local body election 2025
മുതുവല്ലൂരിൽ സി പി ഐ ഒറ്റക്ക് മത്സരിക്കും
പഞ്ചായത്തിൽ സീറ്റ് വിഭജന ചർച്ചക്ക് പോലും സി പി എം വിളിച്ചിട്ടില്ലെന്നാണ് സി പി ഐ പറയുന്നത്.
കൊണ്ടോട്ടി | തദ്ദേശ തിരഞ്ഞെടുപ്പിൽ മുതുവല്ലൂർ പഞ്ചായത്തിലേക്ക് സി പി ഐ ഒറ്റക്ക് മത്സരിക്കും. ഇന്നലെ പാർട്ടിയുടെ ലോക്കൽ കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. പഞ്ചായത്തിൽ സീറ്റ് വിഭജന ചർച്ചക്ക് പോലും സി പി എം വിളിച്ചിട്ടില്ലെന്നാണ് സി പി ഐ പറയുന്നത്.
പഞ്ചായത്തിൽ സി പി ഐ ക്ക് വേണ്ടത്ര വോട്ടില്ലെന്നാണ് സി പി എം വാദം. ഇക്കാരണത്താൽ സീറ്റുകൾ വിട്ടുകൊടുക്കേണ്ടതില്ലെന്ന് തീരുമാനമാണ് സി പി എം കൈക്കൊണ്ടത്. ഇടതുമുന്നണി ഒറ്റക്കെട്ടായി നിൽക്കേണ്ട സമയത്ത് സി പി എം തീരുമാനം മുന്നണി മര്യാദകളുടെ ലംഘനമാണെന്ന് സെക്രട്ടറി അസ്്ലം ഷേർ ഖാൻ പറഞ്ഞു.
പ്രവർത്തക സമിതി തീരുമാന പ്രകാരം മുതവല്ലൂരിൽ ഉൾപ്പെടുന്ന തവനൂർ, മുതുവല്ലൂർ ബ്ലോക്ക് പഞ്ചായത്ത് സീറ്റിൽ സി പി ഐ മത്സരിക്കും. ഇതിനുപുറമേ ഗ്രാമപഞ്ചായത്തിൽ പരമാവധി സീറ്റുകളിലും സി പി ഐ സ്ഥാനാർഥികളെ നിർത്തും. ഏതെല്ലാം വാർഡുകളിൽ മത്സരിക്കണമെന്ന തീരുമാനം രണ്ടു ദിവസത്തിനകം ഉണ്ടാകും.





