Connect with us

Kerala

യുവതിയുടെ മരണം ചികിത്സാ പിഴവെന്ന് പരാതി; വിദഗ്ധ സമിതി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കാഷ്വാലിറ്റിയിലെത്തിയ രോഗിയെ ഡോക്ടർ പരിശോധിക്കാന്‍ തയാറായില്ലെന്നാണ് പരാതി. തിരക്കുള്ളവര്‍ക്ക് മറ്റ് ആശുപത്രിയിലേക്ക് പോകാം എന്നും ഡ്യൂട്ടി ഡോക്ടര്‍ പറഞ്ഞുവെന്നാണ് റിപോര്‍ട്ട്.

Published

|

Last Updated

കോട്ടയം | കടുത്ത തലവേദനയുമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ ചിന്നാര്‍ സ്വദേശിനി യഥാസമയം ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ രൂപവത്കരിക്കുന്ന വിദഗ്ധ സമിതിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉചിതമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും കോട്ടയം, ഇടുക്കി ജില്ലാ പോലീസ് മേധാവിമാര്‍ക്കുമാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദേശം നല്‍കിയത്.

ചിന്നാര്‍ നാലാം മൈല്‍ സിദ്ധന്‍ ഭവനില്‍ സി ആര്‍ രാമരുടെ മകള്‍ ലിഷമോളാണ് (30) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 2022 ജൂലൈ 24ന് ചികിത്സ തേടിയത്. കാഷ്വാലിറ്റിയിലെത്തിയ രോഗിയെ ഡോക്ടർ പരിശോധിക്കാന്‍ തയാറായില്ലെന്നാണ് പരാതി. തിരക്കുള്ളവര്‍ക്ക് മറ്റ് ആശുപത്രിയിലേക്ക് പോകാം എന്നും ഡ്യൂട്ടി ഡോക്ടര്‍ പറഞ്ഞുവെന്നാണ് റിപോര്‍ട്ട്. കടുത്ത തലവേദനയെ തുടര്‍ന്ന് ലിഷമോളെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും അവിടെ എത്തും മുമ്പ് മരിച്ചു. വാഗമണ്‍ മലനാട് സര്‍വീസ് സഹകരണ ബേങ്ക് ജീവനക്കാരിയായിരുന്നു. മൂന്ന് വയസുള്ള ഒരു മകനാണ് ലിഷമോള്‍ – സൂരജ് കെ സുധാകരന്‍ ദമ്പതികള്‍ക്കുള്ളത്.

ലിഷമോള്‍ നേരിട്ട മനുഷ്യാവകാശ ലംഘനം കമ്മീഷന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത് മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ. ഗിന്നസ് മാടസാമിയാണ്. ആരോഗ്യവിദ്യാഭ്യാസ ഡയറക്ടര്‍ കമ്മീഷനില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു. ഡോക്ടര്‍ രോഗിയെ പരിശോധിച്ച് സി ടി സ്‌കാന്‍ എടുക്കാന്‍ നിർദേശിച്ചെങ്കിലും ഡ്യൂട്ടി ഡോക്ടര്‍ അറിയാതെ രോഗി ആശുപത്രി വിട്ടുപോയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കോട്ടയം ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പീരുമേട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നതായി പറയുന്നു.

2022 ജൂലൈ 24 ന് കാഷ്വാലിറ്റിയിലുണ്ടായിരുന്ന ഡോക്ടറുടെ ചികിത്സാപിഴവ് പരിശോധിക്കാന്‍ വിദഗ്ധ സമിതി അന്വേഷിക്കണമെന്നും ജില്ലാ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു. ഡോക്ടര്‍മാര്‍ ഇല്ലാത്ത സമിതി മരണകാരണം അന്വേഷിക്കണമെന്ന് ലിഷമോളുടെ പിതാവ് ആവശ്യപ്പെട്ടു.

Latest