Connect with us

International

ലോക്ഡൗണില്‍ ശ്വാസം മുട്ടി ചൈനീസ് നഗരം; കൊവിഡ് കുതിക്കുന്നു

ഷാങ്ഹായില്‍ കൊവിഡ് കേസുകള്‍ അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഒമിക്‌റോണിന്റെ ബിഎ.2 പതിപ്പ് ചൈനയില്‍ ഇനിയും വര്‍ധിക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു

Published

|

Last Updated

ബീജിംഗ് | കൊവിഡ് വകഭേദമായ ഒമിക്രോണിന്റെ സബ് വേരിയന്റ് ബിഎ-2 വ്യാപനത്തെ തുടര്‍ന്ന് ചൈനീസ് നഗരമായ ഷാംഗ്ഹായില്‍ ഏര്‍പെടുത്തിയ ലോക്ഡൗണ്‍ ആറാം ദിനത്തിലേക്ക് കടന്നതോടെ ദുരിതത്തിലായി ജനങ്ങള്‍. സീറോ കൊവിഡ് നയത്തിന്റെ ഭാഗമായി ഏപ്രില്‍ അഞ്ചിനാണ് ഇവിടെ കര്‍ശനമായ ലോക്ഡൗണ്‍ ഏര്‍പെടുത്തിയത്. ഇതോടെ 26 കോടി ജനങ്ങള്‍ വീടുകളില്‍ തളക്കപ്പെട്ടു.

കര്‍ശനമായ കൊവിഡ് ലോക്ക്ഡൗണില്‍ ദുരിതത്തിലായതോടെ ജനങ്ങള്‍ രോഷാകുലരായി അലമുറയിടുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതില്‍ ആളുകള്‍ അവരുടെ അപ്പാര്‍ട്ടുമെന്റുകളില്‍ നിന്ന് നിലവിളിക്കുന്നത് കേള്‍ക്കാം. പ്രാദേശിക ഉദ്യോഗസ്ഥരുമായി ആളുകള്‍ വഴക്കിടുന്ന വീഡിയോകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്നുണ്ട്. ഇത്രയും കര്‍ശനമായ ലോക്ക്ഡൗണ്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് ജനങ്ങള്‍ പറയുന്നത്.

അമേരിക്കയില്‍ നിന്നുള്ള പ്രശസ്ത ആരോഗ്യ ശാസ്ത്രജ്ഞനായ എറിക് ഫീഗല്‍ഡിംഗ് ഷാങ്ഹായില്‍ നിന്നുള്ള ചില വീഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചൈനയിലെ ജനങ്ങള്‍ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പ്രാദേശിക ഭാഷയായ ഷാങ്ഹായില്‍ ആക്രോശിക്കുന്നതായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഷാങ്ഹായില്‍ കൊവിഡ് കേസുകള്‍ അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ഒമിക്‌റോണിന്റെ ബിഎ.2 പതിപ്പ് ചൈനയില്‍ ഇനിയും വര്‍ധിക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഭക്ഷ്യവസ്തുക്കളുടെ ദൗര്‍ലഭ്യത്താല്‍ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. വീടുകളില്‍ തടവിലാക്കപ്പെട്ട ആളുകള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ പോലും ലഭിക്കുന്നില്ല.

ഷാങ്ഹായിലെ തെരുവുകളില്‍ സാധാരണ പൗരന്മാര്‍ക്ക് പുറത്തിറങ്ങുന്നതിന് പൂര്‍ണ്ണമായ നിരോധനമുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സാധനങ്ങള്‍ വിതരണം ചെയ്യുന്നവര്‍, പ്രത്യേക അനുമതിയുള്ളവര്‍ എന്നിവര്‍ക്ക് മാത്രമേ തെരുവില്‍ ഇറങ്ങാന്‍ അനുവാദമുള്ളൂ.

ഷാങ്ഹായില്‍ ഞായറാഴ്ച 25,000 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2019 ല്‍ വുഹാനില്‍ നിന്ന് കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം, ചൈന എക്കാലത്തെയും അപകടകരമായ കൊവിഡ് പ്രതിസന്ധിയെയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്.

 

Latest