Connect with us

Kerala

കടുപ്പിച്ച് കൃഷി വകുപ്പ്; മുൻകൂർ അനുമതിയില്ലെങ്കിൽ നിലം നികത്തൽ വേണ്ട

വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി

Published

|

Last Updated

തിരുവനന്തപുരം | മുൻകൂർ അനുമതി വാങ്ങാതെ സംസ്ഥാനത്ത് നിലം നികത്തിയുള്ള ഒരു നിർമാണ പ്രവൃത്തികളും അനുവദിക്കേണ്ടെന്ന കർശന നിർദേശവുമായി കൃഷി വകുപ്പ്. 2008ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതിന് ശേഷമാണ് പലപ്പോഴും ബന്ധപ്പെട്ട കമ്മിറ്റികൾക്കും അധികാരികൾക്കും മുമ്പാകെ പരിവർത്തനാനുമതിക്കുള്ള അപേക്ഷ പരിഗണനക്കായി എത്തുന്നത്. ഇത്തരം സാഹചര്യങ്ങൾ പൂർണമായും ഒഴിവാക്കണമെന്നാണ് നിർദേശം.

ഇത് സർക്കാറിനെ സമ്മർദത്തിലാക്കുകയും വിഷമാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുമെന്നതിനാൽ ഇത്തരത്തിലുള്ള അനധികൃതവും നിയമവിരുദ്ധവുമായ പരിവർത്തനങ്ങൾ തുടക്കത്തിൽ തന്നെ തടയുന്നതിനും ഭൂമിയുടെ തരം അതേ നിലയിൽ സംരക്ഷിക്കുന്നതിനും പ്രത്യേകം ശ്രദ്ധ ചെലുത്താനും കൃഷി വകുപ്പ് നിർദേശം നൽകി.

ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് (23) പ്രകാരമുള്ള നടപടികളും അച്ചടക്ക നടപടികളും സ്വീകരിക്കാനും കൃഷി മന്ത്രി പി പ്രസാദ് ബന്ധപ്പെട്ട് ഉദ്യേഗസ്ഥരോട് ആവശ്യപ്പെട്ടു.
നിയമത്തിന്റെ അന്തസ്സത്ത ഉൾക്കൊണ്ട് വ്യവസ്ഥകൾ പാലിച്ചും പാരിസ്ഥിതിക പ്രാധാന്യമുള്ള നെൽവയലുകളും തണ്ണീർതടങ്ങളും സംരക്ഷിക്കേണ്ടത് പൊതുസമൂഹത്തിന്റെയും സർക്കാറിന്റെയും ബാധ്യതയാണെന്നതിനാൽ വ്യക്തമായ പരിശോധനക്കു ശേഷം മാത്രമേ ഇത്തരം ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകാവൂവെന്നും നിർദേശമുണ്ട്.

പിറവം നിയോജക മണ്ഡലത്തിൽ രാമമംഗലം- മണീട് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കിഴുമുറികടവ് പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണത്തിനായി ഭൂമി രൂപാന്തരപ്പെടുത്തുന്നതിനെ കുറിച്ച് അനൂപ് ജേക്കബ് എം എൽ എ നിയമസഭയിൽ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

Latest