Articles
ക്ലാസ് മുറിയിലെ നുഴഞ്ഞുകയറ്റം നിസ്സാരമായി കാണരുത്
ഇത്തരം കുറ്റകൃത്യം ചെയ്യുന്ന ഏതെങ്കിലും ഒരാളെ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പോലീസ് സംവിധാനത്തിനു കഴിഞ്ഞാല്‍ തീരാവുന്ന പ്രശ്‌നമേ ഉള്ളൂ എന്നാണ് സൈബര്‍ ഫോറന്‍സിക് കണ്‍സള്‍ട്ടന്റ് ഡോ. വിനോദ് ഭട്ടതിരിപ്പാട് | ഓൺലെെൻ ക്ലാസിലെ ഒളിഞ്ഞുനോട്ടങ്ങൾ പരമ്പര അവസനാ ഭാഗം

കോഴിക്കോട് | ഡിജിറ്റല്‍ ക്ലാസ് മുറിയില്‍ സാമൂഹിക വിരുദ്ധര്‍ നുഴഞ്ഞു കയറുന്നതിന്റെ വാര്‍ത്തകള്‍ ആവര്‍ത്തിക്കുകയാണ്. കോഴിക്കോട്ടെ മീഞ്ചന്ത ഗവ. ഹൈസ്‌കൂള്‍, വിശ്വവിദ്യാപീഠം ട്യൂഷന്‍ സെന്റര്‍ എന്നിവയുടെ ഓണ്‍ലൈന്‍ ക്ലാസിലാണ് ഏറ്റവും അവസാനം അജ്ഞാതര്‍ നുഴഞ്ഞുകയറിയത്. സ്‌കൂളിലെ കെമിസ്ട്രി ക്ലാസിനിടെ അജ്ഞാതന്‍ കടന്നു വന്നതോടെ ക്ലാസ് തടസ്സപ്പെട്ടു. സ്‌കൂള്‍, ട്യൂഷന്‍ സെന്റര്‍ അധികൃതരുടെ പരാതിയില്‍ പന്നിയങ്കര പോലീസ് കേസെടുത്തിയിരിക്കുകയാണ്.
ഇത്തരം കുറ്റകൃത്യം ചെയ്യുന്ന ഏതെങ്കിലും ഒരാളെ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പോലീസ് സംവിധാനത്തിനു കഴിഞ്ഞാല്‍ തീരാവുന്ന പ്രശ്‌നമേ ഉള്ളൂ എന്നാണ് സൈബര്‍ ഫോറന്‍സിക് കണ്‍സള്‍ട്ടന്റ് ഡോ. വിനോദ് ഭട്ടതിരിപ്പാട് പറയുന്നത്. ടോയ്‌ലറ്റ് സാഹിത്യങ്ങള്‍ കുറിക്കുന്ന മാനസികാവസ്ഥയുള്ളവരാണ് ഇത്തരത്തിലുള്ള കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത്. പലപ്പോഴും സമൂഹത്തില്‍ മാന്യന്‍മാരും പഞ്ചപാവങ്ങളും ഭീരുക്കളുമായിരിക്കും ഒളിഞ്ഞിരുന്ന് ഇത്തരം കര്‍മങ്ങള്‍ ചെയ്യുന്നത്. കര്‍ശനമായ നിയമ നടപടികള്‍ ഉണ്ടാവുമെന്നു തോന്നിയാല്‍ പിന്നെ ഇത്തരക്കാര്‍ സ്വയം കീഴടങ്ങുമെന്നുറപ്പാണെന്ന് അദ്ദേഹം പറയുന്നു.
ഡിജിറ്റല്‍ ക്ലാസ് മുറിയില്‍ നടക്കുന്ന കടന്നു കയറ്റത്തെ നിസ്സാരമായി കാണാന്‍ പാടില്ല. ഇത്തരം പരാതികള്‍ ലഭിച്ചാല്‍ പോലീസ് വേണ്ടത്ര ശുഷ്‌കാന്തിയോടെ അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്താന്‍ ശ്രമിക്കുന്നതായിക്കാണുന്നില്ല. യഥാര്‍ഥത്തില്‍ ഒരു ഡിജിറ്റല്‍ ക്ലാസ്മുറിയില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടാവുമ്പോള്‍ പലതരത്തിലുള്ള മാനസിക സമ്മര്‍ദ്ദങ്ങളാണ് ഉണ്ടാവുന്നത്. കുട്ടികളില്‍ ഒരാളോ അധ്യാപകനോ ലീങ്ക് മറ്റൊരാള്‍ക്കു നല്‍കാതെ ഇങ്ങനെ പുറത്തുള്ള ഒരാള്‍ക്കു ക്ലാസില്‍ കയറാനാവില്ലെന്ന തോന്നല്‍ സ്വാഭാവികമാണ്. അപ്പോള്‍ എല്ലാവരും സംശയിക്കപ്പെടുന്നു. തെറ്റു ചെയ്തില്ലെങ്കിലും എല്ലാവരും വിരല്‍ചൂണ്ടുന്ന ഒരാള്‍ പ്രതിയായി ചിത്രീകരിക്കപ്പെടും. ഇങ്ങനെ ഒരാള്‍ ഇരയാക്കപ്പെടുന്ന അപകടകരമായ സാഹചര്യം ഇത്തരം പ്രവൃത്തികള്‍ സൃഷ്ടിക്കുന്നു. ഇങ്ങനെയുള്ള സംഭവം ഉണ്ടാവുന്നതോടെ അധ്യാപകന്റെ പ്രതിച്ഛായയെ അതു ദോഷകരമായി ബാധിക്കുകയും അധ്യാപകന്റെ ആത്മവിശ്വാസം തകരുകയും ചെയ്യും.
പോലീസില്‍ ഇത്തരം പരാതി ലഭിച്ചാല്‍ അതിലെ പ്രതിയെ കണ്ടെത്താന്‍ മാര്‍ഗങ്ങളുണ്ട്. ഐ പി അഡ്രസ്സിലൂടെ പോസ്റ്റല്‍ അഡ്രസ്സിലേക്ക് എത്താന്‍ കഴിയും. പോലീസ് ഗൂഗിളിനു പരാതി നല്‍കി തെളിവുകള്‍ക്കായി കാത്തിരിക്കണം. ഈ നൂലാമാലകള്‍ ഓര്‍ത്താണ് പലരും അന്വേഷണത്തെ നിരുത്സാഹപ്പെടുത്തുന്നത്.
എന്നാല്‍ നേരത്തെ ഗൂഗിളിനു പരാതി നല്‍കിയാല്‍ മറുപടി ലഭിക്കാന്‍ ഉണ്ടായിരുന്ന കാലതാമസം ഇപ്പോഴില്ല. നേരത്തെ രണ്ടുമാസം വരെ എടുത്തിരുന്ന കാലതാമസം ഇപ്പോള്‍ രണ്ടോ മൂന്നോ ആഴ്ചയിലേക്കു ചുരുങ്ങിയിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങളിലെ ഇത്തരം നിയമ വിരുദ്ധ ഇടപെടലുകള്‍ക്കെതിരെ പരാതി നല്‍കിയാല്‍ മറുപടി നല്‍കാന്‍ ബാധ്യതപ്പെട്ട ഒരു പ്രതിനിധിയെ ഇന്ത്യയില്‍ നിയോഗിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വച്ചപ്പോള്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നെങ്കിലും ഇപ്പോള്‍ അതിന്റെ യഥാര്‍ഥ ഫലം ലഭ്യമായി തുടങ്ങിയിട്ടുണ്ട്. സൈബര്‍ പരാതികള്‍ക്ക് സമയ ബന്ധിതമായി മറുപടി നല്‍കാന്‍ ബാധ്യതപ്പെട്ട ഉദ്യോഗസ്ഥരെ നിയമിച്ചതിന്റെ പ്രതിഫലനം സൈബര്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തില്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. പരാതി നല്‍കിയാല്‍ 24 മണിക്കൂറിനുള്ളില്‍ പരാതിയോടു പ്രതികരിക്കാന്‍ സംവിധാനമുണ്ടായിക്കഴിഞ്ഞു.
പുതിയ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ ക്ലാസ് മുറിയില്‍ നുഴഞ്ഞു കയറുന്നതുപോലുള്ള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളെ ഫലപ്രദമായി നേരിടാന്‍ വ്യവസ്ഥാപിത മാര്‍ഗങ്ങള്‍ ഉണ്ടായിക്കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.