National
ദര്‍ശന്‍ സോളങ്കിയുടെ ആത്മഹത്യ: രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് ദളിത് സംഘടനകള്‍
സംവരണ സീറ്റില്‍ പ്രവേശനം കിട്ടിയതിന്റെ പേരില്‍ ദര്‍ശന്‍ സോളങ്കിയ്ക്ക് അധിക്ഷേപങ്ങള്‍ നേരിട്ടിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
മുംബൈ| ബോംബെ ഐഐടിയില്‍ ദളിത് വിദ്യാര്‍ത്ഥി ദര്‍ശന്‍ സോളങ്കി ആത്മഹത്യ ചെയ്ത സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് ദളിത് സംഘടനകള്‍. ഞായറാഴ്ച ദേശീയ വ്യാപകമായി പ്രതിഷേധദിനം ആചരിക്കുമെന്ന് ദളിത് നേതാവ് ജിഗ്‌നേഷ് മേവാനി പറഞ്ഞു.
ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് ജാതി അധിക്ഷേപം നേരിട്ടിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത ഐ ഐ ടി ബോംബെ ഡയറക്ടര്‍ രാജി വെക്കണമെന്ന് അംബേദ്കര്‍ പെരിയാര്‍ ഫുലേ സ്റ്റഡി സര്‍ക്കിള്‍ ആവശ്യപ്പെട്ടു. സംവരണ സീറ്റില്‍ പ്രവേശനം കിട്ടിയതിന്റെ പേരില്‍ ദര്‍ശന്‍ സോളങ്കിയ്ക്ക് അധിക്ഷേപങ്ങള്‍ നേരിട്ടുവെന്നും ചില സഹപാഠികള്‍ ഒറ്റപ്പെടുത്തിയെന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്. കുടുംബത്തോടും കാമ്പസിലെ മെന്ററോടും ഇക്കാര്യം ദര്‍ശന്‍ പറഞ്ഞിട്ടുണ്ടെന്നും സുഹൃത്തുക്കള്‍ വ്യക്തമാക്കി.
2014 ല്‍ അനികേത് അമ്പോരെയെന്ന ദളിത് വിദ്യാര്‍ത്ഥിയും ജാതി അധിക്ഷേപം നേരിട്ട് ആത്മഹത്യ ചെയ്തിരുന്നു. ദര്‍ശന്‍ മരിച്ചപ്പോഴും ഒറ്റപ്പെട്ട സംഭവമെന്നാണ് ഐഐടി ബോംബെ അഡ്മിനിസ്‌ട്രേഷന്‍ പറയുന്നത്. അഹമ്മദാബാദില്‍ ദര്‍ശന്‍ സോളങ്കിയുടെ വീട് സന്ദര്‍ശിച്ച ജിഗ്‌നേഷ് മേവാനി പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഞായറാഴ്ച ദീപങ്ങളുമായി രാജ്യവ്യാപകമായി പ്രതിഷേധിക്കും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ – 1056, 0471- 2552056)


