Connect with us

Uae

അരലക്ഷം വസതികൾക്ക് ശുദ്ധ ഊർജം; സോളാർ പാർക്കിന്റെ ആറാം ഘട്ട കരാറിൽ ദീവയും മസ്ദറും ഒപ്പുവച്ചു

കരാറിൽ ഒപ്പിടുന്നതിന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം സാക്ഷ്യം വഹിച്ചു.

Published

|

Last Updated

ദുബൈ | ദുബൈയിലെ അരലക്ഷം വസതികൾക്ക് ശുദ്ധമായ ഊർജം നൽകുന്നതിന് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം സോളാർ പാർക്കിന്റെ ആറാം ഘട്ടം നടപ്പാക്കുന്നതിനുള്ള കരാറിൽ ദുബൈ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി(ദീവ)യും പുനരുപയോഗ ഊർജ സ്ഥാപനമായ മസ്ദറും ഒപ്പുവച്ചു. കരാറിൽ ഒപ്പിടുന്നതിന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം സാക്ഷ്യം വഹിച്ചു.

5.5 ബില്യൺ ദിർഹം ചിലവിലുള്ള ആറാം ഘട്ടം, കാർബൺ പുറന്തള്ളൽ പ്രതിവർഷം 2.36 ദശലക്ഷം ടൺ കുറയ്ക്കുമെന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ് പറഞ്ഞു. 50 ബില്യൺ ദിർഹം മൊത്തം നിക്ഷേപമുള്ള ഈ ബൃഹത് പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും 2030ഓടെ പൂർത്തീകരിക്കുമെന്നും 2050-ഓടെ ദുബൈയിൽ 100 ശതമാനം ശുദ്ധമായ ഊർജം കൈവരിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ആറാം ഘട്ടത്തിൽ 1,800 മെഗാവാട്ട് അധികം വൈദ്യുതി ഉല്പാദിപ്പിക്കും. പാർക്കിലെ സൗരോർജ പദ്ധതികളുടെ നിലവിലെ മൊത്തം ഉൽപ്പാദന ശേഷി 2,427 മെഗാവാട്ടാണ്. ആറാം ഘട്ടം പൂർത്തിയാവുന്നതോടെ ഉൽപാദന ശേഷി 4,660 മെഗാവാട്ടായി ഉയരും.

മസ്ദർ ചെയർമാനും കോപ് 28 നിയുക്ത പ്രസിഡന്റുമായ വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രി ഡോ. സുൽത്താൻ അൽ ജാബറും ദീവ മാനേജിംഗ് ഡയറക്ടർ സഈദ് മുഹമ്മദ് അൽ തായറുമാണ് കരാറിൽ ഒപ്പിട്ടത്. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും ചടങ്ങിൽ സന്നിഹിതനായി.

Latest