Connect with us

protest in israel

പ്രതിരോധം ഇങ്ങനെ വേണം

ലോകത്താകെയുള്ള ജനാധിപത്യ വിശ്വാസികൾക്ക് വലിയ ആവേശം പകരുന്ന ഐതിഹാസികമായ പ്രക്ഷോഭമാണ് അരങ്ങേറുന്നത്. ടെൽ അവീവിൽ, തുറമുഖ നഗരമായ ഹൈഫയിൽ, ജറൂസലമിൽ സർവ നഗരങ്ങളിലും പതിനായിരങ്ങൾ അണിനിരക്കുന്നു. ജഡ്ജിമാരെ നിയമിക്കുന്നതിൽ സർക്കാറിന് ഇടപെടാനാകണം. ജുഡീഷ്യൽ റിവ്യൂ അധികാരം വെട്ടിക്കുറക്കണം. ഏത് കോടതി വിധിയും പാർലിമെന്റിലെ ഭൂരിപക്ഷം വെച്ച് റദ്ദാക്കാനാകണം. ഈ ലക്ഷ്യങ്ങൾ നേടാനാണ് നെതന്യാഹു സർക്കാർ പുതിയ നിയമനിർമാണത്തിന് മുതിരുന്നത്.

Published

|

Last Updated

ധ്യജറൂസലമിലെ ഇസ്‌റാഈലി സുപ്രീം കോടതി സമുച്ചയത്തിലേക്കുള്ള റോഡിൽ പൊടുന്നനെയാണ് തടിച്ച ചുവപ്പ് വര പ്രത്യക്ഷപ്പെട്ടത്. പോലീസിന് കാര്യം പിടികിട്ടും മുമ്പ് പ്രതിഷേധത്തിന്റെ കടും വർണം വിടർന്ന് കഴിഞ്ഞിരുന്നു. ശുചീകരണ തൊഴിലാളികളുടെ വേഷത്തിലെത്തിയ അഞ്ച് പേർ നൊടിയിടയിൽ സ്‌പ്രേ പെയിന്റ് ചെയ്യുകയായിരുന്നു. നീതിന്യായ വിഭാഗത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് ഇടിച്ചു കയറുന്ന നെതന്യാഹു സർക്കാറിനുള്ള ചുവപ്പ് സിഗ്നലായിരുന്നു അത്. റോഡിൽ അവർ ഹിബ്രുവിലും അറബിയിലും ഇംഗ്ലീഷിലും എഴുതി വെച്ചു: ഡ്രോയിംഗ് ദി ലൈൻ. ഇന്ത്യയിലിരുന്നു കൊണ്ട് അത് ഇങ്ങനെ വായിക്കാം: “ഇതാണ് ലക്ഷ്മണ രേഖ’. ഒറ്റക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ തീവ്രവലതുപക്ഷ, സയണിസ്റ്റ് കക്ഷികളുടെ സഖ്യത്തിൽ പ്രധാനമന്ത്രി കസേരയിൽ തിരിച്ചെത്തിയ ബെഞ്ചമിൻ നെതന്യാഹുവിന് അധികാരം സമാഹരിച്ചിട്ട് കൊതി തീരുന്നില്ല. ഫലസ്തീൻ മണ്ണ് കവർന്നെടുത്തും അറബ് വംശജർക്ക് നേരെ നിരന്തരം പുറന്തള്ളൽ നയം പുറത്തെടുത്തും കുതിക്കുന്ന നെതന്യാഹുവിന്റെ മുന്നിൽ തടസ്സം നിൽക്കുന്നത് കോടതി മാത്രമാണ്.

പ്രതിപക്ഷം അങ്ങേയറ്റം ദുർബലവും ശിഥിലവുമായിരിക്കുന്നു. പുതിയൊരു നയം മുന്നോട്ട് വെക്കാനാകാത്ത പ്രതിപക്ഷത്തിന് നെതന്യാഹുവിനെ നേരേ നിന്ന് നേരിടാനുള്ള ഉള്ളുറപ്പില്ല. പരിമിതമായെങ്കിലും ശബ്ദമുയർന്നത് കോടതി മുറിയിൽ നിന്നാണ്. കൈയേറ്റ നയങ്ങൾക്കെതിരെ വിധി വന്നു. ശൈഖ് ജർറാഹിൽ അറബ് കുടുംബങ്ങളുടെ വീട് പൊളിച്ചു നീക്കാൻ സയണിണിസ്റ്റ് ബുൾഡോസറുകൾ ഇരച്ചെത്തിയപ്പോൾ സ്റ്റേ ഓർഡർ വന്നു. പാർലിമെന്റ് പാസ്സാക്കിയ വംശീയ നിയമങ്ങൾ ജുഡീഷ്യൽ പരിശോധനക്ക് വിധേയമാക്കി ചവറ്റു കൊട്ടയിലെറിഞ്ഞു. ഈ നിലക്ക് പോയാൽ നേരത്തേയുള്ള അഴിമതിക്കേസുകളിൽ താൻ ജയിലിൽ പോകേണ്ടി വരുമെന്ന് നെതന്യാഹുവിന് നന്നായറിയാം. ഒറ്റ വഴിയേ ഉള്ളൂ. ജുഡീഷ്യറിയെ വരുതിയിലാക്കുക. ജഡ്ജിമാരെ നിയമിക്കുന്നതിൽ സർക്കാറിന് ഇടപെടാനാകണം. ജുഡീഷ്യൽ റിവ്യൂ അധികാരം വെട്ടിക്കുറക്കണം. ഏത് കോടതി വിധിയും പാർലിമെന്റിലെ ഭൂരിപക്ഷം വെച്ച് റദ്ദാക്കാനാകണം. ഈ ലക്ഷ്യങ്ങൾ നേടാനാണ് നെതന്യാഹു സർക്കാർ പുതിയ നിയമനിർമാണത്തിന് മുതിരുന്നത്. നിയമത്തിന്റെ ഒന്നാം വായന പൂർത്തിയായിരിക്കുന്നു. ഏപ്രിൽ രണ്ടോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമം പ്രാബല്യത്തിലാക്കാനാണ് നീക്കം. ഭരണ സഖ്യത്തിൽ വിള്ളലില്ലാത്തതിനാൽ പാർലിമെന്റിനകത്ത് ഒന്നും നടക്കില്ല. പ്രതിപക്ഷം ഒരുമിച്ചാലും നിയമനിർമാണം തടയാനാകില്ല.

വഴിയടഞ്ഞ് നെതന്യാഹു

ഭൂരിപക്ഷത്തിന്റെ ഹുങ്കിൽ ഒരു ഭരണാധികാരി സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങിയാൽ എങ്ങനെ പ്രതിരോധിക്കണമെന്ന് പഠിക്കാൻ ഇപ്പോൾ ഇസ്‌റാഈലിലേക്ക് നോക്കേണ്ടിയിരിക്കുന്നു. ലോകത്താകെയുള്ള ജനാധിപത്യ വിശ്വാസികൾക്ക് വലിയ ആവേശം പകരുന്ന ഐതിഹാസികമായ പ്രക്ഷോഭമാണ് അവിടെ അരങ്ങേറുന്നത്. ടെൽ അവീവിൽ, തുറമുഖ നഗരമായ ഹൈഫയിൽ, ജറൂസലമിൽ സർവ നഗരങ്ങളിലും പതിനായിരങ്ങൾ അണിനിരക്കുന്ന പ്രക്ഷോഭങ്ങൾ നടക്കുകയാണ്. പാടിയും പറഞ്ഞും നൃത്തം വെച്ചും മുദ്രാവാക്യം മുഴക്കിയും പോലീസിനെ വെല്ലുവിളിച്ചും അവർ തെരുവ് കീഴടക്കുന്നു. സയണിസ്റ്റ് വിരുദ്ധരും ഇടതുപക്ഷക്കാരും ന്യൂനപക്ഷ സംഘടനക്കാരും കടുത്ത ജൂതവാദികൾ പോലും കൈകോർക്കുകയാണ്. ഈ രാജ്യത്തെ സമ്പൂർണമായി മാറ്റിമറിക്കാനാണ് നെതന്യാഹു സർക്കാർ ശ്രമിക്കുന്നത്. ഇത് നോക്കി നിൽക്കാനാകില്ല. ഞങ്ങൾക്ക് ചരിത്ര ബോധമുണ്ട്- പ്രക്ഷോഭകർ പറയുന്നു. പ്രധാനമന്ത്രിക്കും മന്ത്രിമാർക്കും പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്. റോഡുകൾ മുഴുവൻ ഉപരോധിച്ചതിനാൽ നെതന്യാഹുവിന് വിദേശത്തേക്ക് യാത്ര തിരിക്കാൻ വ്യോമസേനാ ഹെലികോപ്റ്ററിൽ വിമാനത്താവളത്തിലെത്തേണ്ട ഗതി വന്നു. ജർമനി സന്ദർശനം കഴിഞ്ഞ് വരുന്ന പ്രധാനമന്ത്രിയെ ബെൻഗൂറിയൻ വിമാനത്താവളത്തിൽ നിന്ന് പുറത്ത് കടക്കാൻ അനുവദിക്കില്ലെന്ന് സമരക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹം പോകാനിരിക്കുന്ന ലണ്ടനിലും റോമിലുമെല്ലാം പ്രതിഷേധമൊരുക്കും. ബിസിനസ്സ് രംഗത്തെ പ്രമുഖർ, മനുഷ്യാവകാശ പ്രവർത്തകർ, പ്രതിപക്ഷ നേതാക്കൾ, മുൻ പ്രധാനമന്ത്രി എഹൂദ് ബാരകിനെ പോലുള്ള നേതാക്കൾ, വിരമിച്ച സൈനിക ഉദ്യോഗസ്ഥർ എല്ലാം പ്രക്ഷോഭത്തിൽ അണി നിരക്കുന്നുണ്ട്. പ്രക്ഷോഭകരുടെ ആവശ്യം ന്യായമാണെന്നും നിർദിഷ്ട നിയമം പിൻവലിക്കണമെന്നും പ്രസിഡന്റ് ഇസാക് ഹെർസോഗിന് തന്നെ പറയേണ്ടി വന്നു. അദ്ദേഹത്തിന്റെ മുൻകൈയിൽ നടന്ന അനുരഞ്ജന ചർച്ചകൾ പക്ഷേ, നെതന്യാഹുവിന്റെ പിടിവാശിയിൽ എങ്ങുമെത്തിയില്ല.

ജനുവരി ആദ്യമാണ് നെതന്യാഹു മന്ത്രിസഭയിലെ നീതിന്യായ മന്ത്രി യാരിൻ ലെവിൻ വിവാദ ജുഡീഷ്യൽ പരിഷ്‌കരണ ബിൽ അവതരിപ്പിച്ചത്. ജഡ്ജിമാരുടെ നിയമനത്തിൽ സർക്കാറിന്റെ ഇടപെടൽ കൂട്ടുകയാണ് ബില്ലിന്റെ പ്രാഥമിക ലക്ഷ്യം. രാഷ്ട്രീയ നേതാക്കളും ജഡ്ജിമാരും അഭിഭാഷകരുമടങ്ങിയ സമിതിയാണ് ഇപ്പോൾ ന്യായാധിപരെ തിരഞ്ഞെടുക്കുന്നത്. ഈ സംവിധാനത്തിൽ നിയമജ്ഞർക്കാണ് ഭൂരിപക്ഷം. എന്നാൽ പുതിയ സംവിധാനം നിലവിൽ വന്നാൽ രാഷ്ട്രീയക്കാർക്ക് മേൽക്കൈയാകും. അങ്ങനെ ഇഷ്ടക്കാർ ന്യായാധിപരാകും. ഇഷ്ടമുള്ള വിധി മാത്രം വരും. നിയമത്തിലെ മറ്റൊരു നിർദേശം ഇതിനേക്കാൾ അപകടകരമാണ്. 120 അംഗ നെസ്സറ്റിൽ (ഇസ്‌റാഈൽ പാർലിമെന്റിൽ) കേവല ഭൂരിപക്ഷം അഥവാ 61 പേരുടെ പിന്തുണയുണ്ടെങ്കിൽ സുപ്രീം കോടതിയുടെ ഏത് വിധിയും അസാധുവാക്കാനാകുമെന്നതാണ് ആ വ്യവസ്ഥ. ഭരിക്കുന്നവരെ ബാധിക്കുന്ന വിധി വന്നാൽ പാർലിമെൻറിലെ ഭൂരിപക്ഷം ഉപയോഗിച്ച് അസാധുവാക്കാം. പാർലിമെന്റ്പാസ്സാക്കുന്ന നിയമങ്ങൾ ജുഡീഷ്യൽ റിവ്യൂവിന് വിധേയമാക്കാനും ആവശ്യമെങ്കിൽ അസാധുവാക്കാനുമുള്ള കോടതിയുടെ അധികാരവും എടുത്തു കളയും. ഭൂരിപക്ഷത്തിൽ വിശ്വസിക്കുന്ന ജനാധിപത്യ രാജ്യമാണ് ഇസ്‌റാഈലെന്നും അതിനാൽ നീതിന്യായ വ്യവസ്ഥയേക്കാൾ തിരഞ്ഞെടുത്ത ജനപ്രതിനിധികൾക്ക് മുൻഗണന നൽകണമെന്നുമാണ് സർക്കാറിനെ പിന്തുണക്കുന്നവർ വാദിക്കുന്നത്.

പ്രക്ഷോഭം അടിച്ചമർത്തി വിവാദ നിയമനിർമാണവുമായി നെതന്യാഹു മുന്നോട്ട് പോകുമായിരിക്കും. ഇസ്‌റാഈൽ ഭരണവ്യവസ്ഥ കൂടുതൽ ക്രൗര്യം കൈവരിക്കുമായിരിക്കും. പക്ഷേ, ഈ പ്രക്ഷോഭം ഉണ്ടാക്കിയ അവബോധം ഒലിച്ചു പോകില്ല. അത് ഉള്ളിൽ പ്രവർത്തിച്ചു കൊണ്ടേയിരിക്കും. ശരിയായ ജനാധിപത്യത്തിലേക്കുള്ള ചാലക ശക്തിയായി അതവിടെയുണ്ടാകും.

മോദിയെന്ന ഭാഗ്യവാൻ

ഇനി ഇന്ത്യയിലേക്ക് വന്നാലോ. ഇവിടെ ജനാധിപത്യ സ്ഥാപനങ്ങളെ ഒന്നൊന്നായി ആർ എസ് എസ് കൈപ്പിടിയിലൊതുക്കി കൊണ്ടിരിക്കുകയാണ്. 2025ൽ ആ സംഘടനയുടെ നൂറാം വാർഷികം ആഘോഷിക്കുമ്പോഴേക്കും ഈ കീഴടക്കൽ സമ്പൂർണമാക്കേണ്ടതുണ്ട്. അതുകൊണ്ട് വല്ലാത്തൊരു തിടുക്കത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്. സൈനിക വിഭാഗങ്ങളെ അഗ്നിവീറുകളാക്കി കഴിഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടാവുന്ന സ്ഥിതി നേടിക്കഴിഞ്ഞു. ഇനി പ്രധാന ലക്ഷ്യം ജൂഡീഷ്യറിയാണ്. കിരൺ റിജിജുവും ജഗ്ദീപ് ദൻകറും ജഡ്ജിമാരെ ഉപദേശിക്കാത്ത ദിവസമില്ല. ചിലപ്പോൾ അത് ഉപദേശം വിട്ട് ഭീഷണിയാകും. ആർ എസ് എസ് മുഖപത്രം എഴുതുന്നത് നോക്കൂ: “ഇന്ത്യക്കാരുടെ നികുതിപ്പണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയുടെ സ്വന്തമായ ഒന്നാണ് സുപ്രീം കോടതി. ഇന്ത്യക്ക് വേണ്ടി നിർമിച്ച നിയമങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയാണ് അതിന്റെ കടമ. രാജ്യത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് സുപ്രീം കോടതിയെന്ന പേരിലൊരു സംവിധാനം നമ്മൾ സൃഷ്ടിക്കുകയും നിലനിർത്തുകയും ചെയ്യുന്നത്. എന്നാൽ, ഇന്ത്യയെ എതിർക്കുന്നവർക്ക് വഴിയൊരുക്കാനുള്ള ശ്രമങ്ങളുടെ ഉപകരണമായി അത് ഉപയോഗിക്കപ്പെടുകയാണ്’. ഇത്രയൊക്കെ പറയാൻ കാരണമെന്തെന്ന് അന്വേഷിച്ചാൽ എങ്ങോട്ടാണ് പോക്കെന്ന് മനസ്സിലാകും. ഗുജറാത്ത് വംശഹത്യ സംബന്ധിച്ച ബി ബി സി ഡോക്യുമെന്ററി നിരോധിക്കാനാകില്ലെന്ന നിയമപരമായ നിരീക്ഷണം നടത്തുക മാത്രമേ സുപ്രീം കോടതി ബഞ്ച് ചെയ്തിട്ടുള്ളൂ.

സത്യത്തിൽ ഇന്ത്യയിലെ കോടതികളെ ഈ “സന്ദേശം’ ബാധിച്ചു കഴിഞ്ഞിട്ടുണ്ട്. ബാബരി മസ്ജിദ് വിധി വായിച്ചാൽ ഇത് ബോധ്യപ്പെടും. റാഫേൽ യുദ്ധവിമാന കരാറിൽ അന്വേഷിക്കേണ്ടതായി ഒന്നുമില്ലെന്നാണല്ലോ കോടതി കണ്ടെത്തിയത്. അസമിലെ പൗരത്വ പ്രശ്‌നത്തിൽ സുപ്രീം കോടതിയെടുത്ത നിലപാടാണല്ലോ ഇന്ത്യൻ പൗരത്വത്തിന്റെ മാനദണ്ഡമായി മതം കടന്നുവരുന്നതിന് വഴിയൊരുക്കിയത്. നോട്ട് നിരോധനമെന്ന പമ്പര വിഡ്ഢിത്തത്തിൽ കോടതിക്ക് ഒരു സന്ദേഹവുമുണ്ടായില്ലല്ലോ. കാശിയിലെയും വാരാണസിയിലെയും പള്ളികളെ തർക്ക മന്ദിരമാക്കാൻ കോടതി കൂട്ട് നിൽക്കുന്നതാണല്ലോ കാണുന്നത്. എഴുതിവെച്ചോളൂ. കേന്ദ്ര ഭരണകൂടത്തിന്റെ അസ്ഥിക്ക് തൊടുന്ന ഒറ്റ വിധി പുറപ്പെടുവിച്ചാൽ കാണാം “ഭൂരിപക്ഷം’ എങ്ങനെയാണ് കോടതികൾക്ക് മേൽ പ്രവർത്തിക്കാൻ പോകുന്നതെന്ന്. കിരൺ റിജിജു ഇന്നലെയും ലക്ഷ്മണ രേഖയെക്കുറിച്ച് ഓർമിപ്പിച്ചിട്ടുണ്ട്. കൊളീജിയം സംവിധാനത്തിനെതിരായ ആക്രമണം കൃത്യമായ പദ്ധതിയുടെ ഭാഗമാണ്. ജഡ്ജിമാരെ അവർ തന്നെ നിയമിക്കുന്നത് ശരിയാണോ എന്ന ലളിത ചോദ്യം വിഴുങ്ങിയിരുന്നാൽ ജഡ്ജിമാരെ നാഗ്പൂരിൽ നിന്ന് തീരുമാനിക്കുന്ന സ്ഥിതി വരും. ഫാസിസ്റ്റുകൾ എതിർക്കുന്ന ഒറ്റ കാരണം മതി കൊളീജിയം സംവിധാനത്തെ പിന്തുണക്കാൻ.

ഇസ്‌റാഈലിലെപ്പോലെ ഇന്ത്യൻ സുപ്രീം കോടതിക്ക് ചുറ്റും ചുവന്ന വര തീർക്കേണ്ട സമയമായിരിക്കുന്നു. കഷ്ടമാണ്. നമ്മുടെ തെരുവുകൾ എന്താണ് ഉണരാത്തത്? അധികാരത്തിലേക്കുള്ള ചവിട്ടു പടിയായി മാത്രം പ്രതിപക്ഷ രാഷ്ട്രീയം അധഃപതിച്ചത് കൊണ്ടാണോ? അതോ പ്രതിഭാശാലിയായ ഒരു നേതാവിന്റെ അഭാവമാണോ കാരണം. സി എ എ വിരുദ്ധ സമരവും കർഷക സമരവുമില്ലായിരുന്നെങ്കിൽ ഇന്ത്യൻ ജനാധിപത്യം മരിച്ചു കഴിഞ്ഞുവെന്ന് തീർച്ചയാക്കാമായിരുന്നു. മോദിയെ വിളിച്ച് നെതന്യാഹു പറഞ്ഞിട്ടുണ്ടാകും: എന്റെ പ്രിയ സുഹൃത്തേ താങ്കളെത്ര ഭാഗ്യവാനാണ്!

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്