Connect with us

Articles

കൂറുമാറ്റുന്നത് ഇന്ത്യയിലെ ജനാധിപത്യത്തെയാണ്

രാഷ്ട്രീയ കുതിരക്കച്ചവടവും കൂറുമാറ്റവും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തീരാശാപമായി മാറിക്കൊണ്ടിരിക്കുന്നു. അരുണാചല്‍ പ്രദേശ്, ഗോവ, മണിപ്പൂര്‍, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ സര്‍ക്കാറുകളെ അസ്ഥിരമാക്കിയാണ് അവിടെയെല്ലാം ബി ജെ പി ഭരണം പിടിച്ചെടുത്തത്. രാജ്യഭരണത്തിന്റെ സ്വാധീനമുപയോഗിച്ചും പണമെറിഞ്ഞ് വലവീശിയും ഗവര്‍ണര്‍മാരുടെ വഴിവിട്ട ഇടപെടലുകളിലൂടെയുമാണ് ബി ജെ പി ജനാധിപത്യത്തെ വിലക്കുവാങ്ങിക്കൊണ്ടിരിക്കുന്നത്.

Published

|

Last Updated

1967ല്‍ ഹരിയാന എം എല്‍ എ ആയിരുന്ന ഗയ ലാല്‍ ഒരു ദിവസം മൂന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ മാറിയാണ് ചരിത്ര ലിപികളില്‍ തന്റെ നാമം സുന്ദരമായി “അടയാളപ്പെടുത്തിയത്’. അക്കരെ പച്ച തേടിയുള്ള അലച്ചിലായിരുന്നു അത്. അങ്ങനെ പല രാഷ്ട്രീയ നേതാക്കളും ഭിക്ഷാംദേഹികളായി പല കാലങ്ങളില്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളിലേക്ക് കൂടുമാറിയിട്ടുണ്ട്. ഇപ്പോഴും അതിന് നിര്‍ബാധ തുടര്‍ച്ച സംഭവിക്കുന്നു. അവസരവാദത്തിന്റെ ഈ ഓന്ത് രാഷ്ട്രീയം അവരുടെ സ്വകാര്യ വിഷയമാണെങ്കില്‍ നമുക്കവരെ പാട്ടിന് വിടാമായിരുന്നു. പക്ഷേ ഇന്ത്യന്‍ ജനാധിപത്യത്തോടും അതിന്റെ നിര്‍ണായക ഭാഗധേയം നിര്‍വഹിക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയയോടും ആത്യന്തികമായി ജനതയോടുമുള്ള അവഹേളനമാണ് കൂറുമാറ്റം.
ആയാറാം ഗയറാം എന്ന് കുപ്രസിദ്ധി നേടിയ പ്രയോഗം രാഷ്ട്രീയ ഭാഗ്യാന്വേഷകരുടെ ജനാധിപത്യവിരുദ്ധമായ സമീപനത്തിന്റെ സാമാന്യവത്കരണത്തെ കുറിക്കുന്നതായപ്പോഴാണ് 1985ല്‍ കൂറുമാറ്റ നിരോധന നിയമം കൊണ്ടുവരുന്നത്. ഭരണഘടനയുടെ 10 – ഷെഡ്യൂളിന്റെ ബലത്തിലാണ് പ്രസ്തുത നിയമം പ്രാബല്യത്തിലാകുന്നത്. എന്നാല്‍ കൂറുമാറ്റ നിരോധന നിയമത്തിലെ പഴുതുകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വ്യാപക നിയമലംഘനങ്ങള്‍ക്ക് പില്‍ക്കാല ഇന്ത്യന്‍ രാഷ്ട്രീയം സാക്ഷ്യം വഹിച്ചു. കൂറുമാറ്റ നിരോധന നിയമപ്രകാരം ഒരു സഭാ സാമാജികനെ അയോഗ്യനാക്കുന്നതില്‍ നിന്ന് മുക്തമാക്കുന്ന മൂന്ന് അപവാദങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഏത് രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായാണോ സാമാജികനായി തിരഞ്ഞെടുക്കപ്പെട്ടത് പ്രസ്തുത രാഷ്ട്രീയ പാര്‍ട്ടിയുടെ മൂന്നില്‍ ഒന്ന് അംഗങ്ങളുമായി പാര്‍ട്ടിയെ പിളര്‍ത്തുക, മൂന്നില്‍ രണ്ട് അംഗങ്ങളുടെ അംഗീകാരത്തോടെ മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കുകയോ ലയിച്ച് പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുകയോ ചെയ്യുക, സഭാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുന്ന സാമാജികന്‍ അധ്യക്ഷനായി തുടരുന്ന കാലമത്രയും തന്റെ രാഷ്ട്രീയ പാര്‍ട്ടി അംഗത്വം സ്വമേധയാ തിരിച്ചുനല്‍കല്‍ എന്നിവയാണ് കൂറുമാറ്റം കാരണമായി അയോഗ്യത കല്‍പ്പിക്കപ്പെടുന്നതില്‍ നിന്ന് പുറത്തുകടത്തുന്ന വഴികള്‍.

അയോഗ്യതയുടെ ഭാരമില്ലാതെ മൂന്നില്‍ ഒന്ന് അംഗങ്ങളുമായി പാര്‍ട്ടി പിളര്‍ത്താം എന്നായതോടെ അസ്ഥിര ഭരണകൂടങ്ങള്‍ നമ്മുടെ ജനാധിപത്യത്തെ തന്നെ ദുര്‍ബലപ്പെടുത്തുന്ന സ്ഥിതിവിശേഷമുണ്ടായി. അധികാരലബ്ധിയുടെ സാധ്യതകള്‍ക്കൊപ്പം രാഷ്ട്രീയ കക്ഷികള്‍ പലതായി പിളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്തു. കൂറുമാറ്റ നിരോധനത്തിലെ പിളര്‍ത്തല്‍ അപവാദം വലിയ തോതില്‍ ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന് 1999ല്‍ സമര്‍പ്പിക്കപ്പെട്ട നിയമ കമ്മീഷന്റെ 170ാം റിപോര്‍ട്ട് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് 2003ല്‍ 91ാം ഭരണഘടനാ ഭേദഗതിയിലൂടെ പാര്‍ലിമെന്റ് പിളര്‍ത്തല്‍ അപവാദം ഒഴിവാക്കുകയായിരുന്നു. അപ്പോഴും മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്‍ബലത്തോടെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുമായി ലയനം നടത്തുന്നതില്‍ പന്തികേട് കാണാതിരുന്നത് പിന്നീട് പല കോണിലും ചര്‍ച്ചയായിരുന്നു. മഹാരാഷ്ട്രയിലെ മഹാ അഘാഡി സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബി ജെ പിക്ക് സഹായകരമായിരിക്കുന്നത് കൂറുമാറ്റ നിരോധന നിയമത്തില്‍ ശേഷിച്ച ഈ അപവാദം തന്നെ.

സമീപ വര്‍ഷങ്ങളില്‍ വിവിധ സംസ്ഥാനങ്ങളിലെ ഭരണം അട്ടിമറിക്കാന്‍ കൂറുമാറ്റ നിരോധന നിയമത്തിലെ ഉപായങ്ങള്‍ കേന്ദ്ര ഭരണത്തിന്റെ കരുത്തില്‍ ഉപയോഗപ്പെടുത്തുകയായിരുന്നു ബി ജെ പി. അത്തരം ശ്രമങ്ങളില്‍ വിഷയം നീതിപീഠ പരിഗണനയിലെത്തുകയും ചെയ്തിരുന്നു. കൂറുമാറ്റ നിരോധനം പ്രമേയമാകുന്ന, ഭരണഘടനയിലെ 10- ഷെഡ്യൂള്‍ ശക്തിപ്പെടുത്താനുതകുന്ന മാറ്റങ്ങള്‍ പാര്‍ലിമെന്റ് കൊണ്ടുവരണമെന്ന് ഊന്നിപ്പറയുന്നതായിരുന്നു 2019ല്‍ കര്‍ണാടക എം എല്‍ എമാരുടെ കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി. സഭാ സാമാജികരെ മോഷ്ടിക്കുന്ന മോശം പ്രവണതയെ യഥോചിതം അഡ്രസ്സ് ചെയ്ത് അതിന് തടയിടാന്‍ പര്യാപ്തമായ നിയമം വേണമെന്ന് 2020ല്‍ മധ്യപ്രദേശ് കേസിലും പരമോന്നത നീതിപീഠം ആവശ്യപ്പെട്ടെങ്കിലും കൂറുമാറ്റുന്നതിന്റെ ആശാന്‍മാരായ ബി ജെ പി അതിന് തുനിഞ്ഞതേയില്ല.
കൂറുമാറ്റ നിരോധന നിയമപ്രകാരം സഭാ സാമാജികരുടെ അയോഗ്യതയില്‍ തീരുമാനമെടുക്കാനുള്ള സ്പീക്കറുടെ അധികാരം അന്തിമമാണെന്നും നീതിപീഠങ്ങളില്‍ അത് ചോദ്യം ചെയ്യാനാകില്ലെന്നുമുള്ള മാന്‍ഡേറ്റ് ഭരണഘടനാവിരുദ്ധമാണെന്ന് വിലയിരുത്തി സുപ്രീം കോടതി നേരത്തേ റദ്ദാക്കിയതാണ്. അതേസമയം കൂറുമാറ്റ നിരോധന നിയമവുമായി ബന്ധപ്പെട്ട് സഭാധ്യക്ഷനായ സ്പീക്കര്‍ക്ക് അവശ്യം വേണ്ട അധികാരങ്ങള്‍ പരമോന്നത നീതിപീഠത്തിന്റെ വിധിതീര്‍പ്പിലൂടെ അടുത്ത കാലത്ത് എടുത്തുമാറ്റപ്പെട്ടത് കൂറുമാറ്റം പ്രോത്സാഹിപ്പിക്കപ്പെടുന്നതിന് കാരണമായെന്ന നിരീക്ഷണം ഇതിനകം ഉയര്‍ന്നുവന്നിട്ടുണ്ട്. എം എല്‍ എക്ക് രാജിവെക്കാം, പക്ഷേ രാജി തള്ളുന്ന കാര്യത്തില്‍ സഭാധ്യക്ഷന് വിവേചനാധികാരമില്ലെന്നത് കൂറുമാറ്റ ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണ്. സഭാ സാമാജികരുടെ രാജിക്ക് പിന്നിലെ കാരണമന്വേഷിക്കാന്‍ സ്പീക്കര്‍ക്ക് കഴിയില്ല. രാഷ്ട്രീയ സമ്മര്‍ദം മൂലം രാജിവെക്കുന്നതാണെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ക്ക് രാജി തള്ളാനാകില്ല. സാധ്യമാകുന്നത് രാജിക്കത്തിന്റെ ആധികാരികതയും സ്വമേധയാ രാജിവെക്കുന്നതാണോ എന്നതും പരിശോധിക്കുക മാത്രം. അതായത് രാജിക്കത്തിന്‍മേല്‍ ഒരു സെക്്ഷന്‍ ക്ലാര്‍ക്കിന്റെ പണിയേ സ്പീക്കര്‍ എടുക്കേണ്ടൂ എന്നാണ് 2019ല്‍ കര്‍ണാടക എം എല്‍ എമാരുടെ കേസില്‍ സുപ്രീം കോടതി പ്രസ്താവിച്ചത്. രാഷ്ട്രീയ സമ്മര്‍ദത്താല്‍ ഒരു എം എല്‍ എ രാജിവെക്കുമ്പോഴും ആ രാജി സ്വമേധയാ ഉള്ളതാണെന്ന് കൂടെ കൂട്ടിച്ചേര്‍ത്തു പരമോന്നത നീതിപീഠം. ബാഹ്യ രാഷ്ട്രീയ ഇടപെടലുകളെ തുടര്‍ന്ന് രാജിവെക്കുന്നതും സ്വമേധയാ രാജിവെക്കുന്നതാണെന്ന സുപ്രീം കോടതിയുടെ ന്യായവാദം ജാഗ്രതാപൂര്‍ണമായ നിരീക്ഷണമല്ലെന്നും അത് പുനഃപരിശോധിക്കപ്പെടേണ്ടതാണെന്നുമുള്ള അഭിപ്രായ പ്രകടനങ്ങള്‍ നിയമലോകത്ത് നിന്ന് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.

രാഷ്ട്രീയ കുതിരക്കച്ചവടവും കൂറുമാറ്റവും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തീരാശാപമായി മാറിക്കൊണ്ടിരിക്കുന്നു എന്ന് വേണം കരുതാന്‍. അരുണാചല്‍ പ്രദേശ്, ഗോവ, മണിപ്പൂര്‍, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ ആറ് സംസ്ഥാനങ്ങളിലെ സര്‍ക്കാറുകളെ അസ്ഥിരമാക്കിയാണ് അവിടെയെല്ലാം ബി ജെ പി ഭരണം പിടിച്ചെടുത്തത്. രാജ്യഭരണത്തിന്റെ സ്വാധീനമുപയോഗിച്ചും പണമെറിഞ്ഞ് വലവീശിയും സംഘപശ്ചാത്തലമുള്ള ഗവര്‍ണര്‍മാരുടെ വഴിവിട്ട ഇടപെടലുകളിലൂടെയുമാണ് ബി ജെ പി ജനാധിപത്യത്തെ വിലക്കുവാങ്ങിക്കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തില്‍ രാജ്യത്തെ പൗരന്‍മാര്‍ നിര്‍വഹിക്കുന്ന ഭാഗധേയത്തെക്കുറിച്ച് അന്താരാഷ്ട്ര വേദികളില്‍ നിരന്തരം സംസാരിക്കാറുള്ള പ്രധാനമന്ത്രിയും മറ്റും തരം കിട്ടിയാല്‍ ജനഹിതത്തെ തങ്ങളുടെ കാല്‍ചുവട്ടില്‍ ഖബറടക്കുന്ന കാഴ്ചയാണ് 2014 മുതല്‍ കണ്ടുവരുന്നത്. അത്തരമൊരു ഘട്ടത്തില്‍ പഴുതില്ലാത്ത സമഗ്ര നിയമനിര്‍മാണങ്ങള്‍ക്കും നീതിപീഠത്തിന്റെ ഭരണഘടനാ പ്രേരിതമായ ഇടപെടലുകള്‍ക്കുമാണ് നമ്മുടെ രാജ്യത്തെ ജനാധിപത്യത്തെ സംരക്ഷിക്കാനാകുക.

കൂറുമാറിയ അംഗത്തിന് നടപ്പ് സഭയുടെ കാലാവധി കഴിയുന്നത് വരെ അയോഗ്യത കല്‍പ്പിക്കാന്‍ സ്പീക്കര്‍ക്ക് അവകാശമില്ലെന്ന് കര്‍ണാടക എം എല്‍ എമാരുടെ കേസില്‍ പ്രസ്താവിച്ചിരുന്നു പരമോന്നത നീതിപീഠം. കൂറുമാറ്റം നടത്തി അയോഗ്യനായ സഭാ സാമാജികന്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കുന്ന പക്ഷം നടപ്പ് സഭയില്‍ തന്നെ അംഗമാകുന്നതിന് നിയമം അനുവദിക്കുന്നു. കൂറുമാറിയ അംഗം മറ്റു രാഷ്ട്രീയ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച് അതേ സഭയില്‍ തിരിച്ചെത്തുന്നത് തടയുന്ന നിയമ നിര്‍മാണം അനിവാര്യമാണ്. കൂറുമാറ്റം നടത്തിയവര്‍ നിശ്ചിത വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കുന്ന നിയമമുണ്ടാകുന്നത് തോന്നിയ പടി മറുകണ്ടം ചാടുന്ന തെറ്റായ പ്രവണതയെ പ്രതിരോധിക്കാന്‍ സഹായിക്കുകയും ചെയ്യും.

---- facebook comment plugin here -----

Latest