Connect with us

Kerala

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് കരാര്‍ മാരിടൈം വ്യവസായത്തില്‍ ചലനം സൃഷ്ടിക്കും

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ്, ദുബൈ ഡ്രൈഡോക്‌സ് വേള്‍ഡ്, സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ മാരിടൈം ആന്‍ഡ് ഷിപ്പ് ബില്‍ഡിംഗ് എന്നിവയാണ് ധാരണാപത്രം ഒപ്പിട്ടത്.

Published

|

Last Updated

ദുബൈ | പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ യു എ ഇ സന്ദര്‍ശത്തിനിടെ ഒപ്പുവെച്ച ത്രികക്ഷി ധാരണാപത്രം ആഗോള മാരിടൈം രംഗത്തും കേരളത്തിന്റെ വാണിജ്യ തൊഴില്‍ മേഖലയിലും വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് കണക്കാക്കുന്നു. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ്, ദുബൈ ഡ്രൈഡോക്‌സ് വേള്‍ഡ്, സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ മാരിടൈം ആന്‍ഡ് ഷിപ്പ് ബില്‍ഡിംഗ് എന്നിവയാണ് ധാരണാപത്രം ഒപ്പിട്ടത്. കപ്പല്‍ നിര്‍മാണ-അറ്റകുറ്റപ്പണി മേഖലയില്‍ അന്താരാഷ്ട്ര നിലവാരമുള്ള വിദഗ്ധ തൊഴിലാളികളെ വാര്‍ത്തെടുക്കാനും അവര്‍ക്ക് ആഗോളതലത്തില്‍ തൊഴില്‍ ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.

ഇന്ത്യയെ കപ്പല്‍ നിര്‍മാണ രംഗത്തെ ആഗോള ഹബ്ബാക്കി മാറ്റാന്‍ ഈ തന്ത്രപ്രധാന കരാര്‍ സഹായകമായേക്കും. അത്യാധുനിക കപ്പല്‍ നിര്‍മാണ, റിപ്പയറിംഗ് സാങ്കേതികവിദ്യകളില്‍ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് അന്താരാഷ്ട്ര പരിശീലനം ലഭിക്കാന്‍ ഇതിലൂടെ സാഹചര്യമൊരുങ്ങും. ആഗോള കപ്പല്‍ ചാലുകളിലെ പ്രമുഖ ഹബ്ബായി കൊച്ചി മാറാനും ഇത് സഹായിക്കും.

വാദിനാറില്‍ പുതിയ ഷിപ്പ് റിപ്പയര്‍ ക്ലസ്റ്റര്‍ ഇതിന്റെ ഭാഗമായി സ്ഥാപിക്കുന്നുണ്ട്. അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികള്‍ തങ്ങളുടെ കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി ഇന്ത്യയെയും യു എ ഇയിലെ ഇന്ത്യന്‍ പങ്കാളിത്തമുള്ള കേന്ദ്രങ്ങളെയും കൂടുതല്‍ ആശ്രയിക്കാനും ഇതിലൂടെ വഴിയൊരുങ്ങും. ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി പോലുള്ള വന്‍കിട പദ്ധതികള്‍ യാഥാര്‍ഥ്യമാകുന്ന പശ്ചാത്തലത്തില്‍, ഈ മാരിടൈം വൈദഗ്ധ്യം ഇരു രാജ്യങ്ങളുടെയും വ്യാപാര-വ്യവസായ മേഖലകള്‍ക്ക് ശക്തമായ അടിത്തറ പാകുമെന്നാണ് കരുതുന്നത്. ഉയര്‍ന്ന സാങ്കേതിക വൈദഗ്ധ്യമുള്ള തസ്തികകളില്‍ യു എ ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിരവധി തൊഴിലവസരങ്ങള്‍ ലഭ്യമാകാനും പദ്ധതി സഹായകമാകും.

 

Latest