National
മരണാനന്തരം എന്ത് സംഭവിക്കും എന്നറിയാൻ ജിജ്ഞാസ; 17കാരി ജീവനൊടുക്കി
പെൺകുട്ടി ഓൺലൈൻ ഗെയിമിന് അടിമയായിരുന്നുവെന്നും സംശയിക്കുന്നതായി ഉദ്യോഗസ്ഥർ
നാഗ്പൂർ | മരണ ശേഷം എന്ത് സംഭവിക്കും എന്നറിയാനുള്ള ‘ജിജ്ഞാസ’ മൂത്ത് 17കാരി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. സ്വകാര്യ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയും നാഗ്പൂരിലെ ആർബിഐയിലെ റീജിയണൽ ഡയറക്ടറുടെ ഏക മകളുമായ യുവതിയാണ് ജീവനൊടുക്കിയത്. മരിക്കുന്നതിന് മുമ്പ് മരണത്തിന് ശേഷം എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് യുവതി നിരന്തരം ഗൂഗിളിൽ തിരഞ്ഞതായി കണ്ടെത്തി. യൂറോപ്യൻ സംസ്കാരത്തെ കുറിച്ചും അവൾ ഗൂഗിൾ സെർച്ച് നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.
മൂർച്ചയേറിയ സ്റ്റോൺ ബ്ലേഡ് കത്തി ഉപയോഗിച്ച് ആദ്യം കൈത്തണ്ട വെട്ടിയ പെൺകുട്ടി പിന്നീട് കഴുത്തും സ്വയം അറുക്കുകയായിരുന്നു. പ്രാദേശിക വിപണിയിൽ വാങ്ങാൻ കിട്ടാത്ത കത്തി ഓൺലൈനിൽ ഓർഡർ ചെയ്ത് വരുത്തിയതാകാം എന്നാണ് സംശയിക്കുന്നത്. തിങ്കളാഴ്ച രാവിലെ 5.45 ഓടെ ചത്രപതി നഗർ പ്രദേശത്തെ അവരുടെ വീട്ടിലെ കിടപ്പുമുറിയിൽ മകൾ രക്തത്തിൽ കുളിച്ചുകിടക്കുന്നത് മാതാവാണ് ആദ്യം കണ്ടത്. ബഹളംവെച്ച അവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പോലീസ് എത്തി പെൺകുട്ടിയുടെ മൊബൈൽ പരിശോധിച്ചപ്പോഴാണ്, അവൾ ഗൂഗിളിൽ ‘മരണശേഷം എന്ത് സംഭവിക്കും’ എന്നതിനെക്കുറിച്ച് വിവരങ്ങൾ തിരഞ്ഞിരുന്നുവെന്ന് മനസ്സിലാക്കിയത്. വിദേശ സംസ്കാരങ്ങളെക്കുറിച്ച് അവൾ തന്റെ ഡയറികളിൽ വ്യാപകമായി എഴുതിയിരുന്നുവെന്നും പോലീസ് പറഞ്ഞു. പെൺകുട്ടി ഓൺലൈൻ ഗെയിമിന് അടിമയായിരുന്നുവെന്നും സംശയിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)


