local body election 2025
വഴിക്കടവിൽ തൃണമൂലിന്‍റെ വെല്ലുവിളി നേരിടാനൊരുങ്ങി കോണ്‍ഗ്രസ്സ്
കോൺഗ്രസ്സ് സ്ഥാനാർഥികളെ തോൽപ്പിക്കാൻ കഴിയുമെന്നത് തൃണമൂൽ നേതാക്കളുടെ സ്വപ്നം മാത്രമാണെന്ന് വഴിക്കടവ് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് സുനീർ മണൽപ്പാടം പറഞ്ഞു.
എടക്കര | വഴിക്കടവ് പഞ്ചായത്തിൽ തൃണമൂൽ കോണ്‍ഗ്രസ്സിന്റെ വെല്ലുവിളി നേരിടാനൊരുങ്ങി കോണ്‍ഗ്രസ്സ്. കോൺഗ്രസ്സ് സ്ഥാനാർഥികളെ തോൽപ്പിക്കാൻ കഴിയുമെന്നത് തൃണമൂൽ നേതാക്കളുടെ സ്വപ്നം മാത്രമാണെന്ന് വഴിക്കടവ് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് സുനീർ മണൽപ്പാടം പറഞ്ഞു. എത്ര ഭീഷണിപ്പെടുത്തിയാലും തൃണമൂലിന് വഴിക്കടവിൽ സീറ്റ് നൽകില്ലെന്നും തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും തങ്ങൾ ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസം വഴിക്കടവ് നടന്ന ചർച്ചയിൽ തൃണമൂൽ കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ട സീറ്റുകൾ നല്‍കാൻ കോൺഗ്രസ്സ് തയ്യാറാകാത്തതാണ് തൃണമൂലിനെ ചൊടിപ്പിക്കാൻ കാരണം. അതേസമയം, വഴിക്കടവിൽ മികച്ചൊരു സ്ഥാനാർഥിയെ കണ്ടെത്താൻ പോലും തൃണമൂൽ കോണ്‍ഗ്രസ്സിന് കഴിഞ്ഞിട്ടില്ല. നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വഴിക്കടവിൽ കൂടുതൽ വോട്ടുകൾ ലഭിച്ചത് പ്രത്യേക സാഹചര്യത്തിലായിരുന്നു. ഈ സാഹചര്യങ്ങളൊന്നും ഇപ്പോൾ നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂരിലെ മുഴുവൻ ത്രിതല പഞ്ചായത്ത് വാർഡുകളിലും സ്വന്തം സ്ഥാനാർഥികളെ മത്സരിപ്പിച്ച് കോൺഗ്രസ്സിനെ തോൽപ്പിക്കുമെന്ന് തൃണമൂൽ നേതാക്കൾ കഴിഞ്ഞദിവസം വാർത്താസമ്മേളനം നടത്തി അറിയിച്ചിരുന്നു.


