Connect with us

National

കൊളീജിയം ശിപാര്‍ശ കേന്ദ്രം അംഗീകരിച്ചു; സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനത്തിന് അനുമതി

നിയമന ഉത്തരവില്‍ രാഷ്ട്രപതി ഒപ്പ് വച്ചതായാണ് സൂചന

Published

|

Last Updated

ന്യൂഡല്‍ഹി |  സുപ്രിം കോടതി ജഡ്ജി നിയമനം സംബന്ധിച്ച കൊളീജിയം ശിപാര്‍ശ അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. അഞ്ച് പുതിയ ജഡ്ജിമാരുടെ നിയമനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. കോളീജിയം ശിപാര്‍ശ ചെയ്ത അഞ്ച് പേരെയും നിയമിക്കാനാണ് കേന്ദ്രം അനുമതി നല്‍കിയത്. അനുമതി വൈകിപ്പിക്കുന്നതില്‍ സുപ്രിം കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയമനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. കൊളീജിയം കൈമാറിയ ശിപാര്‍ശകള്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ അംഗീകരിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി സുപ്രീം കോടതിയെ അറിയിച്ചിരുന്നു

നിയമന ഉത്തരവില്‍ രാഷ്ട്രപതി ഒപ്പ് വച്ചതായാണ് സൂചന. രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തല്‍, പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോള്‍, മണിപ്പൂര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി വി സഞ്ജയ് കുമാര്‍, പട്ന ഹൈക്കോടതി ജഡ്ജി അഹ്സനുദ്ദീന്‍ അമാനുള്ള, അലഹബാദ് ഹൈക്കോടതി ജഡ്ജി മനോജ് മിശ്ര എന്നിവരെയാണ് സുപ്രീം കോടതി ജഡ്ജിമാരായി നിയമിച്ചത്.

ഇതോടെ സുപ്രിം കോടതി ജഡ്ജി മാരുടെ എണ്ണം 32 ആയി വര്‍ധിക്കും. അഞ്ചുപേരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്താന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള കൊളീജിയം ഡിസംബര്‍ 13നു നിയമ മന്ത്രാലയത്തോട് ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, രണ്ടുമാസത്തോളമായിട്ടും സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നില്ല.

 

---- facebook comment plugin here -----

Latest