Connect with us

Uae

നബിദിനം; അബൂദബിയില്‍ പൊതു പാര്‍ക്കിംഗ് സൗജന്യം

Published

|

Last Updated

അബൂദബി | പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ ജന്മദിനത്തിന്റെ ഭാഗമായി അബൂദബി, അല്‍ ഐന്‍ നഗരത്തില്‍ പൊതു പാര്‍ക്കിംഗ് സൗജന്യമായിരിക്കുമെന്ന് സംയോജിത ഗതാഗത മന്ത്രാലയം (ഐ ടി സി) അറിയിച്ചു. ഇന്ന് മുതല്‍ (ഒക്ടോബര്‍ 21 വ്യാഴം) ഒക്ടോബര്‍ 23 ശനിയാഴ്ച രാവിലെ 7.59 വരെയാണ് പാര്‍ക്കിംഗ് സൗജന്യം. കൂടാതെ, മുസഫ വ്യവസായ മേഖലയിലെ പാര്‍ക്കിംഗ് സ്ഥലം എം 18 സൗജന്യമായിരിക്കും. നിരോധിത പ്രദേശങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും ഗതാഗതം തടസപ്പെടുത്തരുതെന്നും പൊതുജനങ്ങളോട് ഐ ടി സി അഭ്യര്‍ഥിച്ചു. താമസ കേന്ദ്രങ്ങളിലെ റസിഡന്റ് പെര്‍മിറ്റ് പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ രാത്രി ഒമ്പത് മുതല്‍ രാവിലെ എട്ട് വരെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. പെര്‍മിറ്റ് പാര്‍ക്കിംഗ് സ്ഥലങ്ങള്‍ സംബന്ധിച്ച ചട്ടങ്ങള്‍ കര്‍ശനമായും പാലിക്കണം.

കസ്റ്റമര്‍ ഹാപ്പിനെസ് സെന്ററുകള്‍, ദര്‍ബ് ടോള്‍ ഗേറ്റ് സമയം, ബസ്, ഫെറി സര്‍വീസ്
കസ്റ്റമര്‍ ഹാപ്പിനെസ് സെന്ററുകള്‍ ഇന്ന് മുതല്‍ മൂന്ന് ദിവസം അവധിയായിരിക്കും. ഒക്ടോബര്‍ 24 ഞായറാഴ്ച പ്രവര്‍ത്തനം പുനരാരംഭിക്കും. ഇന്ന് ദര്‍ബ് ടോള്‍ ഗേറ്റിലൂടെയുള്ള പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഐ ടി സി അറിയിച്ചു. ടോള്‍ ഗേറ്റ് ശനിയാഴ്ച മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും. തിരക്കേറിയ സമയങ്ങളില്‍ രാവിലെ ഏഴ് മുതല്‍ ഒമ്പത് വരെയും വൈകിട്ട് അഞ്ച് മുതല്‍ ഏഴ് വരെയുമാണ് ദര്‍ബ് പ്രവര്‍ത്തനം. ഐ ടി സി വെബ്‌സൈറ്റ്, ദര്‍ബി വെബ്‌സൈറ്റ്, ആപ്പ്, ഡര്‍ബ് ആപ്പ് എന്നിവ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി ഐ ടി സിയുടെ സേവനങ്ങള്‍ക്കായി അപേക്ഷിക്കാവുന്നതാണ്. കൂടാതെ, ഉപഭോക്താക്കള്‍ക്ക് മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിന്റെയും ഏകീകൃത സേവന പിന്തുണാ കേന്ദ്രവുമായി 800850 അല്ലെങ്കില്‍ 600535353 എന്ന കോള്‍ സെന്റര്‍ നമ്പറില്‍ മുഴുവന്‍ സമയവും ബന്ധപ്പെടാവുന്നതാണ്.

അബൂദബി, അല്‍ ഐന്‍ സിറ്റി, അല്‍ ദഫ്ര മേഖല എന്നിവിടങ്ങളിലെ പൊതു ബസ് സര്‍വീസ് സമയം വെള്ളിയാഴ്ചത്തെ ഷെഡ്യൂള്‍ പാലിക്കും. ജബല്‍ അല്‍ ധന്ന തുറമുഖത്തിനും ഡല്‍മ ദ്വീപിനും ഇടയിലും സാദിയാത്തിനും അല്‍ അലിയ ദ്വീപുകള്‍ക്കുമിടയിലുള്ള ഫെറി സര്‍വീസുകള്‍ നിലവിലെ ഷെഡ്യൂള്‍ അനുസരിച്ച് പ്രവര്‍ത്തിക്കും. ബസുകളോ ഫെറികളോ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ മുന്‍കരുതലുകള്‍ പാലിക്കണമെന്നും സ്റ്റേഷനുകളില്‍ കാത്തുനില്‍ക്കുന്നത് ഒഴിവാക്കാന്‍ ദര്‍ബി ആപ്പ് ഉപയോഗിക്കണമെന്നും ഐ ടി സി അഭ്യര്‍ഥിച്ചു.

 

---- facebook comment plugin here -----

Latest