Connect with us

Kannur

പാർട്ടി കോൺഗ്രസ്സ് തിരക്കിലേക്ക് സി പി എം; കണ്ണൂരിൽ ഒരുങ്ങുന്നത് 34,000 സ്‌ക്വയർ  ഫീറ്റ് വിസ്തീർണമുള്ള കൂറ്റൻ ഹാൾ

Published

|

Last Updated

കണ്ണൂർ | സംസ്ഥാന സമ്മേളനം സമാപിച്ചതോടെ സി പി എം ഇനി പാർട്ടി കോൺഗ്രസ്സ് തിരക്കിലേക്ക്. അടുത്ത മാസം ആറ് മുതൽ പത്ത് വരെ കണ്ണൂരിലാണ് സമ്മേളനം.
കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് രൂപം നൽകിയ മണ്ണെന്ന നിലയിൽ പാർട്ടി കോൺഗ്രസ്സ് കണ്ണൂരിലെത്തുന്നതിൽ പാർട്ടി നേതാക്കളും പ്രവർത്തകരും ആവേശത്തിലാണ്. സി പി എമ്മിന്റെ രാജ്യത്തെ തന്നെ ശക്തമായ അടിത്തറയുള്ള ജില്ലയായ കണ്ണൂർ ആദ്യമായാണ് പാർട്ടി കോൺഗ്രസ്സിന് വേദിയാകുന്നത്.

പാർട്ടി കോൺഗ്രസ്സിൽ കേരളത്തിൽ നിന്ന് 175 പ്രതിനിധികളാണ് പങ്കെടുക്കുക. രാജ്യത്തെ ഏറ്റവും കൂടുതൽ പ്രതിനിധികളെത്തുന്നതും കേരളത്തിൽ നിന്ന് തന്നെയാകും. ബംഗാൾ, ത്രിപുര, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ പ്രതിനിധികളെത്തും. 700 പ്രതിനിധികളാണ് പാർട്ടി കോൺഗ്രസ്സിൽ പങ്കെടുക്കുക.
കണ്ണൂരിലെ നായനാർ അക്കാദമിയിലാണ് സമ്മേളനം. വിവിധ ഭാഷകളിലുള്ള പ്രചാരണ ബോർഡുകൾ കണ്ണൂരിൽ നിരന്നു കഴിഞ്ഞു. പാർട്ടി കോൺഗ്രസ്സിന്റെ പ്രചാരണത്തിനായി ഫേസ്ബുക്ക് പേജും യൂ ട്യൂബ് ചാനലും തുടങ്ങിയിട്ടുണ്ട്. ജില്ലയിൽ എല്ലാ ഏരിയാ , ലോക്കൽ തലങ്ങളിലും പ്രത്യേകം സംഘാടക സമിതികൾ രൂപവത്കരിച്ച് പ്രവർത്തനം നടത്തി വരുന്നു.
പ്രതിനിധി സമ്മേളനത്തിനായി പ്രത്യേക ഹാളിന്റെ നിർമാണം നായനാർ അക്കാദമിയിൽ തുടങ്ങികഴിഞ്ഞു. ഈ മാസം അവസാനത്തോടെ പ്രവൃത്തി പൂർത്തിയാകുമെന്നാണ് കരുതുന്നത്. കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിനായി ആയിരം പേർക്ക് ഇരിക്കാൻ മൂവായിരം പേർക്ക് സൗകര്യമുള്ള കൂറ്റൻ ഹാളാണ് നിർമിക്കുന്നത്. 34,000 സ്‌ക്വയർ ഫീറ്റ് വിസ്തീർണമുണ്ട് ഹാളിന്. ഒരു പ്രതിനിധിക്ക് പത്ത് സ്‌ക്വയർ ഫീറ്റ് എന്ന രീതിയിലാണ് ഹാൾ സജ്ജമാക്കുക.
വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക അലൂമിനിയം ഫാബ്രിക്കേഷൻ ഉപയോഗിച്ചാണ് ഹാൾ ഒരുക്കുന്നത്. കേരളത്തിൽ തന്നെ ഇത്രയും വലിയ ഹാൾ വേറെയുണ്ടാകില്ലെന്നാണ് സംഘാടകരുടെ വിലയിരുത്തൽ.

ഒരുക്കങ്ങൾ വിലയിരുത്താൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നായനാർ അക്കാദമി സന്ദർശിച്ചിരുന്നു. കണ്ണൂരിൽ നടക്കുന്ന സമ്മേളനം ചരിത്ര സംഭവമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.

---- facebook comment plugin here -----