SSF Sahithyotsav 2021
സർഗാത്മകത മനുഷ്യമനസ്സുകളെ കോർത്തിണക്കുന്നതിനാകണം: കെ വൈ നിസാമുദ്ദീൻ ഫാളിലി
എസ് എസ് എഫ് ആലപ്പുഴ ജില്ലാ സാഹിത്യോത്സവ് സമാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
		
      																					
              
              
            അമ്പലപ്പുഴ | സർഗാത്മക പ്രവർത്തനങ്ങൾ മനുഷ്യമനസ്സുകളെ കോർത്തിണക്കുവാനും അധഃസ്ഥിത വിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരാനും ഉതകുന്നതാകണമെന്ന് എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് കെ വൈ നിസാമുദ്ദീൻ ഫാളിലി. അമ്പലപ്പുഴയിൽ അരങ്ങേറിയ എസ് എസ് എഫ് ആലപ്പുഴ ജില്ലാ സാഹിത്യോത്സവ് സമാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തോടുള്ള ബാധ്യതകൾ നിറവേറ്റുന്നതിൽ മനുഷ്യൻ മുന്നിൽ നിൽക്കണമെന്നാണ് സാഹിത്യോത്സവുകൾ ആഹ്വാനം ചെയ്യുന്നതെന്നും ഏറ്റവും പിന്നോക്കം നിൽക്കുന്നവരെ കൈപിടിച്ചുയർത്താൻ സാഹിത്യകാരന്മാർക്കാണ് സാധിക്കുകയെന്നും അതുകൊണ്ടുതന്നെ അധഃസ്ഥിത വിഭാഗങ്ങളുടെ പ്രശ്നങ്ങളെ സമൂഹമധ്യേ നിരന്തരം പറഞ്ഞു കൊണ്ടേയിരിക്കണമെന്നും അദ്ദേഹം ഓർമപ്പെടുത്തി. അതിനായി നന്മയോട് ചേർന്ന് നിൽക്കുന്ന ഒരു ധർമ സംഘത്തെ വാർത്തെടുക്കുകയാണ് എസ് എസ് എഫിന്റെ താത്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
