Connect with us

Kerala

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കും: പ്രതിപക്ഷ നേതാവ്

വകുപ്പ് മന്ത്രിമാരെ ഇരുട്ടില്‍ നിര്‍ത്തിയാണ് മുഖ്യമന്ത്രി തീരുമാനങ്ങള്‍ എടുക്കുന്നതെന്നും പ്രതിപക്ഷ നേതാവ്

Published

|

Last Updated

തിരുവനന്തപുരം |  മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വകുപ്പ് മന്ത്രിമാരെ ഇരുട്ടില്‍ നിര്‍ത്തിയാണ് മുഖ്യമന്ത്രി തീരുമാനങ്ങള്‍ എടുക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്വന്തം വകുപ്പിലെ കാര്യങ്ങള്‍ അറിയാത്ത രണ്ട് മന്ത്രിമാര്‍ എന്തിനാണ് സ്ഥാനത്ത് തുടരുന്നതെന്നും അദ്ദേഹം ചോദിച്ചു. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങള്‍ പോലും സര്‍ക്കാരിന് ഇല്ല. മുല്ലപ്പെരിയാറിലെ മരം മുറി ബേബി ഡാം ശക്തിപ്പെടുത്താന്‍ ആണ്. അതിനു ശേഷം ജലനിരപ്പ് 152 അടിയാക്കാന്‍ ആണ് തമിഴ്‌നാടിന്റെ നീക്കം. മുഖ്യമന്ത്രി ഈ വിഷയത്തില്‍ മിണ്ടുന്നില്ല . വിഷയത്തില്‍ മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിപ്പിക്കുമെന്നും സതീശന്‍ പറഞ്ഞു.

10 വര്‍ഷം മുന്‍പ് അണക്കെട്ട് തകര്‍ന്നാല്‍ അഞ്ചു ജില്ലകളിലുള്ള ആളുകള്‍ അറബി കടലില്‍ ഒഴുകി നടക്കും എന്നാണ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞത്. അന്ന് എല്‍.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യ ചങ്ങലയുടെ ഒരറ്റത്ത് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയോട് ഒരു ചോദ്യം 10 വര്‍ഷം കഴിഞ്ഞപ്പോള്‍ ഈ ഡാം ശക്തിപ്പെട്ടോയെന്നും സതീശന്‍ ചോദിച്ചു.

മരം മുറിക്കാന്‍ അനുമതി നല്‍കിയതിലൂടെ കേരളത്തിന്റെ കേസ് ദുര്‍ബലമാക്കി. അനാസ്ഥയുടെ പരമോന്നതിയില്‍ ആണ് സര്‍ക്കാര്‍. രാത്രി ഷട്ടര്‍ തുറക്കാന്‍ പാടില്ല എന്ന നിബന്ധന തമിഴ്‌നാട് ലംഘിച്ചിട്ട് ഒന്നും ചെയ്തില്ല. എന്നിട്ട് കത്ത് എഴുതി എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേരളത്തില്‍ ചോദിക്കാനും പറയാനും ആരും ഇല്ലാത്തതിനാല്‍ തമിഴ്‌നാടിന് എപ്പോള്‍ വേണമെങ്കിലും ഷട്ടര്‍ തുറക്കാം എന്നതാണ് അവസ്ഥയെന്നും സതീശന്‍ പറഞ്ഞു

Latest