Kerala
കേരളത്തില്‍ വര്‍ഗീയ ലഹള ഇല്ലാതിരിക്കുന്നതിന് കാരണം പോലീസ് ഇടപെടലെന്ന് മുഖ്യമന്ത്രി; നടക്കുന്നത് ഗുണ്ടകളുടെ സമ്മേളനമെന്ന് പ്രതിപക്ഷം
എം ഷംസുദ്ദീന്‍ എംഎല്‍എയാണ് പോലീസ് അതിക്രവും വീഴ്ചയും ഉന്നയിച്ച് പ്രമേയം കൊണ്ടുവന്നത്
		
      																					
              
              
            തിരുവനന്തപുരം | സംസ്ഥാന പോലീസിനെതിരെ നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതിന് പിന്നാലെ യുഡിഎഫ് അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. എം ഷംസുദ്ദീന്‍ എംഎല്‍എയാണ് പോലീസ് അതിക്രവും വീഴ്ചയും ഉന്നയിച്ച് പ്രമേയം കൊണ്ടുവന്നത്. നെന്മാറയില്‍ കൊലക്കേസ് പ്രതി ചെന്താമര ജാമ്യത്തില്‍ ഇറങ്ങി നടത്തിയ കൊലയടക്കം പോലീസ് വീഴ്ചയെന്നാണ് ഷംസുദ്ദീന്‍ ആരോപിച്ചത്.
അതേ സമയം മറുപടിയുമായി എഴുന്നേറ്റ മുഖ്യമന്ത്രി ചെന്താമരയ്ക്ക് ജാമ്യവസ്ഥയില്‍ ഇളവ് നല്‍കുന്നതിനെ പോലീസ് കോടതിയില്‍ എതിര്‍ത്തിരുന്നുവെന്നും പ്രതി ജാമ്യ വ്യവസ്ഥ ലംഘിച്ചതിനു പോലീസ് താക്കീത് ചെയ്തിരുന്നുവെന്നും വ്യക്തമാക്കി. നടപടിയില്‍ വീഴ്ച വരുത്തിയ പോലീസ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പത്തനം തിട്ടയില്‍ വിവാഹ സംഘത്തെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ നടപടി എടുത്തു. പോലീസുകാര്‍ക്കെതിരെ കേസ് എടുത്തു. ചെറിയ വീഴ്ചകളെ പൊതുവല്‍ക്കരിച്ച് പോലീസിനെതിരെ പ്രചരിപ്പിക്കുന്നത് ശരിയല്ല. സഭ നിര്‍ത്തി ചര്‍ച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
അതേ സമയം ക്രമസമാധാന നില ഇത്ര മോശമായ സാഹചര്യം ഇത് വരെ ഉണ്ടായിട്ടില്ലെന്ന് ഷംസുദ്ദീന്‍ ആരോപിച്ചു. ചെന്താമരയ്ക്ക് നെന്മാറ പഞ്ചായത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിട്ടില്ല. എന്നിട്ടും ഒന്നര മാസം പ്രതി നെന്മാറയില്‍ ജീവിച്ചു. നെന്മാറ സംഭവത്തിന് കാരണം പോലീസ് വീഴ്ചയാണ്. അച്ഛനും അമ്മയും നഷ്ടപ്പെട്ട ആ കുട്ടികളെ സര്‍ക്കാര്‍ ഏറ്റെടുക്കണം. പത്തനംതിട്ടയിലെ പോലീസ് അതിക്രമത്തിനെതിരെ കുടുംബം നല്‍കിയ പരാതിയില്‍ പോലീസ് ഒരു നടപടിയും എടുത്തില്ല. ഗുണ്ടകളും പോലീസും തമ്മിലുള്ള ബന്ധം ശക്തമാണ്. ബോംബെ അധോലോകത്തെ കേരളത്തിലേക്ക് പറിച്ചു നടുന്നു. ഗുണ്ടകള്‍ നടത്തുന്ന ലഹരി പാര്‍ട്ടിയില്‍ പോലീസ് ഡിവൈഎസ്പി മുഖ്യാതിഥിയാകുന്നു. തുമ്പ പോലീസ് ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങിയെന്നും ഷംസുദ്ദീന്‍ ആരോപിച്ചു.
ചെന്താമര കൂടുതല്‍ കുറ്റം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് പരാതി ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തിട്ടുണ്ട്. ചെന്താമരക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.പത്തനംതിട്ടയിലും കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. സംഭവത്തെ ന്യായീകരിക്കാന്‍ ഒരു ഘട്ടത്തിലും തയ്യാറായിട്ടില്ല. തെറ്റ് ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. ഏതു ഉദ്യോഗസ്ഥനായാലും നടപടി ഉണ്ടാകും. ഈ സംഭവത്തിന്റെ പേരില്‍ പോലീസിന് ആകെ വെളിവില്ലാതായി എന്ന പ്രചരിപ്പിക്കരുത്. ഡിവൈഎസ്പി മദ്യപിച്ചു വണ്ടി ഓടിച്ചാല്‍ പൊലീസുകാര്‍ ആകെ മദ്യപന്മാരെന്ന് എങ്ങിനെ പറയും. കേരളത്തില്‍ വര്‍ഗീയ ലഹള ഇല്ലാതിരിക്കാന്‍ കാരണം പോലീസ് ഇടപെടലാണ്. ജനകീയ സേന എന്ന പേര് പോലീസ് അന്വര്‍ത്ഥമാക്കുന്നു. കൂടത്തായി കേസും ഉത്ര കേസും ഓയൂര്‍ കേസും ഷാരോണ്‍ വധക്കേസും അടക്കം സര്‍ക്കാര്‍ എന്നും ഇരയോടൊപ്പമെന്ന കാര്യം തെളിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗുണ്ടകളുടെ സമ്മേളനങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്ന് വി ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞു എല്ലാ സ്ഥലങ്ങളിലും ഗുണ്ടകളുടെ യോഗമാണ്. ഗുണ്ടകള്‍ യോഗം കൂടി ബര്‍ത്ത് ഡേ പാര്‍ട്ടി നടത്തുന്നു. കാപ്പ കേസിലെ പ്രതിയെ മാല ഇട്ട് സ്വീകരിച്ചത് ആരോഗ്യ മന്ത്രിയാണ്. നെന്മാറയില്‍ പോലീസിന്റേത് അനാസ്ഥയാണെന്നും വിഡി സതീശന്‍ പറഞ്ഞു

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

