Connect with us

Articles

കോടതി വിധികളും കാലവിളംബവും

നിയമ വ്യവഹാരങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കപ്പെടാന്‍ വര്‍ഷങ്ങളെടുക്കുന്നു എന്ന ദുഃഖസത്യം നമുക്ക് മുമ്പിലുണ്ട്. അപ്പോഴാണ് കേസില്‍ വാദം കേട്ട ശേഷവും വിധി പറയാന്‍ അനന്തകാലത്തേക്ക് നീട്ടിവെക്കുക വഴി ജുഡീഷ്യറിയെ കൂടുതല്‍ പിന്തിരിപ്പനാക്കുന്ന പ്രവണത നമ്മുടെ ന്യായാസനങ്ങളില്‍ നിലനിന്നു കാണുന്നത്.

Published

|

Last Updated

നമ്മുടെ നീതിന്യായ സംവിധാനത്തിന്റെ മെല്ലപ്പോക്ക് കാരണം കോടതികളിലെത്തുന്ന നിയമ വ്യവഹാരങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കപ്പെടാന്‍ വര്‍ഷങ്ങളെടുക്കുന്നു എന്ന ദുഃഖസത്യം നമുക്ക് മുമ്പിലുണ്ട്. അപ്പോഴാണ് കേസില്‍ വാദം കേട്ട ശേഷവും വിധി പറയാന്‍ അനന്തകാലത്തേക്ക് നീട്ടിവെക്കുക വഴി ജുഡീഷ്യറിയെ കൂടുതല്‍ പിന്തിരിപ്പനാക്കുന്ന പ്രവണത നമ്മുടെ ന്യായാസനങ്ങളില്‍ നിലനിന്നു കാണുന്നത്. അന്തിമ വാദാനന്തരം വിധി തയ്യാറാക്കണം എന്നതല്ലാതെ വര്‍ഷങ്ങള്‍ ഒന്നും രണ്ടുമൊക്കെ കഴിഞ്ഞു പോകുന്നത് എങ്ങനെയാണ് ന്യായീകരിക്കപ്പെടുക. അവ്വിധം വിധി കാത്തുനില്‍ക്കുന്ന നിയമ വ്യവഹാരങ്ങള്‍ പൗരന്‍മാരുടെ അവകാശ നിഷേധവും കോടതികളിലെ അവരുടെ വിശ്വാസം നഷ്ടപ്പെടുത്തുന്ന നടപടിയുമാണ്.

കേസില്‍ വാദം കേട്ട ശേഷം വിധി പറയാന്‍ ദീര്‍ഘ കാലത്തേക്ക് മാറ്റിവെക്കുന്ന പ്രവണതയെ സവിശേഷ പ്രാധാന്യത്തോടെ അഡ്രസ്സ് ചെയ്തു സുപ്രീം കോടതി. 2015 ഏപ്രില്‍ 15നായിരുന്നു തദ്വിഷയികമായി കാര്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ സുപ്രീം കോടതി പുറപ്പെടുവിച്ചത്. വാദം പൂര്‍ത്തിയായ ശേഷം രണ്ട് വര്‍ഷം കഴിഞ്ഞ് പട്ന ഹൈക്കോടതി വിധി പ്രഖ്യാപിച്ചത് പ്രശ്നവത്കരിക്കപ്പെട്ട നിയമ വ്യവഹാരത്തിലാണ് എല്ലാ ഹൈക്കോടതികളും പാലിച്ചിരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ ജസ്റ്റിസുമാരായിരുന്ന കെ ടി തോമസ്, ആര്‍ പി സേഥി എന്നിവരുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബഞ്ച് പുറപ്പെടുവിച്ചത്. കേസില്‍ വാദം കേട്ട ശേഷവും വിധിയില്ലെങ്കില്‍ പെട്ടെന്ന് വിധി പുറപ്പെടുവിക്കുന്നതിനായി കക്ഷികള്‍ക്ക് കോടതിയില്‍ അപേക്ഷ നല്‍കാം. വാദം കേട്ട് മൂന്ന് മാസങ്ങള്‍ക്ക് ശേഷവും വിധിയുണ്ടായില്ലെങ്കില്‍ കക്ഷികള്‍ക്ക് ചീഫ് ജസ്റ്റിന് അപേക്ഷ നല്‍കാം. ആറ് മാസങ്ങള്‍ക്കകം വിധിയില്ലാത്ത പക്ഷം മറ്റൊരു ബഞ്ച് പുനര്‍വിചാരണ നടത്തണമെന്നാവശ്യപ്പെടാന്‍ കക്ഷികള്‍ക്ക് കഴിയുമെന്നൊക്കെയായിരുന്നു സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍. കേസില്‍ വിധി പറയാന്‍ മാറ്റി മൂന്ന് മാസങ്ങള്‍ക്ക് ശേഷവും വിധി പറയാത്ത നിയമ വ്യവഹാരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലാ ഹൈക്കോടതികളും സമര്‍പ്പിക്കണമെന്നും പരമോന്നത നീതിപീഠം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പ്രസ്താവിത മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് കടകവിരുദ്ധമായ നടപടി സുപ്രീം കോടതിയുടെ തന്നെ ഭാഗത്ത് നിന്നുണ്ടായി പോയ വാരം എന്നത് നിരാശാജനകമാണ്.

ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയ, ആര്‍ എസ് എസ് പ്രവര്‍ത്തകനായ ജിഷ്ണു ബസു, ബി ജെ പി നേതാവായിരുന്ന പ്രദീപ് ജോഷി എന്നിവര്‍ക്കെതിരെയുള്ള ബലാത്സംഗ, ഭീഷണിപ്പെടുത്തല്‍ കേസിന്റെ നീതിന്യായ തുടര്‍ ചലനങ്ങളിലായിരുന്നു സുപ്രീം കോടതി സ്വന്തം മാര്‍ഗനിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തിയത്. ബി ജെ പി ദേശീയ നേതാവിനെതിരെ ഉയര്‍ന്ന ബലാത്സംഗ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് വിസമ്മതിച്ചു. പരാതിക്കാരിയെയും മകനെയും കൊല്ലുമെന്ന ഭീഷണിയുമുണ്ടായിരുന്നതായി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസെടുക്കാന്‍ പോലീസ് തയ്യാറാകാതിരുന്നപ്പോഴാണ് ഇര മജിസ്ട്രേറ്റിനെ സമീപിച്ചത്. അലിപോര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അവരുടെ അപേക്ഷ നിരസിച്ചതിനൊടുവില്‍ കല്‍ക്കത്ത ഹൈക്കോടതിയുടെ ഭാഗത്ത് നിന്നാണ് അനുകൂല സമീപനമുണ്ടായത്. കേസെടുക്കാന്‍ മജിസ്ട്രേറ്റിന് നിര്‍ദേശം നല്‍കുകയായിരുന്നു ഹൈക്കോടതി. പ്രസ്തുത വിധിക്കെതിരെ കുറ്റാരോപിതന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുമ്പോള്‍ ഇരയുടെ പരാതി എഫ് ഐ ആറായി പരിഗണിച്ച് ആരോപണങ്ങളില്‍ അന്വേഷണം നടത്തണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടു മജിസ്ട്രേറ്റ്. പ്രസ്തുത ഉത്തരവാണ് സുപ്രീം കോടതി കഴിഞ്ഞ മെയ് നാലിന് റദ്ദാക്കിയിരിക്കുന്നത്. സ്വതന്ത്രമായ നീതിന്യായ വിചാരത്തോടെയല്ല മജിസ്ട്രേറ്റ് നിയമ വ്യവഹാരത്തെ സമീപിച്ചിരിക്കുന്നതെന്ന് വിലയിരുത്തിയാണ് സുപ്രീം കോടതി ഉത്തരവ് റദ്ദാക്കിയിരിക്കുന്നത്. ഈ കേസില്‍ കുറ്റാരോപിതനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടിയിരുന്നോ എന്ന കാര്യം മജിസ്ട്രേറ്റ് നീതിന്യായ യുക്തിയോടെ വീണ്ടും പരിഗണിക്കണമെന്നും നിര്‍ദേശിച്ചു സുപ്രീം കോടതി. പ്രസ്തുത വിധിയുടെ മെറിറ്റിലേക്ക് തത്കാലം കടക്കുന്നില്ല. ജസ്റ്റിസുമാരായ എം ആര്‍ ഷാ, സഞ്ജീവ് ഖന്ന എന്നിവരുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബഞ്ച് കേസ് വിധി പറയാന്‍ മാറ്റിയത് 2021 ഡിസംബര്‍ 12നാണ്. വിധി പറഞ്ഞതാണെങ്കില്‍ 17 മാസങ്ങള്‍ പൂര്‍ത്തിയാകുന്നതിനടുത്ത് 2023 മെയ് 4നും. വിധി പറയാന്‍ മാറ്റി ആറ് മാസങ്ങള്‍ക്ക് ശേഷവും വിധി പറയാത്ത അലഹബാദ് ഹൈക്കോടതിയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു 2022 ജൂലൈയില്‍. പ്രസ്തുത ബഞ്ചിന്റെ അധ്യക്ഷന്‍ ജസ്റ്റിസ് എം ആര്‍ ഷാ ആയിരുന്നു എന്നതാണ് വിരോധാഭാസം. ആറ് മാസത്തെ കാലവിളംബത്തെ വിമര്‍ശിക്കുമ്പോള്‍ അദ്ദേഹത്തിന് വിധി പുറപ്പെടുവിക്കാനായത് പതിനേഴ് മാസങ്ങള്‍ക്ക് ശേഷമാണ്. ഇവിടെ ആറോ പതിനേഴോ എന്നതൊന്നും രാജ്യത്തെ പൗരന്‍മാരുടെ പരിഗണനയില്‍ വരേണ്ട കാര്യമേയല്ല. കാരണം വേഗമുള്ള നീതി അവരുടെ മൗലികാവകാശമാണ്. അതിന് വിരുദ്ധമായി അനന്തകാലം തീര്‍പ്പ് ലഭിക്കാത്ത നിയമ വ്യവഹാരങ്ങള്‍ പൗരാവകാശ നിഷേധവും നമ്മുടെ നീതിന്യായ സംവിധാനത്തിന് ശാപവുമാണ്. ഭരണകൂട ഏജന്‍സികള്‍ ഭരണഘടനാ പരിധികള്‍ മറികടന്നു കൊണ്ട് പൗരാവകാശങ്ങളെ അട്ടിമറിക്കുമ്പോള്‍ നീതിപീഠത്തെയാണ് പൗരന്‍മാര്‍ ആശ്രയിക്കുന്നത്. ഭരണഘടനയുടെ രക്ഷാകര്‍ത്താവ് എന്ന നിലയില്‍ ഭരണകൂടത്തിന്റെയും രാജ്യത്തെ കോടതികളുടെയും ഇടപെടലുകള്‍ ഭരണഘടനാപരമാണെന്ന് ഉറപ്പു വരുത്തേണ്ടത് സുപ്രീം കോടതിയാണ്. ആ പരമോന്നത നീതിപീഠത്തിനാണിപ്പോള്‍ സ്വന്തം വിധിതീര്‍പ്പുകളോട് തന്നെ നീതി പുലര്‍ത്താന്‍ കഴിയാതെ പോകുന്നത്. വാതം കുറുന്തോട്ടിക്കായാല്‍ പിന്നെയെങ്ങനെ ശമനം സാധ്യമാകും.