സിലേക്ക് ചേക്കേറും. പിന്നെ ‘ഒട്ടക കാരവാന്‍’ വരും. ചരക്കുംകൊണ്ട് ധൃതിയില്‍ പോകുന്ന ഒട്ടകങ്ങളും മനസ്സിലെത്തും. മരുഭൂമിയില്‍ മാത്രമല്ല ആന്റിസ് പര്‍വതനിരകളിലും ഉയര്‍ന്ന പ്രദേശങ്ങളിലും ആഫ്രിക്കയിലെയും ഏഷ്യയിലെയും വരണ്ട പ്രദേശങ്ങളിലും കഴിയുന്നവരുടെ ജീവിതത്തില്‍ തണുപ്പിന്റെ ചങ്ങലക്കണ്ണികള്‍ക്കിടയിലും ചൂടിന്റെ ചങ്ങലക്കണ്ണികള്‍ക്കിടയിലും കണ്ണികള്‍ പൊട്ടാതെ സമൂഹത്തെ ദൃഢമായി വിളക്കിച്ചേര്‍ത്ത് ഒട്ടകങ്ങള്‍ നിലകൊള്ളുന്നു.
ഒട്ടനവധി ശരീര സവിശേഷതകള്‍ ഒട്ടകത്തെ മറ്റ് ജീവികളില്‍ നിന്നും മാറ്റിത്തീര്‍ക്കുന്നു. ഒട്ടകത്തിന്റെ കട്ടിയുള്ള രോമം തന്നെയാണ് ആദ്യ സവിശേഷത. ചൂടിന്റെയും തണുപ്പിന്റെയും അതിര്‍ത്തികളടച്ച് ശരീരത്തെ കാത്ത് രക്ഷിക്കുന്നത് ഇവതന്നെ.
കാൽമുട്ടിലെയും വയറിന്റെ ഭാഗത്തെയും കട്ടിയേറിയ മാംസകവചങ്ങളും പ്രതികൂല കാലാവസ്ഥകളോട് ഏറ്റുമുട്ടാന്‍ ഒട്ടകത്തെ സഹായിക്കുന്നു.

ഒട്ടകപ്പുറത്തെ ‘മുഴ’യാണ് മറ്റൊന്ന്. ഇതാണ് ‘ഹമ്പ്’. ഇതിലാണ് കൊഴുപ്പ് സംഭരിച്ചുവെച്ചിരിക്കുന്നത്. വെള്ളവും ഭക്ഷണവും കഴിക്കാതെ മാസങ്ങളോളം കഴിയാന്‍ ഇത് ഏറെ സഹായകരമാണ്. ഈ ഹമ്പില്‍ നിറയെ മാംസകലകളാണ്. ശരീരത്തിനാവശ്യമായ ജലമായും ഊര്‍ജമായും മാറാന്‍ കഴിയുന്നവ. ഇങ്ങനെ 25 കി. ഗ്രാം വരെ ഒരു ഹമ്പില്‍ നിറച്ചുവെക്കാനാകും. മിനുട്ടുകള്‍ക്കകം 100 ലിറ്റര്‍ ജലം വരെ അകത്താക്കുന്ന ഇവ അത് ആവശ്യത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു.

നീളമുള്ള കാലുകള്‍ നടക്കുമ്പോഴും നില്‍ക്കുമ്പോഴും മണലിലെ താപം ശരീരത്തിലേല്‍ക്കുന്നത് കുറയ്ക്കും. കുളമ്പിന് വളരെയേറെ വിസ്തൃതി ആയതിനാല്‍ ചുവടുറപ്പിച്ച് നടക്കാനുമാകും. നീളമുള്ള കണ്‍പീലികള്‍ മറ്റൊരു പ്രത്യേകതയാണ്. കാറ്റത്ത് മണല്‍ വന്ന് കയറില്ല. മൂന്ന് കണ്‍പോളകളുമുണ്ട്. കണ്ണില്‍ മണല്‍ കയറാതെ നില്‍ക്കാന്‍ ഇത് സഹായകവുമാണ്.
ഇങ്ങനെ എന്തെല്ലാം പ്രത്യേകതകള്‍ ഉണ്ടെങ്കിലും മനുഷ്യനോട് ചേര്‍ന്ന് നില്‍ക്കുന്ന ഈ മൃഗകുടുംബം ഉള്ളതുകൊണ്ട് തന്നെയാണ് ഇവയൊക്കെയുള്ള ഇടങ്ങളിലെ മനുഷ്യര്‍ അതിജീവനപാതയിലെത്തിയത്. ജീവിതം സുഗമമാക്കിയത്. ഈ വര്‍ഷത്തെ ദിനാചരണങ്ങള്‍ക്ക് മാത്രമല്ലാതെ ഒട്ടകം തരുന്ന ഊര്‍ജവും ഒട്ടകം തരുന്ന നേട്ടങ്ങളും എന്നെന്നും സൂക്ഷിച്ചുവെക്കാന്‍ കിട്ടുന്ന ഒരവസരം കൂടിയാണ് ഈ ഒട്ടകങ്ങളുടെ അന്താരാഷ്ട്ര വര്‍ഷം.

sinojraj@gmail.com

Latest