Connect with us

From the print

കെജ്‌രിവാളിൽ പ്രതീക്ഷയർപ്പിച്ച് കോൺഗ്രസ്സ്

അതേസമയം, മുഖ്യമന്ത്രിയെ തന്നെ അറസ്റ്റ് ചെയ്ത് പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിച്ച ബി ജെ പിയെ പാഠം പഠിപ്പിക്കാനുള്ള അവസരമായാണ് ആം ആദ്മി പാർട്ടി ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്.

Published

|

Last Updated

ന്യൂഡൽഹി | ഇന്ന് ആറാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഡൽഹി ഇരുമുന്നണികൾക്കും അഭിമാന പ്രശ്‌നമാണ്. 2019 ൽ രാജ്യതലസ്ഥാനത്തെ ഏഴ് സീറ്റിലും വിജയിച്ചത് ബി ജെ പിയാണ്. ഇത്തവണ രാഷ്ട്രീയ സാഹചര്യം അവർക്കത്ര എളുപ്പമല്ല. സാഹചര്യം മനസ്സിലാക്കി കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കാൻ ദേശീയ നേതാക്കളെ തന്നെ പ്രചാരണത്തിനിറക്കി കൊണ്ടുപിടിച്ചു ശ്രമം നടത്തിയിട്ടുണ്ട്. അതേസമയം, മുഖ്യമന്ത്രിയെ തന്നെ അറസ്റ്റ് ചെയ്ത് പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിച്ച ബി ജെ പിയെ പാഠം പഠിപ്പിക്കാനുള്ള അവസരമായാണ് ആം ആദ്മി പാർട്ടി ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്.
ഡൽഹിയിൽ ഏറ്റവും ശക്തമായ മത്സരം നടക്കുന്നത് നോർത്ത് ഈസ്റ്റ് മണ്ഡലത്തിലാണ്. ഇവിടെ സിറ്റിംഗ് എം പി, ബി ജെ പിയുടെ മനോജ് തിവാരിയെ നേരിടാൻ കോൺഗ്രസ്സ് രംഗത്തിറക്കിയത് സി പി ഐയിൽ നിന്ന് വന്ന കനയ്യ കുമാറിനെയാണ്. കോൺഗ്രസ്സ് കാര്യമായി ശ്രദ്ധിച്ച മണ്ഡലവും ഇത് തന്നെയാണ്. രാഹുൽ ഗാന്ധിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് കനയ്യ ഇവിടെ സ്ഥാനാർഥിയായത്. 2019 ൽ കോൺഗ്രസ്സിനും ആം ആദ്മി പാർട്ടിക്കും വെവ്വേറെ സ്ഥാനാർഥികൾ ഉണ്ടായിരുന്നു. ഇത്തവണ ഇന്ത്യ മുന്നണിയുടെ ഭാഗമായാണ് രണ്ട് പാർട്ടികളും മത്സരിക്കുന്നത്. മുസ്‌ലിംകൾക്ക് സ്വാധീനമുള്ള മണ്ഡലത്തിൽ വോട്ടുകൾ കനയ്യ കുമാറിന് അനുകൂലമായി പോൾ ചെയ്യപ്പെടുമെന്നതാണ് കോൺഗ്രസ്സ് പ്രതീക്ഷ.

ഡൽഹിയിൽ മത്സരിക്കുന്ന ഏക സിറ്റിംഗ് എം പിയാണ് മനോജ് തിവാരി. അദ്ദേഹത്തിന്റെ ജയം ഉറപ്പാക്കാൻ പ്രധാനമന്ത്രി മുതൽ പ്രമുഖരെല്ലാം പ്രചാരണത്തിന് എത്തിയിരുന്നു. നരേന്ദ്ര മോദിയുടെ ഡൽഹി ക്യാമ്പയിൻ ആരംഭിച്ചത് ഈ മണ്ഡലത്തിൽ നിന്നാണ് എന്ന പ്രത്യേകതയുമുണ്ട്. ബി ജെ പിയുടെ പ്രചാരണം പൂർണമായും മോദിയെ ഉയർത്തിക്കാട്ടിയായിരുന്നു. അതുകൂടി മനസ്സിലാക്കിയായിരുന്നു അരവിന്ദ് കെജ്‌രിവാൾ മോദിയുടെ പ്രായം പ്രചാരണ വിഷയമാക്കിയത്. അത് ബി ജെ പി കേന്ദ്രങ്ങളെ അങ്കലാപ്പിൽ ആക്കിയിട്ടുണ്ടെന്ന് അവസാനവട്ട പ്രചാരണങ്ങളിൽ വ്യക്തമായിരുന്നു.
ഏഴ് മണ്ഡലങ്ങളിൽ നോർത്ത് ഈസ്റ്റ് കൂടാതെ ചാന്ദ്‌നി ചൗക്ക്, നോർത്ത് വെസ്റ്റ് മണ്ഡലങ്ങളിലാണ് കോൺഗ്രസ്സ് മത്സരിക്കുന്നത്. ശേഷിക്കുന്ന നാല് മണ്ഡലങ്ങളിൽ ആം ആദ്മി പാർട്ടിയാണ് ജനവിധി തേടുന്നത്. കോൺഗ്രസ്സ് സംഘടനാപരമായി ഏറെ ദുർബലമാണ് ഡൽഹിയിൽ. അതിന്റെ പരാധീനതകൾ പ്രകടമായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ. കെജ്‌രിവാൾ പ്രഭാവത്തിൽ അതിനെ മറികടക്കാൻ കഴിയുമെന്നാണ് കോൺഗ്രസ്സ് കരുതുന്നത്. കെജ്‌രിവാളിന്റെ അറസ്റ്റ് ബി ജെ പിയുടെ ഭീതിയിൽ നിന്നുണ്ടായ പ്രതികാര നടപടി ആയിരുന്നു. സുപ്രീം കോടതി നൽകിയ ജാമ്യത്തിലാണ് പ്രചാരണം നയിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചയുടനെ അദ്ദേഹത്തിന് വീണ്ടും ജയിലിലേക്ക് മടങ്ങേണ്ടി വരും. ഇ ഡിയുടെ അറസ്റ്റിനെ ബി ജെ പിക്ക് എതിരായ രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നതിൽ ആം ആദ്മിയും കെജ്‌രിവാളും വിജയിച്ചിട്ടുണ്ട്. കോൺഗ്രസ്സിന്റെ സമുന്നത നേതാക്കൾക്ക് വോട്ട് ഡൽഹിയിലാണെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ താരം കെജ്‌രിവാൾ ആയിരുന്നു. അറസ്റ്റ് നൽകിയ “രക്തസാക്ഷി പരിവേഷം’ ഇന്ത്യ മുന്നണിക്ക് അനുകൂലമായ വോട്ടായി മാറുമെന്നാണ് തിരഞ്ഞെടുപ്പ് വിദഗ്ധർ പറയുന്നത്. അതൊരു അവസരമാക്കി പാർട്ടിയുടെ ദുർബലാവസ്ഥയെ മറികടക്കാൻ കഴിയുമെന്നാണ് കോൺഗ്രസ്സ് വൃത്തങ്ങൾ പ്രതീക്ഷിക്കുന്നത്.

Latest