Connect with us

Articles

നുണവാദങ്ങളെ ചികിത്സിക്കുന്ന കോടതിവിധി

യു പി മദ്‌റസാ എജ്യുക്കേഷൻ ആക്ടിന്റെ ഭരണഘടനാ സാധുത ശരിവെച്ച സുപ്രീം കോടതി വിധിക്ക് ഉത്തർ പ്രദേശിനപ്പുറത്തും രാജ്യത്തുടനീളവും വലിയ പ്രാധാന്യമുണ്ട്. മുഖ്യധാരാ സമൂഹത്തിൽ നിന്ന് വേറിട്ട അജ്ഞാത ലോകത്താണ് മദ്‌റസകളെന്ന കല്ലുവെച്ച നുണയെ പൊളിക്കാൻ പരമോന്നത ന്യായാസനത്തിന്റെ വിധിക്കാകുമെങ്കിൽ ഭരണഘടനാപരതയിൽ അടിയുറച്ച നീതിയുടെ തീർപ്പായി വേണം ഇന്നലത്തെ സുപ്രീം കോടതി മൂന്നംഗ ബഞ്ചിന്റെ വിധിയെ വിലയിരുത്താൻ

Published

|

Last Updated

മദ്‌റസകൾക്കെതിരെ സംഘ്പരിവാർ ഏറെക്കാലമായി തുടർന്നുവരുന്ന വിഷലിപ്ത പ്രചാരണങ്ങൾ തീവ്ര ക്രൈസ്തവ സംഘടനകളും ഏറ്റുപിടിച്ചു സമീപകാലത്ത്. ദേശീയ ബാലാവകാശ കമ്മീഷൻ മദ്‌റസകൾ അടച്ചുപൂട്ടണമെന്ന് പറഞ്ഞ് രംഗത്തെത്തിയതോടെ ഭരണതലത്തിലും മദ്‌റസാ വിരുദ്ധ നീക്കങ്ങളുണ്ടായപ്പോൾ വർഗീയ ഫാസിസ്റ്റ് സംഘടനകൾ വിദ്വേഷ പ്രചാരണങ്ങൾ ശക്തമാക്കിയിരുന്നു. അങ്ങനെയിരിക്കെ യു പി മദ്‌റസാ എജ്യുക്കേഷൻ ആക്ടിന്റെ ഭരണഘടനാ സാധുത ശരിവെച്ച സുപ്രീം കോടതി വിധിക്ക് ഉത്തർ പ്രദേശിനപ്പുറത്തും രാജ്യത്തുടനീളം വലിയ പ്രാധാന്യമുണ്ട്. മുഖ്യധാരാ സമൂഹത്തിൽ നിന്ന് വേറിട്ട അജ്ഞാത ലോകത്താണ് മദ്‌റസകളെന്ന കല്ലുവെച്ച നുണയെ പൊളിക്കാൻ പരമോന്നത ന്യായാസനത്തിന്റെ വിധിക്കാകുമെങ്കിൽ ഭരണഘടനാപരതയിൽ അടിയുറച്ച നീതിയുടെ തീർപ്പായി വേണം ഇന്നലത്തെ സുപ്രീം കോടതി മൂന്നംഗ ബഞ്ചിന്റെ വിധിയെ വിലയിരുത്താൻ.

2004ലെ ഉത്തർ പ്രദേശ് ബോർഡ് ഓഫ് മദ്‌റസാ എജ്യുക്കേഷൻ ആക്ട് അലഹബാദ് ഹൈക്കോടതി റദ്ദാക്കിയത് കഴിഞ്ഞ മാർച്ച് ഇരുപത്തിരണ്ടിനാണ്. ഭരണഘടനയുടെ 21എ അനുഛേദപ്രകാരമുള്ള വിദ്യാഭ്യാസ അവകാശ നിയമത്തിനും മതനിരപേക്ഷതക്കും നിരക്കാത്തതാണ് മദ്‌റസാ എജ്യുക്കേഷൻ ആക്ടെന്ന് നിരീക്ഷിച്ചാണ് അലഹബാദ് ഹൈക്കോടതി പ്രസ്തുത നിയമം റദ്ദാക്കിയത്. മത, ഭാഷാ ന്യൂനപക്ഷങ്ങൾക്ക് തങ്ങളുടെ അസ്തിത്വം നിലനിർത്തിക്കൊണ്ടുതന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാനും നടത്തിക്കൊണ്ടുപോകാനുമുള്ള ഭരണഘടനാപരമായ അവകാശം ഉണ്ടായിരിക്കുമ്പോഴാണ് മദ്‌റസകളെയും അതിന്റെ വക്താക്കളെയും സാമൂഹിക മുഖ്യധാരയിൽ നിന്ന് പരോക്ഷമായി അരികുവത്കരിക്കുന്ന വിധിപ്രസ്താവം രാജ്യത്തെ ഏറ്റവും വലിയ ഹൈക്കോടതിയിൽ നിന്നുണ്ടായത്. ആ വിധിയെ കാര്യകാരണ ബന്ധങ്ങളെ മുൻനിർത്തി പരിശോധിച്ചും രാജ്യം മതനിരപേക്ഷമാണെന്ന് അടിവരയിട്ടും പരമോന്നത നീതിപീഠം വിധിതീർപ്പിട്ടത് നമ്മുടെ ഭരണഘടനയെയും ജനാധിപത്യത്തെയും ശക്തിപ്പെടുത്തുന്ന നടപടി തന്നെയാണ്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ചിന്റെ വിധി ജനാധിപത്യ മതനിരപേക്ഷ വിശ്വാസികൾക്ക് പ്രതീക്ഷ പകരുന്നതാണ്.
ഭരണഘടനയുടെ മൂന്നാം ഭാഗത്തിലെ മൗലികാവകാശങ്ങളെയോ നിയമനിർമാണത്തിനുള്ള അർഹതയുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പുകളെയോ ലംഘിക്കുന്നതായാൽ മാത്രമേ ഒരു നിയമത്തെ റദ്ദാക്കാനാകുകയുള്ളൂ. ഭരണഘടനയുടെ മൗലിക ഘടന(Basic structure)യെ ലംഘിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് മാത്രം നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യാനാകില്ല. മൗലിക ഘടനയുടെ ഭാഗമായ മതനിരപേക്ഷതയെ നിഷേധിക്കുന്ന നിയമമാണ് എന്നാണെങ്കിൽ സെക്കുലറിസവുമായി ബന്ധപ്പെട്ട ഏത് ഭരണഘടനാ വകുപ്പിനെയാണ് നിയമം ലംഘിക്കുന്നതെന്ന് കാണിക്കണം എന്നിങ്ങനെ തുടരുന്ന സുപ്രീം കോടതിയുടെ വിധിന്യായം അലഹബാദ് ഹൈക്കോടതി വിധിയുടെ പോരായ്മകൾ തുറന്നു കാട്ടുകയായിരുന്നു.
യു പി മദ്‌റസാ ബോർഡ് അംഗീകരിച്ച മദ്‌റസകളിലെ പഠന നിലവാരം ക്രമപ്പെടുത്തുന്നതും വിലയിരുത്തുന്നതും മദ്‌റസാ ആക്ടാണ്. അംഗീകൃത മദ്‌റസകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പൊതുസമൂഹത്തിന്റെ ഭാഗമായി തന്നെ, ഉപജീവനം സാധ്യമാക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്. അതിൽ നിന്ന് ഭരണകൂടത്തെ പുറത്തുനിർത്തുന്ന ഒന്നല്ല മദ്‌റസാ ആക്ടെന്ന് അടിവരയിട്ട സുപ്രീം കോടതി, കേസിൽ കക്ഷിചേർന്നിരുന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ മുസ്്ലിം അപരവത്കരണ ശ്രമത്തെ വ്യംഗ്യമായി തള്ളുകയാണിവിടെ.

ഭരണഘടനയുടെ അനുഛേദം 21എ പ്രകാരമുള്ള വിദ്യാഭ്യാസ അവകാശ നിയമത്തെ വായിക്കേണ്ടത് മത, ഭാഷാ ന്യൂനപക്ഷങ്ങൾക്ക് അവരുടെ താത്പര്യമനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാക്കാനും നടത്താനുമുള്ള അവകാശത്തോട് ചേർത്തുകൊണ്ടാണ്. സംസ്ഥാന സർക്കാറിന്റെ അംഗീകാരത്തോടെ മദ്‌റസാ ബോർഡിന് മത ന്യൂനപക്ഷ സ്ഥാപനങ്ങൾ സെക്കുലർ വിദ്യാഭ്യാസം നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്താം. അപ്പോഴും സ്ഥാപനങ്ങളുടെ ന്യൂനപക്ഷ അസ്തിത്വം കവരാൻ പാടില്ലെന്ന് നിഷ്‌കർഷിച്ചു പരമോന്നത നീതിപീഠം.
കേന്ദ്ര -സംസ്ഥാന സർക്കാറുകൾക്ക് സംയുക്തമായി നിയമനിർമാണാധികാരമുള്ള, ഭരണഘടനയിലെ കൺകറന്റ് ലിസ്റ്റിലെ 25ാം എൻട്രി പ്രകാരം സംസ്ഥാന സർക്കാറിന് നിയമനിർമാണ അർഹതയുള്ളതിൽ പെട്ടതാണ് മദ്‌റസാ ആക്ട്. എന്നാൽ ആക്ടിലെ ഫാസിൽ, കാമിൽ എന്നീ ഉന്നത ബിരുദ വിദ്യാഭ്യാസത്തെ നിയന്ത്രിക്കുന്ന വകുപ്പുകൾ ഭരണഘടനാവിരുദ്ധമാണെന്ന് തീർപ്പിട്ടു ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സുപ്രീം കോടതി ബഞ്ച്. കേന്ദ്ര സർക്കാറിന് നിയമനിർമാണാധികാരമുള്ള യൂനിയൻ ലിസ്റ്റിലെ എൻട്രി 66 പ്രകാരമുള്ള യു ജി സി ആക്ടിന് വിരുദ്ധമാണ് മദ്‌റസാ ആക്ടിലെ ഉന്നത വിദ്യാഭ്യാസ ബിരുദങ്ങൾ എന്നതിനാലാണ് അവ പ്രതിപാദ്യമാകുന്ന വകുപ്പുകൾ നീതിപീഠം
റദ്ദാക്കിയത്.

മദ്‌റസകളിൽ പകർന്നുകൊടുക്കുന്നത് മതപരമായ നിർദേശങ്ങളാണെങ്കിലും അതിന്റെ പ്രാഥമിക ലക്ഷ്യം വിദ്യാഭ്യാസം തന്നെയാണ്. അതിനാൽ സംസ്ഥാനത്തിന് നിയമനിർമാണാധികാരമുള്ള വിഷയത്തിൽ തന്നെ ഉണ്ടായതാണ് മദ്‌റസാ ആക്ട്. നിയമം നിയന്ത്രിക്കുന്നത് മതപരമായ വിദ്യാഭ്യാസത്തെയാണ് എന്നതിനാൽ സംസ്ഥാന സർക്കാറിന് നിയമനിർമാണത്തിന് അർഹതയുള്ളതല്ല മദ്‌റസാ ആക്ടെന്ന് പറയാനാകില്ലെന്ന് വ്യക്തമാക്കുന്ന സുപ്രീം കോടതി, രാജ്യത്തിന്റെ മതനിരപേക്ഷ കാഴ്ചപ്പാട് മാറിയിട്ടില്ലെന്ന് ഓർമപ്പെടുത്തുന്നത് പോലെയുണ്ട്. നടപ്പു രാഷ്ട്രീയ സാഹചര്യങ്ങളിൽ ആ ഓർമപ്പെടുത്തലിന് ഉത്തർ പ്രദേശിൽ സവിശേഷ പ്രാധാന്യമുണ്ടെന്ന് പറയേണ്ടതില്ലല്ലോ.

മത ന്യൂനപക്ഷങ്ങൾക്ക് മതപരവും മതേതരവുമായ വിദ്യാഭ്യാസം നൽകാൻ മദ്‌റസകൾ സ്ഥാപിക്കാനും നടത്താനുമുള്ള അവകാശം ഭരണഘടനയുടെ 30ാം അനുഛേദം വകവെച്ചുനൽകുന്നതാണ്. മദ്‌റസാ ബോർഡിനും സംസ്ഥാന സർക്കാറിനും മദ്‌റസകളുടെ വിദ്യാഭ്യാസ നിലവാരം നിർദേശിക്കാനും നിയന്ത്രിക്കാനുമുള്ള അധികാരമുണ്ട്. തദടിസ്ഥാനത്തിൽ പരീക്ഷകൾ നടത്തി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ വിദ്യാർഥികളെ ഉന്നത വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കുന്നു. യു പിയിലെ ന്യൂനപക്ഷങ്ങളുടെ താത്പര്യം സംരക്ഷിക്കുന്നതാണ് മദ്‌റസാ ആക്ടെന്ന് പരമോന്നത നീതിപീഠം വിശദീകരിക്കുമ്പോൾ നമ്മുടെ ഭരണഘടനയുടെ ഔന്നത്യവും കുലീനതയുമാണ് പ്രകടമാകുന്നത്.