Connect with us

editorial

വിമര്‍ശനം ജനാധിപത്യത്തിന്റെ ഇന്ധനം

ഭരണകര്‍ത്താക്കളുടെ അരുതാത്ത ചെയ്തികളെ വിമര്‍ശിക്കാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ട്. വിയോജിക്കാനുള്ള അവകാശവും അഭിപ്രായ സ്വാതന്ത്ര്യവുമാണ് ജനാധിപത്യത്തിന് ശക്തി പകരുന്നത്. ഈ അവകാശങ്ങളെ ഇല്ലായ്മ ചെയ്യുന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും

Published

|

Last Updated

“വിമര്‍ശനം ഉയര്‍ത്തുന്നവരെയെല്ലാം ജയിലില്‍ അടക്കാന്‍ തുടങ്ങിയാല്‍ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതിനു മുമ്പ് രാജ്യത്ത് എത്ര പേര്‍ ജയിലിലാകും?’- സുപ്രീംകോടതിയുടേതാണ് ചോദ്യം. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ യൂട്യൂബര്‍ ദുരൈമുരുഗന്‍ സാട്ടൈക്ക് തമിഴ്‌നാട് ഹൈക്കോടതി റദ്ദാക്കിയ ജാമ്യം പുനഃസ്ഥാപിച്ചു കൊണ്ട് ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങുന്ന സുപ്രീം കോടതി ബഞ്ചാണ് ചോദ്യമുന്നയിച്ചത്. ദുരൈമുരുഗന് ജാമ്യം അനുവദിക്കുകയാണെങ്കില്‍, ജാമ്യകാലത്ത് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന നിബന്ധന വെക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാറിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.

സാമൂഹിക മാധ്യമങ്ങളുടെ കാലമാണിത്. പൗരന്മാരുടെ സ്വതന്ത്രമായ അഭിപ്രായപ്രകടനങ്ങളുടെ വേദികളാണ് സൈബര്‍ ഇടങ്ങള്‍. രാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹിക പ്രക്രിയകളില്‍ പങ്കാളിയാകാന്‍ എല്ലാ പൗരന്മാരെയും അനുവദിക്കുകയെന്നതാണ് ശരിയായ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകം. ഈ പങ്കാളിത്തത്തില്‍ ഉള്‍പ്പെടുന്നു ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളോടും നയങ്ങളോടും വിയോജിപ്പ് പ്രകടിപ്പിക്കലും. ഇതടിസ്ഥാനത്തിലാണ് ഭരണഘടനയുടെ 19ാം അനുഛേദം പൗരന്മര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പ് നല്‍കിയത്. ഇന്ത്യന്‍ ഭരണഘടന മാത്രമല്ല, 1948 ഡിസംബര്‍ പത്തിലെ മനുഷ്യാവകാശ പ്രഖ്യാപനം, സിവില്‍, പൊളിറ്റിക്കല്‍ റൈറ്റ് സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടി, മനുഷ്യാവകാശങ്ങളും മൗലികാവകാശങ്ങളും സംബന്ധിച്ച യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ തുടങ്ങിയ അന്താരാഷ്ട്ര ചട്ടങ്ങളും ഉറപ്പ് നല്‍കുന്നുണ്ട് അഭിപ്രായ സ്വാതന്ത്ര്യം.

ഭരണകര്‍ത്താക്കളുടെ അരുതാത്ത ചെയ്തികളെ വിമര്‍ശിക്കാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ട്. വിയോജിക്കാനുള്ള അവകാശവും അഭിപ്രായ സ്വാതന്ത്ര്യവുമാണ് ജനാധിപത്യത്തിന് ശക്തി പകരുന്നത്. ഈ അവകാശങ്ങളെ ഇല്ലായ്മ ചെയ്യുന്നത് ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. വിമര്‍ശനങ്ങള്‍ ജനാധിപത്യത്തിന്റെ സുരക്ഷാ വാള്‍വാണ.് അതനുവദിച്ചില്ലെങ്കില്‍ പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിക്കുന്നതു പോലെ പൊട്ടിത്തെറിയുണ്ടാകുമെന്ന് 2018 ആഗസ്റ്റ് 29ന് സുപ്രീം കോടതി രാജ്യത്തെ ഭരണാധികാരികളെ ഓര്‍മിപ്പിച്ചത് ശ്രദ്ധേയമാണ്. വിപ്ലവ കവി വരവര റാവു, സാമൂഹിക പ്രവര്‍ത്തക സുധ ഭരദ്വാജ് തുടങ്ങിയ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റിനെതിരെ ചരിത്രകാരി റോമിലാഥാപ്പര്‍ സമര്‍പ്പിച്ച ഹരജിയുടെ പരിഗണനാ വേളയിലായിരുന്നു കോടതിയുടെ ഈ പരാമര്‍ശം.

ഇതു തന്നെയാണ് ദുരൈമുരുഗനെതിരായ കേസിലെ സുപ്രീം കോടതിയുടെ ചോദ്യത്തിന്റെ പൊരുളും. വിമര്‍ശങ്ങളെ സഹിഷ്ണുതയോടെ നേരിടാനുള്ള വിശാല മനസ്സാണ് ഭരണാധികാരികള്‍ക്ക് വേണ്ടത്. വിമര്‍ശകരെയെല്ലാം കല്‍ത്തുറുങ്കിലടച്ച് നിശബ്ദരാക്കാന്‍ ശ്രമിക്കുന്നത് ഫാസിസ്റ്റ് ശൈലിയാണ്. എ ഐ എ ഡി എം കെ ഭരണകാലത്ത് വിമര്‍ശകരെ സര്‍ക്കാര്‍ നിരന്തരം വേട്ടയാടുകയും കേസെടുത്ത് പീഡിപ്പിക്കുകയും ചെയ്തപ്പോള്‍ അതിനെതിരെ പ്രതിഷേധിച്ചവരാണ് ഡി എം കെ നേതാക്കള്‍. അവരാണിപ്പോള്‍ സ്റ്റാലിന്റെ വിമര്‍ശകരെ വേട്ടയാടുന്നത്.

അതേസമയം അഭിപ്രായ സ്വാതന്ത്ര്യം പോലെ തന്നെ അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണ് തങ്ങളുടെ വ്യക്തിത്വവും മാന്യതയും ഹനിക്കപ്പെടാതിരിക്കാനുള്ള പൗരന്മാരുടെ അവകാശവും. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ മറ്റൊരാളെ വിമര്‍ശിക്കുമ്പോള്‍ അതിന് അതിര്‍ വരമ്പുകള്‍ അനിവാര്യമാണ്. ആര്‍ക്കും ആരെയും ഏത് വിധേനയും വിമര്‍ശിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗമാണിത്. ഡല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കവെ 2020 ഒക്ടോബറില്‍ സുപ്രീം കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയതാണ്. എന്തും വിളിച്ചു പറയാനുള്ള സ്വാതന്ത്ര്യമല്ല ഭരണഘടന നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യമെന്ന് 2020 സെപ്തംബറില്‍ ബോംബെ ഹൈക്കോടതിയും വ്യക്തമാക്കുകയുണ്ടായി. അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്കെതിരെ ആക്ഷേപകരമായ പ്രസ്താവനകള്‍ നടത്തിയെന്ന പരാതിയില്‍ പോലീസ് കേസെടുത്തതിനെ ചോദ്യം ചെയ്ത് സുനൈന ഹോളി എന്ന യുവതി സമര്‍പ്പിച്ച ഹരജിയിലായിരുന്നു ഹൈക്കോടതിയുടെ ഈ പ്രസ്താവന. ഇവ്വിധം അഭിപ്രായ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്ത് മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി ആവശ്യമാണ്.

എന്നാല്‍ ഒരു വിമര്‍ശനം അപകീര്‍ത്തികരമാണോ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗമാണോ എന്ന് ആരാണ് തീരുമാനിക്കുക? അതിന് കോടതികള്‍ക്കു തന്നെ വ്യക്തമായ നിര്‍വചനമോ വ്യവസ്ഥയോ ഇല്ല. വിമര്‍ശനം ജനാധിപത്യത്തില്‍ അനിവാര്യമാണെന്ന് തറപ്പിച്ചു പറഞ്ഞ സുപ്രീം കോടതി തന്നെയാണല്ലോ ജഡ്ജിമാരെ വിമര്‍ശിച്ചതിന്റെ പേരില്‍ മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷനെതിരെ കോടതിയലക്ഷ്യ കേസ് ചുമത്തിയത്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലിരിക്കെ എസ് എ ബോബ്‌ഡെ, ഹെല്‍മറ്റ് ധരിക്കാതെ ഒരു ബി ജെ പി നേതാവിന്റെ 50 ലക്ഷം വിലയുള്ള ബൈക്ക് ഓടിച്ചതിനെതിരെ സാമൂഹിക മാധ്യമത്തില്‍ പ്രതികരിച്ചതിനും ഇന്ത്യന്‍ ജനാധിപത്യത്തെ ക്ഷയിപ്പിക്കുന്നതില്‍ സുപ്രീം കോടതിക്കും പങ്കുണ്ട് എന്ന് നിരീക്ഷിച്ചതിനുമാണ് പ്രശാന്ത് ഭൂഷനെതിരെ കോടതിയലക്ഷ്യ കേസെടുത്തത്. ഇത് കോടതിയുടെ അധികാര ദുര്‍വിനിയോഗമായിപ്പോയെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്, മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെ തുടങ്ങി നിരവധി നിയമജ്ഞര്‍ തന്നെ വിലയിരുത്തുകയുണ്ടായി. ആരോഗ്യപരമായ വിമര്‍ശനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അനാരോഗ്യകരവും അതിര്‍ വരമ്പുകള്‍ ലംഘിക്കുന്നതുമായ വിമര്‍ശനങ്ങളെ നിര്‍ണയിക്കുന്നതില്‍ വ്യക്തമായ ഒരു മാര്‍ഗരേഖ ആവശ്യമാണ്.

Latest