Connect with us

Articles

ഭരണഘടനയെന്ന ശക്തിദുര്‍ഗം

1976ല്‍ 42ാം ഭരണഘടനാ ഭേദഗതിയിലൂടെ സോഷ്യലിസം, സെക്യുലറിസം എന്നീ വാക്കുകള്‍ ഭരണഘടനയുടെ ആമുഖത്തില്‍ കൂട്ടിച്ചേര്‍ത്തത് ചോദ്യം ചെയ്തുകൊണ്ട് ബി ജെ പി നേതാവും മുന്‍ രാജ്യസഭാ എം പിയുമായ ഡോ. സുബ്രഹ്‌മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹരജി കേള്‍ക്കാനെടുത്ത തീരുമാനം അനുചിതമാണെന്ന് കരുതേണ്ടിയിരിക്കുന്നു.

Published

|

Last Updated

ഉദയ് ഉമേഷ് ലളിത് സുപ്രീം കോടതി ചീഫ് ജസ്റ്റിസായതോടെ പരമോന്നത നീതിപീഠത്തില്‍ സമീപ കാലത്തൊന്നും ദൃശ്യമാകാത്ത ഉണര്‍വും പുരോഗമനപരമായ ഇടപെടലുകളും അഭ്യുദയകാംക്ഷികള്‍ക്ക് അനുഭവിക്കാനാകുന്നുണ്ട്. ഭരണഘടനാ ബഞ്ചിന്റെ നടപടികള്‍ കഴിഞ്ഞ ദിവസം മുതല്‍ തത്സമയം സംപ്രേഷണം ചെയ്തു തുടങ്ങിയത് അത്തരത്തില്‍ ചരിത്രപരമായ ചുവടുവെപ്പായിരുന്നു. ഭരണഘടനാപരമായി സവിശേഷ പ്രാധാന്യമുള്ള പൗരത്വ ഭേദഗതി നിയമം, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി, ഇലക്ടറല്‍ ബോണ്ട്, യു എ പി എ നിയമ ഭേദഗതി, നോട്ട് നിരോധനം എന്നീ നിര്‍ണായക നിയമ വ്യവഹാരങ്ങള്‍ വിചാരണക്കെടുക്കാന്‍ തീരുമാനിക്കുകയും പ്രാഥമിക നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട് സുപ്രീം കോടതി. കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ശിരോവസ്ത്ര വിലക്കേര്‍പ്പെടുത്തിയത് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരായ ഹരജികളിലെയും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പത്ത് ശതമാനം സംവരണമേര്‍പ്പെടുത്തിയത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികളിലെയും വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിവെച്ചത് കഴിഞ്ഞ വാരമാണ്.

സമീപ വര്‍ഷങ്ങളിലെ നിര്‍ണായക നിയമ വ്യവഹാരങ്ങളില്‍ പലതിലും നീതിപീഠം നടത്തിയ അന്തിമ തീര്‍പ്പുകള്‍ പരിഗണിക്കുമ്പോള്‍ വരാനിരിക്കുന്ന വിധികളെക്കുറിച്ച് ആശങ്കകള്‍ ബാക്കിനില്‍ക്കുന്നുണ്ടെങ്കിലും വേഗമുള്ള വിചാരണയെന്നത് പ്രധാനമാണ്. പൗരാവകാശങ്ങളുമായി ബന്ധപ്പെടുത്തി വായിക്കുമ്പോള്‍ കാലവിളംബമില്ലാത്ത വിചാരണ ഭരണഘടനയുടെ 21ാം അനുഛേദം മുന്നോട്ടുവെക്കുന്ന ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിന്റെ ഭാഗവുമാണ്. മുന്‍ മുഖ്യ ന്യായാധിപരെപ്പോലെ ഭരണകൂടത്തിന്റെ ഭരണഘടനാവിരുദ്ധ നടപടികളെ സമയോചിതം പരിശോധിക്കാതെ അത് മുഖ്യധാര ബോധത്തില്‍ സാമാന്യവത്കരിക്കപ്പെടുന്നത് വരെ വിചാരണക്ക് സാവകാശം നല്‍കാതിരിക്കുക എന്നത് ഇക്കാലത്ത് സവിശേഷ പ്രാധാന്യമുള്ള സംഗതിയാണ്. ഭരണകൂടം രാജ്യത്തെ ജനാധിപത്യത്തെ നിരന്തരം അപകടപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഈ ദശാസന്ധിയില്‍ രാജ്യത്തോട് ചെയ്യാന്‍ കഴിയുന്ന നീതിയുമാണത്. ആ നിലയില്‍ ചെറുതല്ലാത്ത പ്രതീക്ഷ അവശേഷിപ്പിക്കുന്നുണ്ട് നമ്മുടെ മുഖ്യ ന്യായാധിപന്‍. അതിനിടയിലും, 1976ല്‍ 42ാം ഭരണഘടനാ ഭേദഗതിയിലൂടെ സോഷ്യലിസം, സെക്യുലറിസം എന്നീ വാക്കുകള്‍ ഭരണഘടനയുടെ ആമുഖത്തില്‍ കൂട്ടിച്ചേര്‍ത്തത് ചോദ്യം ചെയ്തുകൊണ്ട് ബി ജെ പി നേതാവും മുന്‍ രാജ്യസഭാ എം പിയുമായ ഡോ. സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹരജി കേള്‍ക്കാനെടുത്ത തീരുമാനം അനുചിതമാണെന്ന് കരുതേണ്ടിയിരിക്കുന്നു. പ്രസ്തുത വാക്കുകള്‍ ഭരണഘടനയില്‍ നിന്ന് ഒഴിവാക്കണം. ഒപ്പം 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 29(എ)(അഞ്ച്) വകുപ്പും റദ്ദാക്കണം. രാഷ്ട്രീയ പാര്‍ട്ടികള്‍ സോഷ്യലിസ്റ്റ്, സെക്യുലര്‍ തത്ത്വങ്ങളോട് കൂറ് പ്രഖ്യാപിക്കണം എന്നാവശ്യപ്പെടുന്ന വകുപ്പാണിത്. നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന ശിലകളായ മതനിരപേക്ഷ, സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളെ പാടെ റദ്ദാക്കണമെന്നതാണ് ഹരജിക്കാരന്റെ ആവശ്യമെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നതാണ്. അങ്ങനെയിരിക്കെ കോടതി ചെലവടക്കം ചുമത്തി തള്ളേണ്ട പ്രസക്തിയേ സ്വാമിയുടെ ഹരജിക്കുള്ളൂ. 2020ലാണ് പ്രസ്താവിത ഹരജി ഡോ. സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിക്കുന്നത്. ഈ മാസമാദ്യമാണ് ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, എം എം സുന്ദരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബഞ്ച് ഹരജി പരിഗണനക്കെടുക്കുന്നതും ചീഫ് ജസ്റ്റിസിന് മുമ്പാകെ ലിസ്റ്റ് ചെയ്യുന്നതും.

ഇന്ത്യ മതനിരപേക്ഷ, സോഷ്യലിസ്റ്റ് രാജ്യമാകുക എന്നത് തന്നെയായിരുന്നു ഭരണഘടനാ ശില്‍പ്പികള്‍ ഉദ്ദേശിച്ചിരുന്നതെന്ന കാര്യം അവ്യക്തമല്ല. ഭരണഘടനയുടെ ആമുഖത്തില്‍ ജസ്റ്റിസ്, സോഷ്യല്‍, ഇക്കണോമിക്, പൊളിറ്റിക്കല്‍ എന്നീ വാക്കുകള്‍ ചേര്‍ത്തത് സ്വാതന്ത്ര്യാനന്തര ഇന്ത്യ മനസ്സില്‍ കണ്ട സോഷ്യലിസ്റ്റ് സാമൂഹിക ക്രമത്തിന്റെ വിളംബരമായിരുന്നു. ഇന്ത്യയിലെ ജനാധിപത്യ സോഷ്യലിസം ലക്ഷ്യമിട്ടത് അവസരസമത്വം മാത്രമായിരുന്നില്ല; ദാരിദ്ര്യം, അജ്ഞത തുടങ്ങിയവയില്‍ നിന്നുള്ള മോചനം കൂടെയായിരുന്നു. ചാതുര്‍വര്‍ണ്യ വ്യവസ്ഥ തീര്‍ത്ത ജാതി വിഭജനങ്ങളുടെ സംഭാവനയായിരുന്നു സമൂഹത്തിന്റെ താഴെത്തട്ടിലുണ്ടായ കടുത്ത ദാരിദ്ര്യവും അറിവില്ലായ്മയും. തൊഴിലില്‍ മാത്രമല്ലല്ലോ ജാതിശ്രേണി ദളിതരെയും മറ്റു പിന്നാക്ക വിഭാഗങ്ങളെയും സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് തള്ളിവിട്ടത്. പ്രത്യുത ദളിതരുടെ സാമൂഹിക മുഖ്യധാരാ പ്രവേശത്തെ തടയാന്‍ പാകമുള്ള ഉപകരണമാകുകയായിരുന്നു ജാതി വേര്‍തിരിവുകള്‍. ആ വേര്‍തിരിവിന്റെ മതില്‍ കെട്ടുകളാണ് ദളിതന് അന്നവും അറിവും നിഷേധിച്ചത്. ഇന്ത്യന്‍ സോഷ്യലിസത്തിന് സമൂഹത്തെ അവസര സമത്വമുള്ളതാക്കി മാറ്റണമെങ്കില്‍ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി ഉറപ്പു നല്‍കേണ്ടതുണ്ടായിരുന്നു. അങ്ങനെയാണ് ആ വാക്കുകള്‍ ഭരണഘടനയുടെ ആമുഖത്തിലെ എഴുന്നുനില്‍ക്കുന്ന സന്ദേശങ്ങളായി മാറിയത്. അത് ഭരണഘടനക്ക് ആദ്യമേ സോഷ്യലിസ്റ്റ് സാമൂഹിക ക്രമത്തോടുള്ള പ്രതിപത്തിയുടെ വാക്യരൂപമല്ലെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ പ്രസ്തുത ആശയങ്ങളെ യാഥാര്‍ഥ്യ ബോധത്തോടെ കാണാനുള്ള സന്നദ്ധതക്കുറവ് മാത്രമാണ് കാരണം. ആ സന്നദ്ധതക്കുറവാണ് സുബ്രഹ്മണ്യന്‍ സ്വാമിയെപ്പോലെയുള്ളവരുടെ മത, ജാതി, രാഷ്ട്രീയ ബോധങ്ങളെ നിര്‍ണയിക്കുന്നതും.

മതവിശ്വാസത്തിനും അനുഷ്ഠാനത്തിനും പ്രബോധനത്തിനുമുള്ള അവകാശം പൗരന്‍മാര്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. അതുവഴി ഈ ഭരണഘടന സെക്യുലറാണെന്ന് പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. രാഷ്ട്രത്തിന് ഔദ്യോഗിക മതമില്ലാതിരിക്കുകയും എല്ലാ മതങ്ങളെയും രാഷ്ട്രം തുല്യ ബഹുമാനത്തോടെ കാണുകയും ചെയ്യുന്നതാണ് ഇന്ത്യന്‍ സെക്യുലറിസം. മതസ്വാതന്ത്ര്യം മൗലികാവകാശമാണെന്ന് ഭരണഘടന പ്രഖ്യാപിക്കുമ്പോള്‍ അത് മതനിരപേക്ഷ ഇന്ത്യയുടെ വിളംബരം കൂടെയാണ്. സുപ്രീം കോടതിയുടെ ചരിത്രത്തിലെ നാഴികക്കല്ലായ നിയമ വ്യവഹാരങ്ങളിലൊന്നാണ് 1994ലെ പ്രസിദ്ധമായ എസ് ആര്‍ ബൊമ്മെ കേസ്. പ്രസ്തുത കേസിന്റെ വിധിയില്‍ ഇന്ത്യന്‍ ഭരണഘടന ജന്മസിദ്ധമായി തന്നെ സെക്യുലറാണെന്ന് പരമോന്നത നീതിപീഠം അടിവരയിട്ട് പറഞ്ഞത് ഇതിനോട് ചേര്‍ത്തുവായിക്കണം.

സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്നീ വാക്കുകള്‍ 1976ല്‍ 42ാം ഭരണഘടനാ ഭേദഗതിയിലൂടെ ഭരണഘടനാമുഖത്തില്‍ ഉള്‍പ്പെടുത്തിയത് നേരത്തേ ഭരണഘടനയില്‍ അന്തര്‍ലീനമായ ഈ രണ്ട് ആശയങ്ങളുടെ പ്രത്യക്ഷവത്കരണം മാത്രമാണ്. അതല്ലാതെ ഭരണഘടനയുടെ മൗലിക സ്വഭാവത്തിന്റെ ലംഘനമാണ് പ്രസ്താവിത ഭേദഗതിയെന്ന വാദം സാമാന്യയുക്തിക്ക് നിരക്കാത്ത ശുദ്ധ അസംബന്ധമാണ്.

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 123(3) വകുപ്പ് പ്രകാരം മതം പറഞ്ഞ് വോട്ട് ചോദിക്കുന്നത് കുറ്റകരമാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ വോട്ട് ചെയ്യാന്‍ അഭ്യര്‍ഥിച്ച ഒരൊറ്റ സംഭവം തന്നെ സ്ഥാനാര്‍ഥിയുടെ സാധ്യതയെ നിയമപരമായി പ്രതികൂലമായി ബാധിക്കുന്നതാണ്. രാഷ്ട്രീയ പാര്‍ട്ടിയായി അംഗീകരിക്കപ്പെടാന്‍ സോഷ്യലിസ്റ്റ്, സെക്യുലര്‍ തത്ത്വങ്ങളോടുള്ള കൂറ് പ്രഖ്യാപിക്കണമെന്ന് പറയുന്ന വകുപ്പാണ് ജനപ്രാതിനിധ്യ നിയമത്തിലെ 29(എ)(അഞ്ച്) വകുപ്പ്. അത് റദ്ദാക്കണമെന്ന് കൂടെയാണ് സ്വാമിയുടെ ആവശ്യം. അദ്ദേഹത്തിന്റെ താത്പര്യം കൃത്യമാണ്, ഇന്ത്യ മതനിരപേക്ഷമല്ലാതാകണം. ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിക്ക് മതം പറഞ്ഞുതന്നെ വോട്ട് ചോദിക്കുകയും വേണം. അതിന് വെച്ച വെള്ളമങ്ങ് മാറ്റിവെച്ചേക്ക് എന്ന മറുപടി മാത്രമേ ഡോ. സുബ്രഹ്മണ്യന്‍ സ്വാമി അര്‍ഹിക്കുന്നുള്ളൂ എന്ന് ഇന്ത്യന്‍ ഭരണഘടനയുടെ വരികള്‍ക്കിടയിലെ വായന തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

 

Latest