Connect with us

From the print

നിലപാട് വ്യക്തമാക്കി ദീപിക ; വർഗീയ വിഷം വിളമ്പാൻ ആരും ഇലയിടേണ്ട

"പാനപാത്രമേതായാലും വിഷം കുടിക്കരുത്' എന്ന തലക്കെട്ടിലാണ് പത്രം നിലപാട് വ്യക്തമാക്കുന്നത്

Published

|

Last Updated

കോഴിക്കോട് | കത്തോലിക്കാ സഭയുടെ പേര് പറഞ്ഞ് വർഗീയതയുടെ വിഷം വിളമ്പാൻ ആരും ഇലയിടേണ്ടെന്ന് ദീപിക ദിനപത്രത്തിന്റെ മുഖപ്രസംഗം. ക്രൈസ്തവരെ രക്ഷിക്കാനെന്ന മുഖംമൂടിയിട്ട് ഇതര മതസ്ഥരെ അവഹേളിക്കുന്ന ക്രിസ്ത്യൻ നാമധാരികൾ ആരായാലും സഭയുടെ തോളിലിരുന്നു ചെവി തിന്നേണ്ടെന്നും എഡിറ്റോറിയൽ വ്യക്തമാക്കുന്നു. സഭ സ്വന്തം ചെലവിൽ ഒരു വർഗീയ പ്രസ്ഥാനത്തെയും വളർത്തിയെടുക്കില്ലെന്നും മതത്തെയല്ല തീവ്രവാദത്തെയാണ് ചെറുക്കുന്നതെന്നും വ്യക്തമാക്കുന്നു.

“പാനപാത്രമേതായാലും വിഷം കുടിക്കരുത്’ എന്ന തലക്കെട്ടിലാണ് പത്രം നിലപാട് വ്യക്തമാക്കുന്നത്. ആഗോള ഇസ്‌ലാമിക തീവ്രവാദത്തെയും ഹിന്ദു വർഗീയവാദത്തെയും ന്യൂനപക്ഷ വിരുദ്ധതെയും അഹിംസാ മാർഗങ്ങളിലൂടെയാണ് കത്തോലിക്ക സഭ എതിർത്തിട്ടുള്ളത്. ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും കൊടുത്ത് ഒരു ജനതയായി നമുക്കു ജീവിക്കണം. രാജ്യത്തിനും ലോകത്തിനും മാതൃകയാകാനുള്ള ചരിത്ര നിയോഗം കേരളത്തെപ്പോലെ ഏറ്റെടുക്കാൻ മറ്റാർക്കു കഴിയുമെന്നും എഡിറ്റോറിയൽ ചോദിക്കുന്നു. മതത്തെ രക്ഷിക്കാനിറങ്ങിയിരിക്കുന്നവരെക്കൊണ്ടു മറ്റുള്ളവർക്ക് ജീവിക്കാനാകാത്ത സ്ഥിതിയാണ്.

മതമേതായാലും പ്രശ്‌നമില്ല; പ്രധാന വിഷയങ്ങളൊന്നും ചർച്ച ചെയ്യപ്പെടാതിരിക്കാനുള്ള ഈ തെരുവുനാടകങ്ങളിലെ അഭിനേതാക്കളെ തിരിച്ചറിയാൻ വൈകിയാൽ കേരളവും വലിയ വില കൊടുക്കേണ്ടിവരും. നമുക്കൊരു മനുഷ്യാവകാശവും മറ്റുള്ളവർക്ക് വേറൊന്നും എന്നതു കാപട്യമാണ്. ഏതു പാനപാത്രത്തിൽ നിന്നായാലും വിഷം കുടിക്കില്ലെന്നും മക്കൾക്ക് കൊടുക്കില്ലെന്നും പറഞ്ഞുകൊണ്ടേ നമുക്ക് സത്യസന്ധരാകാൻ കഴിയൂവെന്നും എഡിറ്റോറിയൽ വ്യക്തമാക്കുന്നു.

 

 

Latest