Connect with us

Prathivaram

ഖാദിരിയ്യാ സരണി തന്ന ആശ്വാസം

സുന്നികൾ ഒരു ദിനപത്രം ആരംഭിക്കാൻ തീരുമാനിച്ചപ്പോൾ അതിന്റെ പേര് എന്താവണം എന്ന ചർച്ച ഉയർന്നു വന്നു. സിറാജ് എന്ന പേരിലേക്ക് അന്നത്തെ നേതൃത്വം എത്തിച്ചേർന്നത്, ഐലക്കാട് സിറാജുദ്ധീൻ അൽഖാദിരിയുമായുള്ള ബന്ധത്തിൽ നിന്നാണെന്ന് പറയുമ്പോൾ ഈ സ്വാധീനത്തിന്റെ ആഴം മനസ്സിലാക്കാവുന്നതേയുള്ളൂ.

Published

|

Last Updated

കർമശാസ്‌ത്രപരമായി മലയാളി മുസ്‌ലിംകളുടെ മതപരമായ സ്വത്വത്തെ നിർണയിച്ചത് ശാഫിഈ മദ്ഹബ് ആണെങ്കിൽ, അവരുടെ ആത്മീയ ധാരയെ വിപുലമായ തോതിൽ ചിട്ടപ്പെടുത്തിയത് ഖാദിരിയ്യ സരണിയാണ്. ഇന്ത്യൻ മഹാസമുദ്രത്തോട്‌ ചേർന്നുള്ള കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പും അതുവഴി കേരളത്തിലേക്കു വന്ന മതപണ്ഡിതന്മാരുടെയും സാദാത്തുക്കളുടെയും സൂഫിയാക്കളുടെയും സ്വാധീനവുമാണ് ശാഫിഈ മദ്‌ഹബിനും ഖാദിരിയ്യ ത്വരീഖത്തിനും ഈ പ്രചാരം നേടിക്കൊടുത്തത്. മലയാളി മുസ്്ലിംകളുടെ സാഹിത്യം, സംസ്കാരം, ആചാര അനുഷ്ഠാനങ്ങൾ തുടങ്ങി സർവമേഖലകളിലും ഈ സ്വാധീനം പ്രകടമാണ്. മലയാള സാഹിത്യത്തിലെ ആദ്യകാല രചന എന്നു വിശേഷിപ്പിക്കാവുന്ന മുഹ്‌യദ്ധീൻ മാലയും, മലയാളിയുടെ ചരിത്ര-സാമൂഹിക ശാസ്ത്രത്തിലേക്ക് വെളിച്ചം വീശുന്ന ആദ്യത്തെ കർമ ശാസ്ത്ര ഗ്രന്ഥമായ ഫത്ഹുൽ മുഈനും രചിക്കപ്പെട്ടത് യഥാക്രമം ഖാദിരിയ്യത്തിന്റെയും ശാഫിയത്തിന്റെയും അനുഭവ പരിസരത്തിൽ നിന്നാണ്. ലോകത്തെ വിവിധ മുസ്‌ലിം സമൂഹങ്ങളുമായി ഇവിടുത്തെ മുസ്‌ലിംകളെ കണ്ണിചേർക്കുന്നതിൽ ഈ രണ്ടു ധാരകളും ഇപ്പോഴും വലിയ പങ്കാണ് വഹിച്ചു കൊണ്ടിരിക്കുന്നത്.

സമീപകാല കേരളീയ മുസ്‌ലിംകൾ ഈ രണ്ടു ധാരകളുടെയും മാധുര്യം വലിയ തോതിൽ അനുഭവിച്ചത് കോഴിക്കോടിനടുത്ത പറമ്പിൽ കടവിൽ താമസമാക്കിയ എഴുത്തച്ഛൻകണ്ടി കുടുംബത്തിലെ പണ്ഡിതന്മാരിലൂടെയാണ്. യമനീ പാരമ്പര്യത്തിൽ വേരൂന്നിയ എഴുത്തച്ഛൻ കണ്ടി കുടുംബത്തിലെ മതപണ്ഡിതന്മാർ, ശാഫിയത്തിന്റെയും ഖാദിരിയ്യത്തിന്റെയും ഊർജം പുനഃസ്ഥാപിക്കുന്നതിൽ നേതൃപരമായ പങ്കു വഹിച്ചവരാണ്. എഴുത്തച്ഛൻ കണ്ടി കുടുംബത്തിലെ കോയക്കുട്ടി മുല്ല എന്നറിയപ്പെടുന്നവരാണ് ആദ്യമായി യമനിൽ നിന്നും കേരളത്തിൽ വന്നു സ്ഥിരതാമസമാക്കിയത് എന്നാണ് കരുതപ്പെടുന്നത്. ആ കുടുംബ പരമ്പരയിലെ കോയക്കുട്ടി മുസ്‌ലിയാരുടെ മകൻ അബൂബക്കർ മുസ്‌ലിയാരുടെ മകൻ കോയക്കുട്ടി മുസ്‌ലിയാരുടെ മക്കളാണ് ആധുനിക മലയാളി മുസ്‌ലിംകളുടെ കർമശാസ്ത്രപരവും വിശ്വാസപരവുമായ ആത്മീയ ധാരകളെ ഒരുപോലെ താലോലിച്ചു വളർത്തിയത്. കോയക്കുട്ടി മുസ്‌ലിയാരുടെ മക്കളായ ഇ കെ അബൂബക്കർ മുസ്‌ലിയാരും ഇ കെ ഹസൻ മുസ്‌ലിയാരും തങ്ങളുടെ മതാധ്യാപനങ്ങളിലൂടെയും ബിദഇകൾക്കെതിരെയുള്ള ആശയ-വാദപ്രതിവാദങ്ങളിലൂടെയും ശാഫിയത്തിന്റെ ആധികാരികതയെ സ്ഥാപിച്ചെടുത്തപ്പോൾ, മറ്റൊരു മകനായ അല്ലാമാ കമാലുദ്ധീൻ ഉമറുൽ ഖാദിരി എന്നറിയപ്പെടുന്ന ഇ കെ ഉമർ ഹാജി ഖാദിരിയ്യത്തിനെ പുനഃസ്ഥാപിക്കുകയും ജനകീയമാക്കുകയും ചെയ്തു.

ഐലക്കാട് ശൈഖ് സിറാജുദ്ധീൻ അൽ ഖാദിരി ആണ് ഇ കെ ഉമർ ഹാജിയെ ഖാദിരിയ്യ ത്വരീഖത്തിന്റെ ഖലീഫ പദവി ഏൽപ്പിക്കുന്നത്. സമീപ കാല കേരളീയ മുസ്‌ലിംകളിൽ ഭൂരിഭാഗവും പിന്നീട് ഖാദിരിയ്യത്തിൽ കണ്ണി ചേരുന്നത് ഇ കെ ഉമർ ഹാജിയിലൂടെയാണ്. സഹോദരൻ ഇ കെ അബൂബക്കർ മുസ്‌ലിയാർ ഖാദിരിയ്യത്ത് സ്വീകരിച്ചത് ഉമർ ഹാജിയിൽ നിന്നാണ്. ഇ കെ അബൂബക്കർ മുസ്‌ലിയാരുടെ പ്രധാന രചനകളിൽ ഒന്ന് ഐലക്കാട് ശൈഖ് സിറാജുദ്ധീൻ അൽഖാദിരിയുടെ മൗലിദ് ആണ്. സുന്നികൾ ഒരു ദിനപത്രം ആരംഭിക്കാൻ തീരുമാനിച്ചപ്പോൾ അതിന്റെ പേര് എന്താവണം എന്ന ചർച്ച ഉയർന്നു വന്നു. സിറാജ് എന്ന പേരിലേക്ക് അന്നത്തെ നേതൃത്വം എത്തിച്ചേർന്നത്, ഐലക്കാട് സിറാജുദ്ധീൻ അൽഖാദിരിയുമായുള്ള ബന്ധത്തിൽ നിന്നാണെന്ന് പറയുമ്പോൾ ഈ സ്വാധീനത്തിന്റെ ആഴം മനസ്സിലാക്കാവുന്നതേയുള്ളൂ. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്ത പഴുന്നാന കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഉമർ ഹാജി പഴുന്നാന മൂപ്പർ എന്നും അറിയപ്പെട്ടിരുന്നു. കേരളത്തിന്റെ കുഗ്രാമങ്ങളിൽ വരെ ദിക്‌റും ഖാദിരിയ്യാ റാതീബുകളും സ്ഥാപിച്ചു കൊണ്ട് അദ്ദേഹം തുടങ്ങി വെച്ച ആത്മീയ പരിവർത്തന പ്രവർത്തനങ്ങൾ, കേരളീയ മുസ്‌ലിംകൾക്കിടയിൽ ആഴത്തിലുള്ള സ്വാധീനമാണുണ്ടാക്കിയത്. 1985 ലാണ് ഉമർ ഹാജി വഫാതാകുന്നത്. അദ്ദേഹത്തിന്റെ മക്കളായ ഇ കെ മുഹമ്മദ് ദാരിമി, ഇ കെ അബ്ദുൽഖാദിർ മുസ്‌ലിയാർ എന്ന ബാവ മുസ്‌ലിയാർ, ഇ കെ ഹുസൈൻ മുസ്‌ലിയാർ എന്നിവർ ചേർന്നാണ് ഈ ദൗത്യം പിന്നീട് ഏറ്റെടുത്തത്. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ, പ്രത്യേകിച്ചും തെക്കൻ ജില്ലകൾ കേന്ദ്രീകരിച്ചുകൊണ്ടുള്ള ഈ സഹോദര ത്രയങ്ങളുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളും പ്രവർത്തന രീതികളും ഖാദിരിയ്യത്തിനെ സവിശേഷമാം വിധത്തിൽ മലയാളി മുസ്‌ലിംകളുടെ ദൈനം ദിന ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയെടുത്തു. ഈ സാഹോദര്യ ത്രയങ്ങളിലെ അവസാനത്തെ കണ്ണിയാണ് കഴിഞ്ഞ ദിവസം വേർപിരിഞ്ഞ ഇ കെ ഹുസൈൻ മുസ്‌ലിയാർ. കേരളത്തിലെ സുന്നി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതാക്കളുടെയും മാർഗനിർദേശികളും വഴികാട്ടികളും ആയിരുന്നു ഈ കുടുംബം. ഉസ്താദ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പ്രവർത്തനങ്ങൾക്കുള്ള വലിയ ഊർജം നൽകിയത് എഴുത്തച്ഛൻ കണ്ടി കുടുംബത്തിലെ ഈ പണ്ഡിത പരമ്പരയാണ്.

ഖാദിരിയ്യാ ത്വരീഖത്തിന്റെ പ്രചാരണത്തിൽ അവസാന നിമിഷം വരെയും വ്യാപൃതനായിരുന്നു ഇ കെ ഹുസൈൻ മുസ്‌ലിയാർ. മദീനയിൽ നിന്നെത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് ആ മഹാൻ അല്ലാഹുവിന്റെ വിളിക്കുത്തരം നൽകി മടങ്ങിപ്പോയത്. ഇ കെ അബ്ദുൽ ഖാദിർ മുസ്‌ലിയാർ എന്ന ബാവ മുസ്‌ലിയാർ ഞങ്ങളുടെ വീട്ടിൽ തുടങ്ങിത്തന്ന ഖാദിരിയ്യ റാതീബ് പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കുന്നതിനു വേണ്ടിയാണ് അവസാനമായി ഹുസൈൻ മുസ്‌ലിയാരെ നേരിൽ പോയി കണ്ടത്. ദീർഘമായി സംസാരിക്കുകയും പുതിയ വീട്ടിലേക്ക് റാത്തീബ് പുനഃസ്ഥാപിക്കാൻ ആവശ്യപ്പെടുകയും സമ്മതം പുതുക്കി നൽകുകയും ചെയ്തു. ഉമർ ഹാജി സമാഹരിച്ച ഖാദിരിയ്യ റാത്തീബ് അദ്ദേഹത്തോടൊപ്പമിരുന്ന് അന്നു ചൊല്ലിത്തീർത്തു. കേരളത്തിലെ ഏതൊരു സുന്നി മുസ്‌ലിമിനെയും പോലെ ഇ കെ ഉമർ ഹാജി സ്ഥാപിച്ച പറമ്പിൽകടവിലെ മുസാഫർഖാനെയും പള്ളിയും ദീർഘകാലമായി ഞങ്ങളുടെയും ആശ്വാസകേന്ദ്രമായിരുന്നു. ഭൂമിലോകത്തെ ആ ആശ്വാസത്തിന്റെ ഒരു കണ്ണിയേ അറ്റുപോയിട്ടുള്ളൂ. ബർസഖീ ജീവിതത്തിലിരുന്നും ആശ്വാസം പകരുന്നവരാണല്ലോ അല്ലാഹുവിന്റെ ഔലിയാക്കൾ.