Connect with us

secular alternative

കോണ്‍ഗ്രസ് പ്ലീനറി: മതേതര ബദലില്‍ സുപ്രധാന ചോദ്യം ബാക്കി

മൂന്നാം മുന്നണി നീക്കത്തെ എങ്ങിനെ കൈകാര്യം ചെയ്യും?

Published

|

Last Updated

കോണ്‍ഗ്രസ്സിന്റെ 85 ാമത് പ്ലീനറി സമ്മേളനം റായ്പൂരില്‍ കൊടിയിറങ്ങുമ്പോള്‍ മതേതര ബദല്‍ സൃഷ്ടിക്കുന്നതില്‍ സുപ്രധാന ചോദ്യം അവശേഷിക്കുന്നു.
ബി ജെ പിക്കും കോണ്‍ഗ്രസ്സിനും ബദലായി മൂന്നാം മുന്നണി എന്ന ആശയം കാലഹരണപ്പെട്ടിട്ടും അത്തരം മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി മുന്നോട്ടുപോകുന്ന മതേതര കക്ഷികളെ എങ്ങിനെ കൈകാര്യം ചെയ്യും എന്നതാണു ചോദ്യം. ബി ജെ പിക്കെതിരായ മതേതര ബദലിന്റെ ശക്തിയെ ഭിന്നിപ്പാക്കാന്‍ മാത്രം ഉതകുന്ന മൂന്നാം ബദലിനുവേണ്ടിയുള്ള നീക്കങ്ങള്‍ ഇപ്പോഴും ശക്തമായി നിലനില്‍ക്കുകയാണ്.

കോണ്‍ഗ്രസ്സിന്റെ അധികാരക്കുത്തക തകര്‍ക്കുക, ബി ജെ പിയുടെ വളര്‍ച്ച തടയുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി എണ്‍പതുകളുടെ ഒടുക്കം സോഷ്യലിസ്റ്റ് കക്ഷികളും ഇടതുപക്ഷവും ഉയര്‍ത്തിയ മുദ്രാവാക്യമായിരുന്നു മൂന്നാം ബദല്‍ എന്നത്. മൂന്നാം ബദല്‍ പരീക്ഷണം പല ഘട്ടത്തിലും പാളിയെങ്കിലും കോണ്‍ഗ്രസ്സിന്റെ അധികാരക്കുത്തക തകര്‍ന്നു. കോണ്‍ഗ്രസിന്റെ തകര്‍ച്ചയെ ഉപയോഗപ്പെടുത്തി ബി ജെ പി അധികാരത്തില്‍ എത്തുകയും ചെയ്തു.
കോണ്‍ഗ്രസ് തുടക്കം കുറിച്ച ഉദാരവല്‍ക്കരണ സാമ്പത്തിക നയങ്ങള്‍ ശക്തമായി നടപ്പാക്കുകവഴി കോണ്‍ഗ്രസ്സിന്റെ സാധ്യതയെ തന്നെ അവര്‍ ചോദ്യം ചെയ്തു. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യം ഉയര്‍ത്താനുള്ള ധൈര്യവും സംഘപരിവാര്‍ അന്തപ്പുരത്തില്‍ രൂപപ്പെട്ടു.

ഭരണത്തുടര്‍ച്ച നേടി ബി ജെ പി ഹിംസാത്മകമായ ഹിന്ദുത്വ രാഷ്ട്രീയം പ്രയോഗിക്കാന്‍ കൂടി തുടങ്ങിയതോടെയാണ് ബി ജെ പിയെ അധികാരത്തില്‍ നിന്നു പുറന്തള്ളാല്‍ മതേതര ബദല്‍ എന്ന ലക്ഷ്യത്തിലേക്കു രാജ്യത്തെ മതേതര കക്ഷികള്‍ക്കു സംഘടിതമായി നീങ്ങേണ്ടിവന്നത്.

പഴയ ഏകകക്ഷി ഭരണത്തിന്റെ ലഹരിയില്‍ നിന്ന് വിടുതല്‍ നേടാന്‍ കോണ്‍ഗ്രസിന് 85 ാം പ്ലീനറി സമ്മേളനം വരെ കാത്തിരിക്കേണ്ടിവുന്നു. രാജ്യത്തെ ഏറ്റവും വലിയ മതേതര കക്ഷി എന്ന നിലയില്‍ മതേതര ബദല്‍ സൃഷ്ടിക്കുന്നതിനു നേതൃത്വ പരമായ പങ്കുവഹിക്കുമെന്നു കോണ്‍ഗ്രസ് പ്ലീനറി പ്രഖ്യാപിക്കുമ്പോല്‍ അതു ചരിത്രപരമായ ചുവടുവയ്പ്പായി മാറുകയാണ്.

ഓരോ സംസ്ഥാനത്തും പ്രാദേശിക സഖ്യങ്ങള്‍ ഉണ്ടാക്കി ബി ജെ പിയുടെ പരാജയം ഉറപ്പാക്കുന്ന തന്ത്രം നടപ്പാക്കണമെന്ന ഇടതുപക്ഷത്തിന്റെ അഭിപ്രായം കോണ്‍ഗ്രസ്സിന്റെ പ്രമേയത്തിലും പ്രതിഫലിക്കുന്നത് പ്രതീക്ഷാ നിര്‍ഭരമാണ്. പ്രാദേശിക പാര്‍ട്ടികളുമായി പരമാവധി സഖ്യങ്ങള്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് എത്രമാത്രം വിട്ടുവീഴ്ചക്കും തന്ത്രമരമായ നീക്കങ്ങള്‍ക്കും തയ്യാറാവും എന്നതായിരിക്കും 2024 ലെ ലോകസഭാ തിരഞ്ഞെടുപ്പിന്റെ വിധി നിര്‍ണയിക്കുക.

ബി ജെ പിക്കെതിരെ സമാന മനസ്‌ക്കരായ എല്ലാവരെയും അടിയന്തരമായി ഏകോപിപ്പിക്കണം എന്നു രാഷ്ട്രീയ പ്രമേയം വ്യക്തമാക്കുന്നുണ്ടെങ്കിലും ആം ആദ്മി, തൃണമുല്‍ കോണ്‍ഗ്രസ്, തെലങ്കാനയിലെ ഭാരത് രാഷ്ട്ര സമിതി (ബി ആര്‍ എസ്) എന്നീ പാര്‍ട്ടികള്‍ കോണ്‍ഗ്രസിന്റെ നേതൃത്വം അംഗീകരിക്കാതെ മൂന്നാം ബദല്‍ നീക്കവുമായി മുന്നോട്ടുപോകുകയാണ്.

ഈ സാഹചര്യത്തില്‍ മതേതര ബദല്‍ എങ്ങിനെ യാഥാര്‍ഥ്യമാക്കുമെന്ന ചോദ്യമാണ് ഇനിയുള്ള ദിനങ്ങളില്‍ നിര്‍ണായകമാവുക. പ്രാദേശിക സംഖ്യങ്ങള്‍ ഉണ്ടാക്കുകയും തിരഞ്ഞെടുപ്പിനു ശേഷം ദേശീയ സംഖ്യത്തിനു രൂപം നല്‍കുകയും ചെയ്യുക എന്ന യു പി എ പരീക്ഷണത്തിന്റെ ഏറ്റവും പരിഷ്‌കരിച്ച രൂപമായിരിക്കും ഈ ഘട്ടത്തില്‍ ഏറ്റവും പ്രായോഗികമായ തത്വം എന്നാണു വിലയിരുത്തപ്പെടുന്നത്.
എന്നാല്‍ പ്രാദേശിക സംഖ്യങ്ങള്‍ ഉണ്ടാക്കുന്നതിലും തിരഞ്ഞെടുപ്പിനു ശേഷം പ്രദേശിക കക്ഷികളെ വിലക്കെടുക്കുന്നതിനും ബി ജെ പി നടത്തുന്ന ഓപ്പറേഷന്‍ താമരയുടെ നീക്കങ്ങള്‍ തിരിച്ചറിഞ്ഞ് എങ്ങിനെ പ്രതിരോധം ഉയര്‍ത്താന്‍ കഴിയുമെന്നതും സുപ്രധാന ചോദ്യമാണ്.

ആം ആത്മി പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ പരാജയം ഉറപ്പാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച അനുഭവം ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ഉണ്ടായി. അഞ്ചുസീറ്റില്‍ മാത്രമാണ് ഗുജറാത്തില്‍ എ എ പിക്ക് വിജയിക്കാനായതെങ്കിലും അവിടെ 31 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പരാജയത്തിന് എ എ പി വഴിയൊരുക്കി. ഇത്തരത്തില്‍ ബി ജെ പിയുടെ ജയം ഉറപ്പാക്കുന്നതില്‍ പങ്കുവഹിക്കുന്ന നിരവധി പ്രതിഭാസങ്ങള്‍ ഓരോ സംസ്ഥാനത്തുമുണ്ട്.

2021 ല്‍ ദേവീലാലിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഹരിയാനയില്‍ ഐ എന്‍ എല്‍ ഡി നേതാവ് ഓം പ്രകാശ് ചൗട്ടാല സംഘടിപ്പിച്ച മതേതര കക്ഷികളുടെ സംഗമത്തിലും മൂന്നാം ബദല്‍ എന്ന ആശയമായിരുന്നു ഉയര്‍ന്നു നിന്നത്. ചടങ്ങിലേക്ക് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, മുന്‍ പ്രധാനമന്ത്രിയും ജെ ഡി (എസ്) നേതാവുമായ ദേവെഗൗഡ, ശിരോമണി അകാലിദള്‍ നേതാവ് പ്രകാശ് സിങ് ബാദല്‍, സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, എന്‍ സി പി നേതാവ് ശരദ് പവാര്‍ തുടങ്ങിയവരെ ക്ഷണിച്ച് ബിജെ പി ഇതര കക്ഷികളെ സംഘടിപ്പിക്കാനായിരുന്നു ചൗട്ടാലയുടെ ശ്രമം.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലുള്ള മതേതര ബദലിന്റെ കേളികൊട്ട് എന്ന നിലയിലാണ് കഴിഞ്ഞ ജനുവരിയില്‍ തെലങ്കാനയില്‍ നടന്ന ബി ആര്‍ എസ് റാലി വിലയിരുത്തപ്പെട്ടത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ ആ പരിപാടിയിലേക്കു ക്ഷണിച്ചിരുന്നു.

തെലങ്കാന രാഷ്ട്ര സമിതി (ടി ആര്‍ എസ്) എന്ന പ്രാദേശിക പാര്‍ട്ടി ദേശീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ഭാരത് രാഷ്ട്ര സമിതി (ബി ആര്‍ എസ്) ആയതിനു ശേഷമുള്ള ആദ്യത്തെ മഹാറാലി ബദല്‍ രാഷ്ട്രീയത്തിന്റെ പ്രഖ്യാപനമായിരുന്നു. പാര്‍ട്ടി അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവു ബി ജെ പിക്കെതിരായ മതേതര നീക്കത്തിനു ചുക്കാന്‍ പിടിക്കുമെന്ന സൂചനയും റാലി മുന്നോട്ടുവച്ചു. 2000 ഏപ്രിലില്‍ ചന്ദ്രശേഖര്‍ റാവു സ്വയം ദേശീയ പാര്‍ട്ടിയായി പ്രഖ്യാപിച്ച ചടങ്ങില്‍ ജെ ഡി (എസ്) നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി, തമിഴ്‌നാട്ടിലെ വിടുതലൈ ചിരുതൈകള്‍ കച്ചി (വി സി കെ) നേതാവ് തിരുമാവളവന്‍ തുടങ്ങിയ നേതാക്കള്‍ പങ്കുകൊണ്ടിരുന്നു. മതേതര പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി ദേശീയ തലത്തില്‍ ബി ജെ പിക്കെതിരായ നീക്കത്തിനു നേതൃത്വം നല്‍കുകാന്‍ കഴിയുമെന്ന ലക്ഷ്യം മുന്‍ നിര്‍ത്തി മമത ബാനര്‍ജി, നിതീഷ് കുമാര്‍, അരവിന്ദ് കെജ്രിവാള്‍, എം കെ സ്റ്റാലിന്‍, നവീന്‍ പട്‌നായിക് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ചകള്‍ നടത്തി. എന്നാല്‍ ബി ആര്‍ എസിന്റെ ബദല്‍ നീക്കത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ടിരുന്നില്ല.

ബി ജെ പിയെ സഹായിക്കാന്‍ മാത്രമാണ് മൂന്നാം മുന്നണി നീക്കത്തിനു കഴിയുകയെന്ന് കോണ്‍ഗ്രസ് പ്ലീനറി രാഷ്ട്രീയ പ്രമേയം എടുത്തുപറയുന്നു. ഈ നിര്‍ണായക ഘട്ടത്തില്‍, 2024 ലേക്കുള്ള മാര്‍ഗനിര്‍ദ്ദേശക രേഖ തയ്യാറാക്കുമെന്ന പ്ലീനറി തീരുമാനത്തെ മതേതര സമൂഹം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

 

 

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest