Editorial
ഭാഗിക സ്റ്റേയില്‍ അവസാനിക്കരുത് കോടതി ഇടപെടല്‍
വഖ്ഫ് സ്വത്ത് അന്യാധീനപ്പെടാനും അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അട്ടിമറിക്കാനും ഇടയാക്കുന്ന വ്യവസ്ഥകള്‍ കണ്ടെത്തി റദ്ദാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വം നിര്‍വഹിക്കാനെങ്കിലും പരമോന്നത കോടതി സന്നദ്ധത കാണിക്കേണ്ടതാണ്.

വഖ്ഫ് ഭേദഗതി നിയമത്തില്‍ സുപ്രീം കോടതി ഏര്‍പ്പെത്തിയ സ്റ്റേ, ഭാഗികവും പരിമിതവുമെങ്കിലും അത്രയെങ്കിലും ആശ്വാസം. ഭേദഗതി നിയമത്തെക്കുറിച്ച് മുസ്ലിം സമൂഹം ഉന്നയിച്ച ആശങ്കകള്‍ കോടതി ശരിവെക്കുന്നുവെന്നാണ് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ ഇന്നലത്തെ ഇടക്കാല ഉത്തരവിലെ പരാമര്‍ശങ്ങള്‍ വ്യക്തമാക്കുന്നത്. തുടര്‍ച്ചയായി അഞ്ച് വര്‍ഷമെങ്കിലും മുസ്ലിമായി ജീവിച്ച വ്യക്തിക്കേ വഖ്ഫ് സമര്‍പ്പണത്തിന് അവകാശമുള്ളൂവെന്നതാണ് കോടതി സ്റ്റേ ചെയ്ത ഭേദഗതി നിയമത്തിലെ ഒരു വ്യവസ്ഥ. ആരാണ് ഇസ്ലാംമത വിശ്വാസിയെന്ന് നിയമപരമായി തീരുമാനിക്കുന്നതു വരെയായിരിക്കും സ്റ്റേയെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഭൂമി അനധികൃതമായി കൈയേറി വഖ്ഫാക്കി മാറ്റിയതായി പരാതി ഉയര്‍ന്നാല്‍ തര്‍ക്കം തീര്‍പ്പാക്കാന്‍ സര്‍ക്കാറിന്റെ നിയുക്ത ഉദ്യോഗസ്ഥനെ നിയോഗിക്കാമെന്ന വ്യവസ്ഥയും മരവിപ്പിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പൗരന്മാരുടെ വ്യക്തിപരമായ അവകാശങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് അധികാരം നല്‍കുന്നത് അധികാര വിഭജനത്തിന്റെ ലംഘനമാകുമെന്നുള്ള നിരീക്ഷണത്തിലാണ് ഈ വ്യവസ്ഥ സ്റ്റേ ചെയ്തത്. തര്‍ക്കം ഉടലെടുത്ത വഖ്ഫ് സ്വത്ത് കേസ് തീര്‍പ്പാകുന്നത് വരെ വഖ്ഫ് സ്വത്തായി കണക്കാക്കില്ലെന്ന വ്യവസ്ഥയും മരവിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ വഖ്ഫ് ബോര്‍ഡുകളില്‍ അമുസ്ലിംകളെ നാമനിര്‍ദേശം ചെയ്യാമെന്ന ഏറെ വിവാദമായ വ്യവസ്ഥ മരവിപ്പിക്കാന്‍ കോടതി വിസമ്മതിച്ചു. എങ്കിലും കേന്ദ്ര വഖ്ഫ് കൗണ്‍സിലില്‍ നാലില്‍ കൂടുതലും സംസ്ഥാന വഖ്ഫ് ബോര്‍ഡില്‍ മൂന്നില്‍ കൂടുതലും അമുസ്ലിം അംഗങ്ങള്‍ ഉണ്ടാകരുതെന്ന് കോടതി വാക്കാല്‍ നിര്‍ദേശിച്ചു. ഇതുകൊണ്ടായില്ല, വഖ്ഫ് ബോര്‍ഡുകളുടെ നിയന്ത്രണം പൂര്‍ണമായും മുസ്ലിംകളില്‍ നിക്ഷിപ്തമാക്കുന്ന ഉത്തരവാണ് കോടതിയില്‍ നിന്നുണ്ടാകേണ്ടത്. കോടതിയില്‍ നിന്ന് അന്തിമ തീരുമാനം വരുന്നതുവരെ വഖ്ഫ് കൗണ്‍സിലിലേക്കും ബോര്‍ഡുകളിലേക്കും പുതിയ നിയമനം കോടതി നേരത്തേ വിലക്കിയിരുന്നു. ഹരജിക്കാരുടെ അഭിഭാഷകരും കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും നടത്തിയ മൂന്ന് ദിവസത്തെ വാദങ്ങള്‍ കേട്ട ശേഷം മേയ് 22ന് ഇടക്കാല ഉത്തരവിനു വേണ്ടി മാറ്റിവെച്ചതായിരുന്നു സുപ്രീം കോടതി. പ്രസ്തുത ഉത്തരവാണ് ഇന്നലെയുണ്ടായത്.
വഖ്ഫ് സ്വത്തുക്കളുടെ കൈകാര്യത്തില്‍ സുതാര്യത, വഖ്ഫ് സ്വത്തുക്കളുടെ ദുരുപയോഗം തടയല്‍, തര്‍ക്കപരിഹാരം കാര്യക്ഷമമാക്കല്‍ എന്നിത്യാദി അവകാശവാദത്തോടെയാണ് വഖ്ഫ് ബോര്‍ഡുകളുടെയും ട്രൈബ്യൂണലുകളുടെയും അധികാരങ്ങളില്‍ നിര്‍ണായക മാറ്റം വരുത്തുന്ന ഭേദഗതി നിയമം മോദി സര്‍ക്കാര്‍ പാസ്സാക്കിയത്. എന്നാല്‍ വഖ്ഫിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ തകിടം മറിക്കുന്നതും വഖ്ഫ് സ്വത്തുക്കള്‍ വന്‍തോതില്‍ നഷ്ടപ്പെടാന്‍ ഇടയാക്കുന്നതുമാണ് ഭേദഗതി നിയമം. തുല്യത, സ്വത്തിലും മതസ്വാതന്ത്ര്യത്തിലുമുള്ള അവകാശം തുടങ്ങി ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളിലുള്ള കൈകടത്തലുമാണ് ഇത്. മറ്റു വിഭാഗങ്ങളുടെ മതപരമായ സ്വത്തില്‍ സ്വീകരിക്കാത്ത നിയന്ത്രണങ്ങളും കൈകടത്തലുമാണ് വഖ്ഫില്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. ഇത് വഖ്ഫ് സ്വത്തുക്കള്‍ വന്‍തോതില്‍ നഷ്ടപ്പെടുത്തുകയും ഇസ്ലാമിക സ്ഥാപനങ്ങളുടെ നടത്തിപ്പും നിലനില്‍പ്പും അവതാളത്തിലാക്കുകയും ചെയ്യും. പല വഖ്ഫ് സ്വത്തുക്കളിലും തീവ്രഹിന്ദുത്വ സംഘടനകള്‍ അവകാശമുന്നയിച്ചു കൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിത്. സര്‍ക്കാര്‍ ഭൂമി കൈയേറ്റം ആരോപിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മസ്ജിദുകളും ഇതര ഇസ്ലാമിക സ്ഥാപനങ്ങളും തകര്‍ത്തു കൊണ്ടിരിക്കുകയും ചെയ്യുന്നു വര്‍ഗീയ ഫാസിസ്റ്റ് ഭരണ കൂടങ്ങള്‍. ഇത്തരം പ്രവണതക്ക് ആക്കം കൂട്ടും ഭേദഗതി നിയമം. മുസ്ലിം ന്യൂനപക്ഷത്തിന്റെ അവകാശങ്ങളെ പച്ചയായി ലംഘിക്കുന്നതാണ് നിയമത്തിലെ മിക്ക വ്യവസ്ഥകളും.
ദൈവിക മാര്‍ഗത്തിലെ ദാനമാണ് വഖ്ഫ്. മുസ്ലിം സ്ഥാപനങ്ങളുടെ നടത്തിപ്പ്, സമുദായാംഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതി, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് വിശ്വാസികള്‍ സ്വത്തുക്കള്‍ വഖ്ഫ് ചെയ്യുന്നത്. ഒട്ടേറെ മസ്ജിദുകളുടെയും മതസ്ഥാപനങ്ങളുടെയും ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റുകളുടെയും സംഘനടകളുടെയും വരുമാന സ്രോതസ്സ് വഖ്ഫ് സ്വത്തുക്കളാണ്. സമുദായത്തിന്റെ ആത്മീയ, വിദ്യാഭ്യാസ, ഭൗതിക പുരോഗതിയില്‍ വഖ്ഫ് സ്വത്തുക്കള്‍ക്ക് നിര്‍ണായക പങ്കുമുണ്ട്.
വഖ്ഫായി ദാനം ചെയ്ത വസ്തു, പിന്നീടൊരിക്കലും കൈമാറ്റം ചെയ്യാനോ വില്‍ക്കാനോ ഏതൊരാവശ്യത്തിനു വേണ്ടി വഖ്ഫാക്കിയോ അതിനു വേണ്ടിയല്ലാതെ വിനിയോഗിക്കാനോ പാടില്ല. ഈ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ശരിയായും കൃത്യമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന് സ്ഥാപിതമായ ഭരണഘടനാ സ്ഥാപനങ്ങളാണ് സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സിലുകളും സംസ്ഥാന സര്‍ക്കാറുകള്‍ക്കു കീഴിലുള്ള വഖ്ഫ് ബോര്‍ഡുകളും. ഒരു വഖ്ഫ് സ്വത്തില്‍ തര്‍ക്കം ഉടലെടുത്താല്‍ അത് പരിഹരിക്കേണ്ടതും തീര്‍പ്പ് കല്‍പ്പിക്കേണ്ടതും വഖ്ഫ് ബോര്‍ഡുകളും ട്രൈബ്യൂണലുകളുമാണ്. ഈ അധികാരം സര്‍ക്കാറില്‍ നിക്ഷിപ്തമായാല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും.
ഏതാനും വ്യവസ്ഥകള്‍ താത്കാലികമായി മരവിപ്പിച്ച നടപടിയില്‍ മാത്രം അവസാനിക്കരുത് കോടതിയുടെ ഇവ്വിഷയകമായ ഇടപെടല്‍. വിവാദ നിയമം പൂര്‍ണമായും റദ്ദാക്കാനാകില്ലെന്ന് വാദത്തിനിടെ സുപ്രീം കോടതി സൂചിപ്പിച്ചിട്ടുണ്ട്. എങ്കിലും വഖ്ഫ് സ്വത്ത് അന്യാധീനപ്പെടാനും അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അട്ടിമറിക്കാനും ഇടയാക്കുന്ന വ്യവസ്ഥകള്‍ കണ്ടെത്തി റദ്ദാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വം നിര്‍വഹിക്കാനെങ്കിലും പരമോന്നത കോടതി സന്നദ്ധത കാണിക്കേണ്ടതാണ്. വഖ്ഫ് സ്വത്തുക്കള്‍ പൂര്‍ണമായും സംരക്ഷിക്കപ്പെടാന്‍ സഹായകമായ, നീതിന്യായ വ്യവസ്ഥയോട് നീതിപുലര്‍ത്തുന്ന വിധിപ്രസ്താവമാണ് മുസ്ലിം സമൂഹം പ്രതീക്ഷിക്കുന്നത്.