Connect with us

cholera

മലപ്പുറത്ത് രണ്ട് പേര്‍ക്ക് കോളറ; എട്ട് പേര്‍ ചികിത്സയില്‍

ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

Published

|

Last Updated

നിലമ്പൂര്‍ | മലപ്പുറം വഴിക്കടവ് പഞ്ചായത്തില്‍ രണ്ട് പേർക്ക് കോളറ സ്ഥിരീകരിച്ചു. എട്ട് പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍ രേണുക ആര്‍ അറിയിച്ചു. സമാന രോഗലക്ഷണങ്ങളുമായി 14 പേര്‍ കൂടി ചികിത്സ തേടിയിട്ടുണ്ട്.

വഴിക്കടവ് ടൗണിലൂടെ ഒഴുകുന്ന കാരക്കോടം പുഴയില്‍ സ്ഥിതി ചെയ്യുന്ന പമ്പിംഗ് സ്റ്റേഷനില്‍ നിന്നും വരുന്ന ജലനിധിയുടെ വെള്ളവും മറ്റു കിണറുകളിലെ വെള്ളവും ഉപയോഗിക്കുന്നവര്‍ക്കാണ് നിലവില്‍ രോഗലക്ഷണങ്ങള്‍ കണ്ടത്. ഇതേ പുഴയിലേക്ക് സമീപത്തുള്ള നിരവധി ഹോട്ടലുകളില്‍ നിന്നുള്ള മലിനജലം ഒഴുക്കിവിടുന്നുണ്ട്. പുഴകളില്‍ വെള്ളം വളരെ കുറഞ്ഞ ഈ സമയത്ത് മലിനജലം കൂടുതല്‍ വെള്ളത്തിലേക്ക് കലരുന്നതിനും പുഴയിലെ വെള്ളം മുഴുവന്‍ മലിനമാകുന്നതിന് കാരണമാവുകയും ചെയ്തിട്ടുണ്ട്.

പഞ്ചായത്ത് തല ദ്രുത കര്‍മ സേന അടിയന്തരമായി യോഗം ചേരുകയും മുന്നറിയിപ്പ് നടത്തുന്നതിന് വേണ്ടിയിട്ടുള്ള പഞ്ചായത്തിലും പരിസരപ്രദേശങ്ങളിലും ടൗണുകളിലും ലൌഡ്സ്പീക്കർ അനൗണ്‍സ്‌മെന്റ് നടത്തുന്നുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുകയുടെ നേതൃത്വത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും വിദഗ്ധ സംഘം സ്ഥലം സന്ദര്‍ശിച്ച് പ്രതിരോധ നടപടികള്‍ വിലയിരുത്തുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. മലിനജലം തുറന്നുവിട്ട ഹോട്ടലുകള്‍ അടപ്പിക്കുകയും നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

ജില്ലാ വികസന കമ്മീഷണര്‍ രാജീവ് കുമാര്‍ ചൗധരിയുടെ നേതൃത്വത്തില്‍ ജില്ലാതല ആര്‍ ആര്‍ടി യോഗം ചേരുകയും കോളറ വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികള്‍ ശക്തമാക്കുകയും ചെയ്തു. യോഗത്തില്‍ ആരോഗ്യവകുപ്പിലെയും മറ്റു വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

എന്താണ് കോളറ

തുടര്‍ച്ചയായി മലം കഞ്ഞിവെള്ളം പോലെ പോകുന്ന അവസ്ഥയാണ് കോളറ. ഛര്‍ദ്ദിയും കാണപ്പെടും. കൂടാതെ മഞ്ഞപ്പിത്തം, വയറിളക്കം പോലെയുള്ള ജലജന്യ രോഗങ്ങള്‍ക്കെതിരെയും ജാഗ്രത പാലിക്കണം. ശുദ്ധജലത്തോടൊപ്പം മലിനജലം കലരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശുദ്ധമായ ജലം മാത്രം കുടിക്കുക എന്നതാണ് വയറിളക്ക രോഗങ്ങളെ പ്രതിരോധിക്കുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം. ഫലപ്രദമായ കൈ കഴുകല്‍ ജലജന്യ രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്നതാണ്.

പാനീയ ചികിത്സ ഏറെ ഫലപ്രദം

90 ശതമാനം വയറിളക്ക രോഗങ്ങളും വീട്ടില്‍ നല്‍കുന്ന പാനീയ ചികിത്സ കൊണ്ട് ഭേദമാക്കാന്‍ കഴിയും. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങാ വെള്ളം, ഉപ്പിട്ട മോരും വെള്ളം തുടങ്ങിയ ഗൃഹപാനീയങ്ങള്‍ പാനീയ ചികിത്സക്ക് ഉപയോഗിക്കാം. ഛര്‍ദിച്ചോ വയറിളകിയോ പോയാലും വീണ്ടും പാനീയം നല്‍കേണ്ടതാണ്.

മറക്കല്ലേ, ഒ ആര്‍ എസ് ലായനി

ജലാംശ ലവണാംശ നഷ്ടം പരിഹരിക്കാന്‍ ഡോക്ടറുടെയോ ആരോഗ്യ പ്രവര്‍ത്തകരുടേയോ നിര്‍ദേശാനുസരണം കൃത്യമായ അളവിലും ഇടവേളകളിലും ഒ ആര്‍ എസ് ലായനി കൊടുക്കേണ്ടതാണ്. രോഗിക്ക് ഛര്‍ദ്ദി ഉണ്ടെങ്കില്‍ അല്‍പാല്‍പമായി ഒ ആര്‍ എസ് ലായനി നല്‍കണം. അതോടൊപ്പം എളുപ്പം ദഹിക്കുന്ന ആഹാരങ്ങളായ കഞ്ഞി, പുഴുങ്ങിയ ഏത്തപ്പഴം എന്നിവയും നല്‍കേണ്ടതാണ്.

പ്രതിരോധ മാര്‍ഗങ്ങള്‍

തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്താതിരിക്കുക. കൈകള്‍ ആഹാരത്തിന് മുമ്പും ശുചിമുറിയില്‍ പോയതിന് ശേഷവും സോപ്പുപയോഗിച്ച് നന്നായി കഴുകുക. കുടിവെള്ള സ്രോതസ്സുകള്‍, കിണര്‍, വെള്ളം ശേഖരിച്ചു വെച്ചിരിക്കുന്ന ടാങ്കുകള്‍ തുടങ്ങിയവ ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക.

---- facebook comment plugin here -----

Latest